കേരള ലോട്ടറിയെ സേവന നികുതിയിൽ നിന്ന് ഒഴിവാക്കണം: കോടിയേരി  

0

സംസ്ഥാന സർക്കാരുകൾ നേരിട്ട് നടത്തുന്ന ലോട്ടറിയെ പൂർണമായി സേവന നികുതിയിൽനിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാഗ്യക്കുറി സംരക്ഷണ സമിതി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ലോട്ടറിയെ പൂർണമായി സേവനനികുതിയിൽനിന്ന് ഒഴിവാക്കണം. അന്യസംസ്ഥാന ലോട്ടറികൾ കടന്നുവരുന്നത് സംസ്ഥാന ലോട്ടറിക്ക് തിരിച്ചടിയാണ്. അന്യസംസ്ഥാന ലോട്ടറിക്ക് പിന്നിൽ മാഫിയ പ്രവർത്തനമാണ് നടക്കുന്നത്. ജിഎസ്ടി നടപ്പാക്കുന്നതോടെ കേരള പേപ്പർ ലോട്ടറി നികുതി നിയമം ഇല്ലാതാകും. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമപ്രകാരം നടപടി എടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. ജിഎസ്ടി ലോട്ടറിക്ക് ബാധകമാക്കിയാൽ അയൽസംസ്ഥാന ലോട്ടറി ചൂതാട്ടം വീണ്ടും കടന്നുവരും. സർക്കാർ ലോട്ടറിക്കും സേവനനികുതി അടയ്‌ക്കേണ്ടിയും വരും. സേവനനികുതി വിഷയത്തിൽ തൊഴിലാളികളുടെ ശക്തമായ സമരം ഉയരണം. കേരളത്തിൽനിന്നുള്ള എംപിമാർ വിഷയം പാർലമെന്റിൽ ഉയർത്തണം. ജിഎസ്ടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. അന്യസംസ്ഥാന ലോബികൾ ലോട്ടറിമേഖലയിലേക്ക് കടന്നുവന്നാലുള്ള ആപത്ത് മുന്നിൽകണ്ട് ധനവകുപ്പ് ആവശ്യമായ നടപടികൾ കൈക്കൊള്ളണം. ആകർഷകമായ രീതിയിൽ കേരള ലോട്ടറി പുനഃസംഘടിപ്പിക്കണം. ട്രേഡ് യൂണിയനുകൾ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾകൂടി പരിഗണിച്ച് കേരള ലോട്ടറിയെ ആകർഷകമാക്കണം. ലോട്ടറിത്തൊഴിലാളികളുടെ കണ്ണീര് വീഴാത്ത സ്ഥലമായി കേരളത്തെ മാറ്റാൻ കൂട്ടായ മുന്നേറ്റം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.