ആറന്മുള അരി സുഗതകുമാരിക്ക് മന്ത്രി സമ്മാനിച്ചു  

0

ആറന്മുള പാടശേഖരത്തില്‍ കൃഷിചെയ്ത് വിളവെടുത്ത് തയ്യാറാക്കിയ അരി മന്ത്രി വി.എസ്. സുനില്‍കുമാര്‍ സുഗതകുമാരിക്ക് വസതിയിലെത്തി സമ്മാനിച്ചു. ഇതുവരെ ലഭിച്ചതില്‍വച്ച് ഏറ്റവും മികച്ച സമ്മാനമായി ഇതിനെ കാണുന്നുവെന്ന് സുഗതകുമാരി മന്ത്രിയോട് പറഞ്ഞു. ആറന്മുളയില്‍ തരിശുകിടന്ന 440 ഏക്കര്‍ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയതെന്ന് മന്ത്രി അറിയിച്ചു. 

നല്ല വിളവ് ലഭിക്കുകയും ചെയ്തു. ലഭിച്ച നെല്ല് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ അരിയാക്കി ആറന്മുളയില്‍ത്തന്നെ വിപണനം ചെയ്യുകയാണ് ലക്ഷ്യം. ആറന്മുള വള്ളസദ്യക്കും അഷ്ടമിരോഹിണി സദ്യക്കും 2000 കിലോ അരി നല്‍കും. ബാക്കിയുള്ള അരി വിപണനം ചെയ്യാന്‍ ആറന്മുളയില്‍ അരിക്കട തുടങ്ങും. മാര്‍ക്കറ്റില്‍ 90 രൂപ വിലയുള്ള ജൈവ അരി അരിക്കടയില്‍ അറുപത് രൂപയ്ക്ക് വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കര്‍ഷകന് മികച്ച ലാഭം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആറന്‍മുളയില്‍ വിളവെടുത്ത നെല്‍ക്കതിരുകള്‍ ഉപയോഗിച്ചുണ്ടാക്കിയ കതിര്‍ക്കുലയും മന്ത്രി സുഗതകുമാരിക്കു നല്‍കി. കഴിയുന്നത്രയും സ്ഥലത്ത് ഇനിയും കൃഷി ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സുഗതകുമാരി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.