'മനസ്തുറന്ന്' സാമാജികരും മാധ്യമപ്രവര്‍ത്തകരും

'മനസ്തുറന്ന്' സാമാജികരും മാധ്യമപ്രവര്‍ത്തകരും

Thursday March 02, 2017,

2 min Read

മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമസഭാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അറിവ് പകരുന്നവിധം ഇന്റര്‍ ഡിസിപ്ലിനറി ശില്‍പശാല സംഘടിപ്പിക്കാന്‍ നിയമസഭ മുന്‍കൈയെടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. സ്വദേശാഭിമാനി-കേസരി പുരസ്‌കാരസമര്‍പ്പണ ചടങ്ങുകളോടനുബന്ധിച്ച് നിയമസഭാ സാമാജികരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത് ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിച്ച 'മനസുതുറക്കല്‍' ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

image


നിയമസഭാ നടപടികളും പ്രസംഗങ്ങളും കൂടുതല്‍ ജനങ്ങളില്‍ എത്തിക്കാന്‍ ദ്വൈവാരിക ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. മാധ്യമങ്ങള്‍ക്കൊപ്പം നിയമസഭയിലെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കാന്‍ നവമാധ്യമങ്ങളുടെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കാനും സാമാജികരും ശ്രദ്ധിക്കണം. സമൂഹത്തെ പുനസംഘടിപ്പിക്കാന്‍ ഏറ്റവും ശക്തിയുള്ള വിഭാഗമാണ് മാധ്യമങ്ങള്‍. കാലം മാറിയതനുസരിച്ച് മാധ്യമങ്ങളുടെയും മാധ്യമ ഉടമസ്ഥതയുടേയും രീതികള്‍ മാറിയിട്ടുണ്ടെങ്കിലും ഏറ്റവും സ്വാധീനം ചെലുത്താവുന്ന വിഭാഗങ്ങളാണവര്‍. വികസന പത്രപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ ഇടപെടാനവര്‍ക്കാവും. ജനപ്രതിനിധികളും മാധ്യമങ്ങളും പരസ്പരപൂരകങ്ങളാകണം. ഇരുവിഭാഗങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും വേദനകളുമാണ് പ്രതിഫലിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സാമാജികരുടെ പ്രസംഗങ്ങളില്‍ മുന്‍കാലത്തെക്കാള്‍ ആഴം കുറഞ്ഞിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ പൊതുഅഭിപ്രായമുയര്‍ന്നു. അതോടൊപ്പംനിയമസഭാ റിപ്പോര്‍ട്ടിംഗില്‍ പത്രങ്ങളില്‍ ലഭിച്ചിരുന്ന സ്ഥാനത്തിനും കുറവുണ്ടായി. വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചവതരിപ്പിക്കുമ്പോഴും മാധ്യമങ്ങളില്‍ അക്കാര്യം പരാമര്‍ശിക്കുകപോലും ചെയ്യാത്ത സാഹചര്യമുണ്ടെന്ന് സാമാജികര്‍ പൊതുവായി ചൂണ്ടിക്കാട്ടി. അതേസമയം, തമാശ രൂപേണയുള്ള പരാമര്‍ശങ്ങള്‍ പെട്ടിക്കോളങ്ങളായി അനര്‍ഹമായ പ്രാധാന്യം നേടിയെടുക്കുന്ന അവസ്ഥയുമുണ്ട്. നിയമസഭാറിപ്പോര്‍ട്ടിംഗിന് അര്‍ഹമായ ഗൗരവം മാധ്യമങ്ങളില്‍ ലഭിച്ചാല്‍ സാമാജികരിലും ഗുണപരമായ മാറ്റമുണ്ടാകുമെന്ന് അഭിപ്രായമുയര്‍ന്നു. എന്നാല്‍, കാലത്തിന്റെ മാറ്റത്തിനനുസരിച്ച് റിപ്പോര്‍ട്ടിംഗ് ശൈലിയിലും മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് സംവാദത്തില്‍ പങ്കെടുത്ത മാധ്യമപ്രതിനിധികള്‍ പൊതുവില്‍ ചൂണ്ടിക്കാട്ടി. നിയമസഭാവലോകനങ്ങളില്‍ പൊതുവില്‍ ആക്ഷേപഹാസ്യശൈലി സ്വീകരിക്കുന്നതായും സാമാജികര്‍ ചൂണ്ടിക്കാട്ടി. കളിയാക്കാനുള്ള വിഷയമായാലും അല്ലെങ്കിലും ഒരേ ശൈലി പിന്തുടരുന്നത് അനുചിതമാണെന്നും അഭിപ്രായമുയര്‍ന്നു. മാധ്യമങ്ങളുടെ കണ്ണുകള്‍ക്ക് കീഴിലാണ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങളെന്നും ഓരോ നിമിഷവും പുതുവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടാനുള്ള കാലമാണിതെന്നും ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരും സാമാജികരും പൊതുവില്‍ ഇരുവിഭാഗങ്ങളും സമ്മതിച്ചു. നിയമസഭയില്‍ എന്തുനടക്കുന്നു എന്ന് പണ്ടുകാലത്ത് സമഗ്രമായി അറിയാനാകുമായിരുന്നു. ഇക്കാലമത് സാധിക്കുന്നില്ലെന്ന് സ്വയം വിമര്‍ശനപരമായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വായനക്കാരുടെ താത്പര്യം മാത്രം കണക്കിലെടുത്ത് ഒഴുക്കിനൊപ്പം നീന്തിയാല്‍ മതിയോ എന്ന് പൊതുവില്‍ മാധ്യമങ്ങള്‍ ചിന്തിക്കണമെന്ന് അഭിപ്രായമുയര്‍ന്നു. സ്വയംവിമര്‍ശനപരമായി ഇരുവിഭാഗങ്ങളും സ്വന്തം കടമകള്‍ കൂടുതല്‍ നിറവേറ്റാന്‍ ശ്രമിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായസമന്വയമുണ്ടായി. പ്രസംഗങ്ങളും മുഖപ്രസംഗങ്ങളും പരമ്പരകളായി വന്നിരുന്ന പഴയകാലമല്ല, ഇന്നെന്നും പരമാവധി ദൈര്‍ഘ്യം കുറഞ്ഞ വാര്‍ത്തകള്‍ക്കണ് ഇന്ന് വായനാക്ഷമതയെന്നും ചര്‍ച്ചയുടെ അവസാനം മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. നിയമസഭാ അവലോകനങ്ങള്‍ക്ക് പലപ്പോഴും പഴയ നിലവാരം നിലനിര്‍ത്താനാകുന്നില്ലെന്നും നിലവാരം കുറഞ്ഞ പരിഹാസങ്ങള്‍ വരുന്നുണ്ടെങ്കില്‍ പുനരാലോചന വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭാ സാമാജികരായ വി.ഡി. സതീശന്‍, കെ. സുരേഷ് കുറുപ്പ്, കെ.എം. ഷാജി, പി.ടി. തോമസ്, എം. സ്വരാജ്, വീണാ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ജോണ്‍ മുണ്ടക്കയം, പി.എം. മനോജ്, സണ്ണിക്കുട്ടി എബ്രഹാം, ജേക്കബ് ജോര്‍ജ്, പി.പി. ജെയിംസ്, എന്‍.പി. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. എസ്.ആര്‍. ശക്തിധരന്‍, എം.ജി രാധാകൃഷ്ണന്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു എന്നിവര്‍ പാനല്‍ അംഗങ്ങളായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള മോഡറേറ്ററായി.