കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി

0

കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റുന്നതിന് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അക്കാദമിക് മാസ്റ്റര്‍ പ്ലാനില്‍ ലബോറട്ടറി, ലൈബ്രറി, റിസേര്‍ച്ച് സെന്റ്‌റുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായിരിക്കും പ്രമുഖ്യം നല്കുക. ഓരോ ഡിപ്പാര്‍ട്ടുമെന്റും ഡിപ്പാര്‍ട്ടുമെന്റ് തല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും മന്ത്രി അറിയിച്ചു. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്നതവിദ്യാഭ്യാസ രംഗത്തെ അക്കാദമികവും ഭൗതികവുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചിട്ടയായ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനും, അക്കാദമിക തലത്തില്‍ മികവും ഉണര്‍വ്വും സംജാതമാക്കുന്നതിനും വേണ്ടി വിളിച്ചു ചേര്‍ത്ത സര്‍ക്കാര്‍/എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

നാക്ക് (NAAC) അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ലാത്ത കോളേജുകളെ നാക്ക് അക്രഡിറ്റേഷന്‍ ലഭ്യമാകുന്നതിനും അക്രഡിറ്റേഷന്‍ ലഭിച്ചവയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളുന്നതിനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ കോളേജുകള്‍ക്കും എട്ടര കോടി രൂപ വിവിധ വികസന പരിപാടികള്‍ക്കായി ഇതിനകം അനുവദിച്ചുനല്കിയിട്ടുണ്ട്. കോളേജുകളുടെ അക്കാദമിക ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ത്തുന്നതിന് കിഫ്ബി വഴി പണം അനുവദിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളും. എല്ലാ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും പി.ടി. എ രൂപീകരിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. എല്ലാ അക്കാദമിക് വര്‍ഷം തുടങ്ങുന്നതോടൊപ്പവും, ഓരോ സെമസ്റ്റര്‍ ആരംഭിക്കുന്നതിന് മുന്നോടിയായും പി.ടി.എകള്‍ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി. ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിനും വിമുക്തി മിഷന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചു. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ പങ്കാളിത്തവും ഈ കാര്യത്തില്‍ തേടുന്നതിനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. എല്ലാ കോളേജുകളും റാഗിങ് വിമുക്തമാക്കത്തക്കവണ്ണം ആന്റീറാഗിങ് നടപടികള്‍ കര്‍ശമായി പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി.