സറിയ; നിഷയുടെ വേറിട്ട ഫാഷന്‍ കാഴ്ചകള്‍

0

വിള നശിച്ചതിനാലും കടബാധ്യതകള്‍കൊണ്ടും പൊറുതിമുട്ടി സ്വയം മരണത്തിന് കീഴടങ്ങിയ കര്‍ഷകന്റെ മകന്‍ മികച്ച രീതിയില്‍ അതേ സംരംഭം മുന്നോട്ടുകൊണ്ടുപോകുന്ന കാഴ്ച കാണാനിടയായതാണ് നിഷയുടേയും ജീവിതത്തെ മാറ്റി മറിച്ചത്. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ പണം കൊടുത്ത് വാങ്ങുന്നതല്ലാതെ അതിനു പിന്നില്‍ അധ്വാനിക്കുന്നവരെക്കുറിച്ച് നാം ചിന്തിക്കാറില്ല. പരുത്തി കൃഷി ചെയ്യുന്ന കര്‍ഷകര്‍ മുതല്‍ ഇതിനു പിന്നില്‍ വിയര്‍പ്പൊഴുക്കുന്നുണ്ട്. ഇത്തരത്തില്‍ കഷ്ടപ്പാടുകളിലൂടെ നൂല്‍നൂല്‍പ്പ് യൂനിറ്റ് പ്രവര്‍ത്തിപ്പിച്ചിരുന്ന വൃദ്ധനാണ് കടബാധ്യത താങ്ങാതെ ജീവനൊടുക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ച് ഇതേ സംരംഭത്തില്‍ നിന്നും ലാഭമുണ്ടാക്കി. പലതരം ഇടനിലക്കാരുടെ കൈമറിയുന്ന വസ്ത്ര വ്യവസായത്തില്‍ പാവപ്പെട്ട കര്‍ഷകന് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. ഇത് പലപ്പോഴും അവന് ജീവിതം മുന്നോട്ട് നയിക്കാന്‍ പര്യാപ്തമായിരുന്നില്ല. ഫാഷന്‍ ഡിസൈനിംഗില്‍ പേരെടുക്കുന്നതിനൊപ്പം വസ്ത്ര വിപണിയുടെ അടിത്തട്ടിലുള്ള ഇത്തരം ആളുകളെക്കൂടി സഹായിക്കുക എന്ന നിഷ നടരാജന്റെ ആഗ്രഹവും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

യാദൃശ്ചികമായി സുഹൃത്തിന്റെ വിവാഹ വസ്ത്രം തയ്യാറാക്കുന്നതിന് അവസരം ലഭിച്ചപ്പോഴാണ് തന്റെയുള്ളില്‍ താനറിയാതെ കിടക്കുന്ന ഫാഷന്‍ ഡിസൈനറിന്റെ കഴിവുകള്‍ മനസിലാക്കാന്‍ നിഷക്ക് സാധിച്ചത്. പഠിച്ചത് ഹോട്ടല്‍ മാനേജ്‌മെന്റ്, കുറച്ചുകാലം ഈ മേഖലയില്‍ ജോലി ചെയ്തു. എന്നാല്‍ തന്റെ പ്രവര്‍ത്തന മേഖല അതല്ലെന്നു തിരിച്ചറിഞ്ഞതോടെ ആ മേഖല ഉപേക്ഷിച്ച് ഫാഷന്‍ ഡിസൈനിംഗിന്റെ അനന്തസാധ്യതകള്‍ തേടിയിറങ്ങി. സ്വന്തമായി ലാഭമുണ്ടാക്കുക എന്നതു മാത്രമായിരുന്നില്ല നിഷയുടെ ലക്ഷ്യം. നാമുപയോഗിക്കുന്ന വസ്ത്രങ്ങള്‍ അവയുടെ രൂപത്തിലാകാന്‍ കാരണക്കാരായവരുടെ ജീവതത്തിലേക്ക് ഒരു നീണ്ട യാത്ര തന്നെ നടത്തി. പരുത്തി കൃഷി ചെയ്യുന്ന കര്‍ഷകരുടെ അടുത്തായിരുന്നു നിഷയെ ഒടുവില്‍ കൊണ്ടെത്തിച്ചത്. ഇവര്‍ കൃഷി ചെയ്യുന്ന പരുത്തി നെയ്ത്തു നൂലുകളാക്കി നെയ്ത് തുണിത്തരങ്ങള്‍ ആക്കി മാറ്റുന്നതില്‍ നിരവധിപ്പേരുടെ കഷ്ടപ്പാടുകള്‍ അടങ്ങിയിട്ടുണ്ട്. ഇവര്‍ക്കുകൂടി പ്രയോജനപ്രദമായ ഒരു സംരംഭം ആരംഭിക്കണമെന്ന് തീരുമാനിച്ചു. ഈ തീരുമാനമാണ് ആറ് വര്‍ഷം മുമ്പ് സറിയ എന്ന ലേബലിലുള്ള സംരംഭത്തിന് അടിത്തറയിടാന്‍ കാരണമായത്.

കര്‍ഷകരില്‍ നിന്നും നേരിട്ടാണ് ആവശ്യമായ തുണിത്തരങ്ങള്‍ നിഷ വാങ്ങിയിരുന്നത്. 13ാമത് ബാാഗ്ലൂര്‍ ഫാഷന്‍ വീക്കിലാണ് സറിയ തന്റെ ബ്രാന്‍ഡ് ആയ സറിയ ആരംഭിക്കുന്നത്.

കോളജുകളില്‍ പഠിച്ചതൊന്നുമായിരുന്നില്ല ജോലിയില്‍ പ്രായോഗികമാക്കേണ്ടത് എന്നാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനുശേഷം ഹോട്ടലുകളില്‍ ജോലി നോക്കിയപ്പോള്‍ നിഷക്ക് മനസിലാക്കാനായത്. ഒട്ടുമിക്ക മേഖലകളും ഇങ്ങനെതന്നെയായിരുന്നു. ഫാഷന്‍ ഡിസൈനിംഗ് മേഖലയില്‍ തനിക്ക് ബിരുദമോ പരിശീലനമോ ലഭിച്ചിരുന്നില്ല. ഈ മേഖലയില്‍ പ്രവീണ്യമുള്ളവര്‍ക്ക് മുന്നില്‍ ശരിയായ പരിചയസമ്പത്തോ പരിശീലനമോ ലഭിക്കാത്ത തനിക്ക് പിടിച്ചു നില്‍ക്കാനാകുമോയെന്ന് നിഷ സംശയിച്ചിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ ഡിസൈന്‍ തയ്യാറാക്കുന്നതും, തയ്യലും, നെയ്ത്തും നൂല്‍നൂല്‍ക്കലും ഒക്കെ പഠിക്കാന്‍ നിഷക്ക് സാധിച്ചു. ഈ തൊഴിലില്‍ നൈപുണ്യം ഉള്ളവള്‍ എന്നു പറയാന്‍ സാധിച്ചില്ലെങ്കിലും താത്പര്യം ഉള്ളവള്‍ എന്ന രീതിയിലേക്ക് മാറാന്‍ നിഷക്ക് സാധിച്ചു.

ഒരു വെബ്‌സൈറ്റ് ആരംഭിനുള്ള പദ്ധതിയിട്ടു. ഇതിനായി ഒരു സ്ഥാപനം ആരംഭിക്കണമെന്നും അതിയായ മോഹം ഉണ്ടായിരുന്നു. എന്നാല്‍ അടുത്ത കുറച്ച് വര്‍ഷങ്ങള്‍ നിഷ പ്രായോഗികമായി പ്രവര്‍ത്തിച്ചു. സ്വന്തമായി ബ്രാന്‍ഡ് ആരംഭിക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു. സംരംഭത്തിനായി മുതല്‍ മുടക്കാന്‍ പലരേയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. കൃഷിക്കാരെ കൃഷിയില്‍ നിന്നും നെയ്ത്തിലേക്ക് ശ്രദ്ധ തിരിപ്പിക്കാന്‍ നിഷക്കായി. കോട്ടനിലുള്ള പുതിയ ഡിസൈനുകള്‍ എല്ലാം വിലയേറിയതും മനോഹരവുമായിരുന്നു.

നിങ്ങള്‍ക്ക് 10,000 മീറ്ററിന്റെ വലിയ ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ അത് നിര്‍മിക്കാനായി കര്‍ഷകന് കൂടുതല്‍ സമയം വെയിലത്തും മഴയത്തും ചെലവഴിക്കണ്ടി വരുന്നു എന്നാല്‍ വളരെക്കുറച്ച് പ്രതിഫലത്തിനാണ് അവന്‍ അത് ചെയ്യുന്നത്. പവര്‍ലൂമില്‍ തയ്യാറാക്കുന്നത് എളുപ്പമായിരിക്കാം. എന്നാല്‍ കൈത്തറിയില്‍ ചെയ്യുന്ന തുണിത്തരങ്ങളുടെ ഉറപ്പും ഭംഗിയും അതിന് ലഭിക്കില്ല. ഇത് മനസിലാക്കിയ ഉപഭോക്താക്കള്‍ കൈത്തറി ഉത്പന്നങ്ങള്‍ വാങ്ങാന്‍ താതപര്യം പ്രകടിപ്പിച്ചു.

നിഷയുടെ ലക്ഷ്യങ്ങള്‍ ഫലംകണ്ടു തുടങ്ങിയ നിമിഷങ്ങളായിരുന്നു അത്. കര്‍ഷകന്റേയും ചെറുകിട സംരംഭകരുടേയും വിയര്‍പ്പിന് അര്‍ഹതപ്പെട്ട വിഹിതം അവനു നല്‍കാന്‍ സാധിച്ചതില്‍ നിഷ ഇന്ന് സന്തോഷവതിയാണ്.