ആസ്വാദനത്തിനപ്പുറം സിനിമാ നിര്‍മ്മാണത്തിന്റെ പഠന വേദിയായി ഐ എഫ് എഫ് കെ

ആസ്വാദനത്തിനപ്പുറം സിനിമാ നിര്‍മ്മാണത്തിന്റെ പഠന വേദിയായി ഐ എഫ് എഫ് കെ

Tuesday December 08, 2015,

2 min Read

കാലം മാറി. സിനിമകള്‍ കണ്ടു മനസില്‍ ആസ്വാദനക്കുറിപ്പുമായി മടങ്ങുന്ന പഴയ കാലത്തിനപ്പുറം ചലച്ചിത്രമെന്ന ഉത്പ്പന്നം എപ്രകാരമാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന ചര്‍ച്ചയും ഐ എഫ് എഫ് കെ വേദികളില്‍ നിറയുന്നു. കാഴ്ചയുടെ കൗതുകം മാത്രമല്ല സിനിമയുടെ നിര്‍മാണ രഹസ്യങ്ങളെക്കുറിച്ച് പഠിക്കാനുള്ള വേദിയാവുകയാണ് ഇക്കുറി അന്താരാഷ്ട്ര ചലച്ചിത്രമേള.

image


സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേളയുടെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സംഘടിപ്പിച്ചിരിക്കുന്ന പവലിയനുകളാണ് ചലച്ചിത്ര പ്രേമികള്‍ക്ക് സിനിമ നിര്‍മ്മാണത്തെപ്പറ്റി അറിവ് പകരുന്നത്. വിവിധ മേഖലകളിലെ ഇരുപതില്‍പരം പവലിയനുകളാണ് ടാഗോര്‍ തിയേറ്റര്‍ വളപ്പിലുള്ളത്.

ചലച്ചിത്രമേളകളെന്നാല്‍ ലോക സിനിമയെ മലയാളിക്ക് പരിചയപ്പെടുത്തുന്ന അവസരമായാണ് ആദ്യകാലങ്ങളില്‍ കണ്ടിരുന്നത്. എന്നാല്‍ കാലാനുസൃതമായി ഇതില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ചലച്ചിത്ര അക്കാദമി പരിശ്രമങ്ങള്‍ നടത്തി. അതിന്റെ ഭാഗമായി തന്നെയാണ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റ്റാളുകള്‍. സിനിമയുടെ വിവിധ ധാരകളില്‍ നിന്നുമുളള സ്റ്റാളുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സിനിമാപഠനം, മേക്കപ്പ്, സാങ്കേതിക ഉപകരണങ്ങള്‍, ഇവക്കെല്ലാം പുറമേ ഈ രംഗത്തെ അതികായകരുമായി നേരിട്ട് സംവദിക്കാനുമുളള അവസരം ചലച്ചിത്രമേള നല്‍കുന്നു.

മേളയുടെ മുന്നോടിയായി ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പുകള്‍ ഏറെ വിജ്ഞാന പ്രദമായിരുന്നുവെന്ന് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ് പറഞ്ഞു. ലോകത്തിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് മൂന്നു ദിവസം നീണ്ട വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ ഒരാള്‍ക്കെങ്കിലും ഗുണം ചെയ്‌തെങ്കില്‍ അത് നല്‍കുന്ന സംഭാവന വളരെ വലുതാണെ് അദ്ദേഹം പറഞ്ഞു.

image


അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ച് വര്‍ഷംകൂടി പിന്നിട്ടാല്‍ കാല്‍ നൂറ്റാണ്ട് തികയുകയാണ്. ഈയവസരത്തില്‍ മേളയെ കൂടുതല്‍ സമഗ്രമാക്കുകയെന്ന ലക്ഷ്യം കൈവരിക്കണമെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നു. സിനിമയുടെ വിവിധ മേഖലകളെ ഉള്‍പ്പെടുത്തി ഏകീകൃതമായി മേള മാറണമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ക്ലാപ് മുതല്‍ റിലീസ് വരെ സിനിമയുടെ എല്ലാത്തിനെയും കുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്നതായി ചലച്ചിത്രമേള മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രണ്ടു നൂറ്റാണ്ട് കൊണ്ട് ചലച്ചിത്രമേള ഇത്ര കണ്ട് വളര്‍ന്നെങ്കില്‍ അത് കാണിക്കുന്നത് കേരളത്തില്‍ ചലച്ചിത്രമേഖലയില്‍ താത്പര്യമുളളവരുടെ എണ്ണം കൂടുന്നുവെന്നതാണെ് പട്ടണം റഷീദ് ചൂണ്ടിക്കാട്ടി. രക്ഷിതാക്കള്‍ക്കിടയില്‍ അവബോധം ഇല്ലാത്തതിനാല്‍ ഈ മേഖലയില്‍ പഠനം നടത്താന്‍ കഴിയാത്ത നിരവധി പേരുണ്ട്. അവരെപ്പോലുളളവര്‍ക്ക് കിട്ടുന്ന അവസരം കൂടിയായി ചലച്ചിത്രമേളയെ മാറ്റുകയാണ് ഇവിടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.