പെരുമാനൂര്‍ - തേവര പൈപ്പ് ലൈന്‍ മാറ്റാന്‍ എഴരക്കോടി രൂപ

0

പെരുമാനൂര്‍ തേവര പൈപ്പ് ലൈന്‍ മാറ്റാന്‍ എഴരക്കോടി രൂപ അനുവദിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. മട്ടാഞ്ചേരി ഈരവേലി ജംഗഷനില്‍ പശ്ചിമകൊച്ചി കുടിവെള്ള വിപുലീകരണ പദധതി ഘടകങ്ങള്‍ നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമാനൂര്‍ തേവര പൈപ്പ്‌ലൈന്‍ ഇടയ്ക്കിടെ പൊട്ടുന്നുവെന്ന് കെ ജെ മാക്‌സി എംഎല്‍എ അദ്ധ്യക്ഷപ്രസംഗത്തില്‍ ശ്രദ്ധയില്‍പെടുത്തിയിരുന്നു. മട്ടാഞ്ചേരി പാലത്തില്‍ പുതിയ കുടിവെള്ള പൈപ്പിടുന്നതിന് രണ്ടു കോടി ഇരുപതു ലക്ഷം രൂപ നല്കുമെന്നും മന്ത്രി പറഞ്ഞു.

 കിഫ്ബിയുടെ അനുമതി നേടിയെടുത്ത എറ്റവും കൂടുതല്‍ പദ്ധതികള്‍ ജലവിഭവ വകുപ്പിന്റേതാണെന്നും മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. 1737 കോടി രൂപയുടെ പദ്ധതികളാണ് വകുപ്പിന്റേതായി അനുമതി നേടിയെടുത്തത്. കുടിവെള്ള വിതരണം കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ നടപടികളെടുക്കും. കടുത്ത വരള്‍ച്ച ഈ വര്‍ഷവും നേരിടേണ്ടി വന്നേക്കാമെന്ന ആശങ്കയുണ്ട്. ഇത് അതിജീവിക്കാന്‍ ജലസംരക്ഷണത്തിന് മുന്‍തൂക്കം നല്കുന്ന സംസ്‌കാരം വളര്‍ത്തണം. വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന പല പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും സര്‍ക്കാരും ഒന്നിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം മാത്രമേ വികസനം കൊണ്ടുവരികയുള്ളുവെന്നും മന്ത്രി പറഞ്ഞു. 755 ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ പശ്ചിമകൊച്ചിയിലെ ജലവിതരണപദ്ധതികളുടെ പ്രയോജനം ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി പ്രദേശത്തെ ഒന്നരലക്ഷത്തോളം പേര്‍ക്ക് ലഭിക്കും. കെ ജെ മാക്‌സി എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എ ഷൈനാമോള്‍, കൊച്ചി കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ടി രവീന്ദ്രന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.