സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഓര്‍ഡിനന്‍സിലൂടെ സാമൂഹ്യനീതി: ആരോഗ്യമന്ത്രി കെ കെ ഷൈലജ

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഓര്‍ഡിനന്‍സിലൂടെ സാമൂഹ്യനീതി: ആരോഗ്യമന്ത്രി കെ കെ ഷൈലജ

Saturday April 29, 2017,

2 min Read

നീറ്റ് അടിസ്ഥാനത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍/സ്വാശ്രയ മേഖലകളിലെ മെഡിക്കല്‍ പ്രവേശനത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിലൂടെ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിന് മെറിറ്റിനൊപ്പം സാമൂഹ്യനീതി കൂടി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എം സ്വരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

image


നീറ്റ് വന്നതോടെ നേരത്തേ ഉള്ളതു പോലെ 50 ശതമാനം സീറ്റ് സര്‍ക്കാര്‍ മെറിറ്റ് സീറ്റായി നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥ ഈ വര്‍ഷം വന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള എന്‍ട്രന്‍സ് ലിസ്റ്റ് ഇല്ലാതായതോടെ നീറ്റ് ലിസ്റ്റില്‍ നിന്ന് മുഴുവന്‍ അഡ്മിഷനും നടത്തേണ്ട അവസ്ഥയാണ്. നാഷണല്‍ എന്‍ട്രന്‍സ് ലിസ്റ്റില്‍ നിന്ന് മുഴുവന്‍ അലോട്ട്‌മെന്റും നടത്തുമ്പോള്‍ അവിടെ മെരിറ്റെന്നും മാനേജ്‌മെന്റെന്നും വേര്‍തിരിവ് സാധ്യമാകില്ല. ഈ അവസ്ഥയില്‍ പരമാവധി നീതി ഉറപ്പാക്കുന്നതിനും ചൂഷണം ഒഴിവാക്കുന്നതിനുമായാണ് സ്വാശ്രയ കോളജുകളിലെ ഫീസ്, പ്രവേശനം സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ന്യൂനപക്ഷ ഇതര സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പട്ടികജാതി/പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിധത്തില്‍ സംവരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ നിയസഭയില്‍ വ്യക്തമാക്കി. എസ് എസ് ടി വിഭാഗത്തിലും മറ്റ് പിന്നാക്ക വിഭാഗത്തിലും പെടാത്ത നിര്‍ധനരായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമാണെങ്കില്‍ വിദ്യാഭ്യാസ ലോണ്‍ അടക്കമുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് സ്വന്തം നിലയില്‍ നടത്തിയ അലോട്ട്‌മെന്റ് അംഗീകരിക്കാനാവില്ലെന്നും എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കോളജില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ന്യായമായി ചെയ്യാന്‍ കഴിയുന്നത് അനുഭാവപൂര്‍വം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ഓര്‍ഡിനന്‍സ് പ്രകാരം രൂപീകരിക്കുന്ന അഡ്മിഷന്‍ ആന്റ് റഗുലേറ്ററി കമ്മിറ്റിക്ക് വിപുലമായ അധികാരങ്ങളാണ് നല്‍കിയിരിക്കുന്നത്. ഫീസ് നിശ്ചയിക്കുന്നതിന് സഹായകമാകുന്ന വിധത്തില്‍ സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യമായ രേഖകള്‍ വിളിച്ചു വരുത്തുന്നതിനും ഒരു അക്കാദമിക് വര്‍ഷത്തില്‍ ഒരു കുട്ടിയില്‍ നിന്ന് ഒന്നിലേറെ വര്‍ഷത്തേക്കുള്ള ഫീസ് ഈടാക്കുന്നുവെങ്കില്‍ അത് തലവരിപ്പണം വാങ്ങിയതായി കണക്കാക്കി നടപടി സ്വീകരിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഓര്‍ഡിനന്‍സില്‍ വിഭാവനം ചെയ്യുന്ന അന്വേഷണം നടത്തുന്നതിന് സത്യവാങ്മൂലം വഴി തെളിവുകള്‍ സ്വീകരിക്കാനും സാക്ഷികളെ വിളിച്ചു വരുത്തി വിസ്തരിക്കാനും കമ്മിറ്റിക്ക് ഒരു സിവില്‍ കോടതിയുടെ അധികാരമുണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഫീസ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന് ഒന്നിലേറെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കും വിധമാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍.യാതൊരു മാനദണ്ഡവുമില്ലാതെ മുന്‍ സര്‍ക്കാര്‍ എന്‍ ഒ സി കൊടുക്കുന്നതിന്റെ ഭാഗമായാണ്‌

പല പ്രശ്‌നങ്ങളുമുണ്ടായതെന്നും കച്ചവട താത്പര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് പരമാവധി ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.