സ്‌റ്റെഫാനിയുടെ കേരളീയ കാഴ്ചകള്‍ക്ക് ഇരട്ടി മധുരം

0

സ്‌റ്റെഫാനി പിയേഴ്‌സണ്‍ എന്ന അമേരിക്കക്കാരി ഒരു ഓണക്കാലത്ത് മൂന്നാഴ്ച കേരളം ചുറ്റിനടന്ന് കണ്ടതെല്ലാം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ അതിമനോഹരമായി പകര്‍ത്തിയെടുത്തപ്പോള്‍ അത് ഏറ്റവും നല്ല സഞ്ചാരക്കുറിപ്പിനുള്ള ദേശീയ ടൂറിസം അവാര്‍ഡിന് അര്‍ഹമായി. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന മനോഹാരിത ആസ്വദിക്കാനായി 600 മൈല്‍ സഞ്ചരിക്കാന്‍ സ്‌റ്റെഫാനി കാറും ട്രെയിനും കെട്ടുവള്ളവും തോണിയും മാത്രമല്ല കാല്‍നടയാത്ര വരെ ഉപയോഗിച്ചു. തുടര്‍ന്ന് അമേരിക്കയിലെ ഔട്ട്‌സൈഡ് മാസികയില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലെഴുതിയ യാത്രക്കുറിപ്പാണ് 2014-2015ലെ കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ഈ മാധ്യമപ്രവര്‍ത്തകയ്ക്ക് നേടിക്കൊടുത്തത്. 

ഇത്തവണ കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം അവാര്‍ഡുകളിലേറെയും കേരള ടൂറിസവും കേരളത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമാണ് സ്വന്തമാക്കിയത്. വിനോദസഞ്ചാര വര്‍ണനയ്ക്ക് കേരളം പോലെ മറ്റൊരു സ്ഥലമില്ലെന്ന് തെളിയിച്ച സ്‌റ്റെഫാനിയുടെ ഈ ലേഖനം ആഗോള പ്രസിദ്ധീകരണ സ്ഥാപനമായ റാന്‍ഡം ഹൗസ് ഈ വര്‍ഷം പുസ്തകമായി പ്രസിദ്ധീകരിക്കുന്നുണ്ട്. 'ദ ബെസ്റ്റ് അമേരിക്കന്‍ ട്രാവല്‍ റൈറ്റിംഗ്2014' എന്ന പേരിലാണ് ഈ പുസ്തകം പുറത്തിറങ്ങുക. പരിസ്ഥിതിയുമായി ഇണങ്ങിയുള്ള മലയാളികളുടെ ജീവിതശൈലിയും ജൈവസമ്പന്നമായ കായലുകളും പ്രകൃതി വാരിക്കോരി നല്‍കിയ സൗന്ദര്യവും ദൈവം നേരിട്ടുനല്‍കിയെന്ന് അവകാശപ്പെടുന്ന ആയുര്‍വേദവും ഇതിവൃത്തമാക്കി സ്‌റ്റെഫാനി വരച്ചുവച്ച ലേഖനത്തില്‍ കേരളത്തിന്റെ പച്ചയായ ജീവിതം മാത്രമല്ല ഐതീഹ്യങ്ങളും വിജ്ഞാനവും വരെ നിറഞ്ഞുനില്‍ക്കുന്നു. 'ജീവിതം എങ്ങനെ അടിച്ചുപൊളിക്കണമെന്ന് മലയാളിക്കറിയാം, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവവും അല്പം ആഘോഷിച്ചാലെന്താ എന്നാണ് മലയാളി ചോദിക്കുന്നത്', സ്‌റ്റെഫാനി സാക്ഷ്യപ്പെടുത്തുന്നു. 

കേരളത്തില്‍ എന്തു നട്ടാലും കുരുക്കും. അതുകൊണ്ടായിരിക്കണം ഇവിടുത്തെ തനതുഭക്ഷണം ആരോഗ്യദായകവും നവ്യവുമായിരിക്കുന്നതെന്ന് അവര്‍ പറയുന്നു. കീഴ്ക്കാംതൂക്കായ മലകളുള്ള ഒരു പ്രദേശത്ത് എങ്ങനെയാണ് ഇത്രയും കായലുകളുണ്ടായതെന്നത് അത്ഭുതം തന്നെ...ഒരുപക്ഷേ ഹോളണ്ട് കഴിഞ്ഞാല്‍ ലോകത്ത് സമുദ്രനിരപ്പിനുതാഴെ കൃഷി നടത്തുന്ന സ്ഥലം കുട്ടനാടായിരിക്കുമെന്ന് മറ്റൊരിടത്ത് സ്‌റ്റെഫാനി വിശദീകരിക്കുന്നു. 

പടിഞ്ഞാറന്‍ രാജ്യങ്ങളിലെപ്പോലെ മനുഷ്യനും പ്രകൃതിയും വ്യത്യസ്ത ഘടകങ്ങളല്ല, ഇവിടെ രണ്ടും സമന്വയിച്ചിരിക്കുന്നു. പ്രകൃതിക്ക് അത്ഭുതകരമായ രോഗശമന ശേഷിയുണ്ട്. അതുകൊണ്ടായിരിക്കാം ആയുര്‍വേദം ഇത്രത്തോളം ഫലവത്താകുന്നതെന്ന് തിരക്കിനിടയില്‍ ഒരു ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്കു വിധേയയായി ആശ്വാസം കണ്ടെത്തിയ ശേഷം സ്‌റ്റെഫാനി എഴുതുന്നു. അതുകൊണ്ടാവാം ലേഖനത്തിന്റെ നീണ്ട തലക്കെട്ടും അര്‍ഥവത്താകുന്നത്. ~'കണ്ടെത്തിയത്: ഒരു ഹരിത സ്വര്‍ഗവും ഇന്ത്യന്‍ മരുപ്പച്ചയും, ഉപേക്ഷിച്ചുപോകുന്നത്. അമിതാധ്വാനത്തിനു വിധേയമായിരുന്ന നിങ്ങളുടെ സ്വത്വം.' 

കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവ്യവസ്ഥയും ചരിത്രവുമെല്ലാം ചുരുങ്ങിയ വാക്കുകളിലാണെങ്കില്‍ കൂടി ഫലവത്തായ രീതിയില്‍ സ്‌റ്റെഫാനി തന്റെ തൂലികയ്ക്കു വിഷയമാക്കുന്നുണ്ട്. യാത്രയ്ക്കിടയില്‍ താന്‍ പരിചയപ്പെട്ടവരെയെല്ലാം കഥാപാത്രങ്ങളാക്കി മാറ്റിയതുകൊണ്ടുതന്നെ ലേഖനത്തിന് ശൈലീസമ്പന്നമായ ഒരു കഥയുടെ സ്വഭാവം കൈവരുന്നു. കേരള ടൂറിസത്തിന് 12 ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതിനൊപ്പമാണ് കേരളത്തെക്കുറിച്ചെഴുതിയ ലേഖനത്തിന് മികച്ച ഇംഗ്ലീഷ് രചനയ്ക്കുള്ള അവാര്‍ഡും ലഭിച്ചിരിക്കുന്നത്. ഫലത്തില്‍ ഇതും കേരളത്തിനു ലഭിച്ച പുരസ്‌കാരമായിട്ടുണ്ട്. അമേരിക്കയിലെ സാന്റാഫെയില്‍ താമസമാക്കിയിട്ടുള്ള സ്‌റ്റെഫാനി ശാസ്ത്ര ലേഖികയും അധ്യാപികയും കൂടിയാണ്. അന്റാര്‍ട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും യാത്ര ചെയ്ത് നേടിയ അനുഭവ സമ്പത്ത് നാഷണല്‍ ജ്യോഗ്രാഫിക്, ഡിസ്‌കവറി, ലോണ്‍ലി പ്ലാനറ്റി തുടങ്ങിയ പ്രശസ്തമായ മാധ്യമങ്ങളിലും നിരവധി പുസ്തകങ്ങളിലുമായി പരന്നുകിടക്കുന്നു.