ആപ്പിള്‍ കൊണ്ട് കര്‍ഷക ശാക്തീകരണം

0

കര്‍ഷകര്‍ക്ക് നേരെയുള്ള ഇടനിലക്കാരുടെ ചൂഷണം ആപ്പിള്‍ എന്ന ഒരു പഴവര്‍ഗം കൊണ്ട് ഇല്ലാതാക്കുകയാണ് ദ ആപ്പിള്‍ പ്രോജക്ട്. ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ ശ്രീജഗദംമ്പ സമിതി എന്ന എന്‍ ജി ഒയിലെ അംഗമായ എല്‍ പി സെംവാള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സംരംഭത്തിലേക്ക് കടന്നത്.

സംരംഭത്തിന് ആപ്പിള്‍ തന്നെ ഉപയോഗിക്കാമെന്ന് 2006ല്‍ ആണ് തീരുമാനിച്ചത്. ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും പ്രധാന നാണ്യവിളയാണ് ആപ്പിള്‍. ഇവിടങ്ങളിലെ കര്‍ഷകരെ ശാക്തീകരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ആപ്പിള്‍ പ്രോജക്ട് തുടങ്ങിയത്.

2007ല്‍ ആണ് അവര്‍ ആപ്പിള്‍ പ്രോജക്ട് ആരംഭിച്ചത്. ആപ്പിളുകള്‍ കര്‍ഷകരില്‍നിന്ന് സംഭരിച്ച് വിതരണക്കാരിലേക്കെത്തിക്കുന്ന സ്ഥാപനമാണിത്. പിന്നീട് 2015ല്‍ മൗണ്ടല്‍ ലൗവ് എന്ന സ്ഥാപനം ആരംഭിച്ചു. ആപ്പിള്‍ ജ്യൂസാണ് മൗണ്ടല്‍ ലൗവിന്റെ ഉല്‍പന്നം. ഉത്തരാഖണ്ഡിലെയും ഹിമാചല്‍പ്രദേശിലെയും മൂന്ന് ജില്ലകളില്‍നിന്നായി 150 ഗ്രാമങ്ങളില്‍നിന്നുള്ള അയ്യായിരത്തോളം ആപ്പിള്‍ കര്‍ഷകരാണ് ഇവയില്‍ അംഗങ്ങളായുള്ളത്.

ഓരോരുത്തരും 300 കിലോഗ്രാം ആപ്പിള്‍ വീതമാണ് ഉല്‍പാദിപ്പിക്കുന്നത്. 201415ല്‍ 11 കോടി രൂപയുടെ ടേണ്‍ ഓവറാണ് ആപ്പിള്‍ പ്രോജക്ടിനുണ്ടായത്. കര്‍ഷകര്‍ തന്നെയാണ് പാര്‍ട്‌നേഴ്‌സ് എന്നതാണ് സ്ഥാപനത്തിന്റെ പ്രത്യേകത.

നൂതനമായ ആശയങ്ങളെക്കുറിച്ച് മൗണ്ടല്‍ ലൗവിന്റെ മാനേജരായ പല്ലവി ദേശ്പാണ്ഡെ പറയുന്നു:

ഇടനിലക്കാരോട് വാദിച്ച് പ്രതിഫലം വാങ്ങുന്നതിനും ആപ്പിളുകള്‍ കേടുപാടുണ്ടാകാതെ സൂക്ഷിച്ച് വെക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളില്ലെന്നതാണ് കര്‍ഷകരുടെ യതാര്‍ത്ഥ പ്രശ്‌നം.

മതിയായ ശീതികരണ സംവിധാനമില്ലാത്തതിനാല്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നതിന്റെ 4050 ശതമാനം വരെ ആപ്പിളുകള്‍ കേടായി പോകുകയാണ്. അതിനാലാണ് തങ്ങള്‍ കര്‍ഷകരില്‍നിന്ന് ആപ്പിളുകള്‍ ശേഖരിക്കാനാരംഭിച്ചത്.

ആദ്യത്തെ നടപടി കര്‍ഷകരെയയും അവരുടെ ഉല്‍പന്നങ്ങളെയും സംയോജിപ്പിച്ച് കൊണ്ടുവരികയെന്നതായിരുന്നു. പത്ത് കര്‍ഷക ട്രസ്റ്റുകളുണ്ടാക്കിയാണ് തങ്ങള്‍ അവരെ സഹായിച്ചത്. ഇത് വിലപേശി വാങ്ങാനുള്ള അവരുടെ തടസങ്ങളെ പ്രതിരോധിക്കും. കാരണം നിരവധി പേര്‍ ചേര്‍ന്ന് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനാല്‍ ഇവരെല്ലാം ചേര്‍ന്ന് ഒരു നിശ്ചിത വില നിര്‍ണയിക്കുകയാണ് ചെയ്യുന്നത്. ഈ ട്രസ്റ്റുകള്‍ തങ്ങള്‍ക്ക് കര്‍ഷകരിലേക്ക് എത്താനുള്ള പ്ലാറ്റ്‌ഫോം കൂടിയാണ്.

ജോയിന്റ് വെന്‍ചര്‍ കമ്പനിയാണ് രണ്ടാം ഘട്ടത്തില്‍ തുടങ്ങിയത്. കര്‍ഷകര്‍ക്ക് സഹകരണം ഇല്ലാത്തത് മാത്രമല്ല വില പേശലിനെ ബാധിക്കുന്നത്. നിലവിലുള്ള മാര്‍ക്കറ്റ് റേറ്റിനെക്കുറിച്ച് ഇവര്‍ക്ക് അറിയാന്‍ സംവിധാനമില്ലാത്തതും കാരണമാണ്. ഈ സാഹചര്യത്തില്‍ ഒരു ജോയിന്റ് വെന്‍ച്വര്‍ കമ്പനിയുണ്ടാക്കുകയാണ് തങ്ങള്‍ ചെയ്തത്. കര്‍ഷകരെയും നിക്ഷേപകരെയും ബന്ധിപ്പിക്കാനുള്ള കണ്ണിയായാണ് ഇതിനെ കണ്ടത്. ഇവര്‍ക്ക് ഉല്‍പന്നങ്ങള്‍ ശരിയായ രീതിയില്‍ വില്‍ക്കുന്നതിനും കൃത്യമായ പ്രതിഫലം ലഭിക്കുന്നതിനുമെല്ലാം ഇത് സഹായിക്കും. ഓഫ് സീസണുകളില്‍ കൂടുതലായി വില്‍ക്കുന്നതിന് തങ്ങള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കും. ഇത് റവന്യൂ ഫ്‌ളോയ്ക്ക് കാലതാമസമുണ്ടാക്കുമെങ്കിലും വില കൂടുന്നതിനിടയാക്കും. അതേസമയം കര്‍ഷക ട്രസ്റ്റുകള്‍ നിയമപരമായി തങ്ങളുടെ വരുമാനം പുറത്ത് കാണിക്കാറില്ല. നിയമപരമായ ഒരു ഘടന വേണ്ടതിനാലാണിതെന്ന് ജോയിന്റ് വെന്‍ച്വര്‍ കമ്പനി ഭാരവാഹികള്‍ പറയുന്നു.

കൂടുതല്‍ കാലം സംരക്ഷിക്കുന്നതിനായി ആപ്പിള്‍ പ്രോജക്ട് ഒരു പുതിയ സാങ്കേതിവിദ്യതന്നെ ഉണ്ടാക്കിയെടുത്തു. ആപ്പിള്‍ പോലുള്ള വിലയേറിയ സാധനങ്ങള്‍ സൂക്ഷിക്കാന്‍ മതിയായ സംവിധാനങ്ങള്‍ ആവശ്യമുണ്ട്. ഇന്ത്യയില്‍ നിരവധി ശീതീകരണ സംവിധാനങ്ങളുണ്ട്. എന്നാല്‍ ഇതിനൊന്നും അന്തരീക്ഷ ഘടനയെ നിയന്ത്രിക്കാനാകില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ശീതീകരണ സംവിധാനമാണ് തങ്ങള്‍ക്കുള്ളത്. താപനില നിയന്ത്രിക്കുക മാത്രമല്ല അന്തരീക്ഷഘടന പഴ തോട്ടങ്ങള്‍ക്ക് സമാനമായ രീതിയിലാണ് എന്നതും പ്രത്യേകതയാണ്.

എസ് എച്ച് ജി ഡബ്ല്യു( സ്റ്റിച്ചിംഗ് ഹെറ്റ് ഗ്രിയോണ്‍ വുഡ്റ്റ് ആണ് തങ്ങളുടെ ഒരു നിക്ഷേപകന്‍. ഇവര്‍ ഡച്ച് സാങ്കേതികവിദ്യ ലഭ്യമാക്കുന്ന ഫ്രഷ് ഫുഡ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള സ്ഥാപനമാണ്. ശരിയായ രീതിയില്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ ഇവര്‍ക്കുണ്ട്. അതിനാല്‍തന്നെ 15 കോടിയുടെ ഫണ്ട് ഉണ്ടാക്കിയശേഷം ഈ സാങ്കേതികവിദ്യ കൊണ്ടുവരാന്‍ തങ്ങള്‍ക്കായി. 1200 മെട്രിക് ടണ്‍ സംഭരിച്ച് വെക്കാന്‍ കപ്പാസിറ്റിയുള്ളതാണിത്.

സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് ആപ്പിള്‍ പ്രോജക്ടിനെ വ്യത്യസ്ഥമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. 20 തരത്തിലുള്ള ആപ്പിളുകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതിനെ വിവിധ നിലവാരങ്ങളിലുള്ളതായി തരംതിരിച്ച് അതിനനുസരിച്ചുള്ള വിലയിലാണ് ജനങ്ങള്‍ക്കെത്തിക്കുന്നത്.

ആപ്പിള്‍ പ്രോജക്ടിലെ അംഗങ്ങള്‍ക്ക് ഗ്രാമങ്ങളിലെ വനിതകളില്‍നിന്ന് വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. ഗ്രാമത്തില്‍ ആണുങ്ങളായ മിക്ക കര്‍ഷകരും എ ഗ്രേഡ് ആപ്പിളുകള്‍ നേരെ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗ്രൗണ്ട് ജോലികള്‍ ചെയ്തിരുന്ന സ്ത്രീകളം ബി, സി ഗ്രേഡുകളിലുള്ള ആപ്പിളുകള്‍ മാത്രമാണ് വില്‍ക്കാന്‍ അനുവദിച്ചിരുന്നത്.

ബി, സി ഗ്രേഡുകളിലുള്ള ആപ്പിളുകള്‍ ചെറുതും നിറം കുറഞ്ഞതുമാണ്. ഇവ ഉപയോഗിച്ച് നൂറ് ശതമാനം ശുദ്ധമായ ആപ്പിള്‍ ജ്യൂസ് ഉണ്ടാക്കാനാകും. പഞ്ചസാരയോ മധുരം നല്‍കുന്ന മറ്റ് വസ്തുക്കളോ ഇവയ്‌ക്കൊപ്പം ചേര്‍ക്കേണ്ടതായി വരില്ല. ഫ്രഷ് ഫുഡ് ടെക്‌നോളജിയില്‍നിന്നാണ് ആപ്പിള്‍ ജ്യൂസ് ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ മനസിലാക്കിയതെന്ന് പല്ലവി പറയുന്നു. മൗണ്ടന്‍ ലൗവ് എന്ന പേരിലാണ് ആപ്പിള്‍ ജ്യൂസ് വിപണിയിലെത്തുന്നത്. രണ്ട് വര്‍ഷം മുമ്പാണ് പദ്ധതി തുടങ്ങിയതെങ്കിലും വില്‍പന ഒരു വര്‍ഷം മുമ്പ് മാത്രമാണ് ആരംഭിച്ചത്.

മണിക്കൂറില്‍ 2000 ലിറ്റര്‍ ജ്യൂസ് നിര്‍മിക്കാനുള്ള ശേഷിയാണുള്ളത്. എന്നാല്‍ അത്രയും അളവില്‍ ഉല്‍പാദനം നടക്കാറില്ല. അനന്ദ സ്പാ എന്ന സ്ഥാപനവുമായി സഹകരിച്ച് അവര്‍ക്ക് ജ്യൂസ് നല്‍കിവരുന്നുണ്ട്. കൂടുതല്‍ സ്ഥാപനങ്ങളുമായി പാര്‍ട്‌നര്‍ഷിപ്പ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

കര്‍ഷകര്‍ക്ക് തന്നെ ലോക്കല്‍ തലത്തില്‍ സംഭരണ സംവിധാനങ്ങളും തങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പത്ത് ശതമാനം അവകാശം കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 90 ശതമാനം നിക്ഷേപകര്‍ക്കുള്ളതാണ്. എന്നാല്‍ അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപകരില്‍നിന്നുള്ള തുക തിരിച്ച് കൊടുക്കാനാകുമെന്നാണ് കരുതുന്നത്. അങ്ങനെയായാല്‍ 100 ശതമാനം ഉടമസ്ഥാവകാശവും കര്‍ഷകരിലെത്തും.