തിരുവനന്തപുരം നഗരത്തില്‍ ജലവിതരണത്തില്‍ നിയന്ത്രണം

0

പേപ്പാറ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ജലസംഭരണിയില്‍ നിലവിലുള്ള വെള്ളം കൊണ്ട് മെയ് അവസാനം വരെ ജലവിതരണം നടത്തുന്നതിനാലാണ് നിയന്ത്രണം. 

നിയന്ത്രണം മൂലം ഉയര്‍ന്നപ്രദേശങ്ങളില്‍ ഭാഗികമായി ജലവിതരണം തടസ്സപ്പെടും. വാല്‍വുകള്‍ നിയന്ത്രിച്ചും ടാങ്കറുകളും കിയോസ്‌കുകള്‍ വഴിയും കഴിയുന്നത്ര ജലവിതരണം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജല അതോറിറ്റി എം.ഡി: എ. ഷൈനാമോള്‍ അറിയിച്ചു. കടുത്ത ജലക്ഷാമം കണക്കിലെടുത്ത് കഴിയുന്നത്ര ഉപഭോഗം കുറച്ച് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അതോറിറ്റി അഭ്യര്‍ഥിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ ജല അതോറിറ്റിയും ജില്ലാ ഭരണകൂടവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.