കേരളത്തെ അംഗപരിമിതസൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ 'അനുയാത്ര'

കേരളത്തെ അംഗപരിമിതസൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ 'അനുയാത്ര'

Wednesday January 11, 2017,

2 min Read

സമഗ്രമായ ജീവിതചക്ര സമീപനത്തിലൂടെ (Comprehensive Lifecycle Approach in Disabilities) അംഗപരിമിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. അതായത്, വൈകല്യങ്ങളെ പ്രതിരോധിക്കുന്നത് മുതല്‍ സുസ്ഥിരമായ പുനഃരധിവാസം സാധ്യമാക്കുക എന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അനുയാത്രയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാനുദ്ദേശിക്കുന്നത്.

image


നവജാത ശിശുവായിരിക്കുമ്പോള്‍ തന്നെ ശരീരത്തിനും മനസ്സിനുമുള്ള വൈകല്യങ്ങള്‍ തിരിച്ചറിയുവാനുള്ള സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി സജ്ജമാക്കും. നവജാത ശിശുക്കളുടെ കേള്‍വി പരിശോധനാ സംവിധാനം സാര്‍വത്രികമാക്കും. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനുമായി ശിശുരോഗവിദഗ്ദ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ആവശ്യമായ സംവിധാനങ്ങള്‍ രൂപീകരിക്കുകയും ചെയ്യും.

കുട്ടികളിലെ മാനസിക വൈകല്യങ്ങള്‍ അംഗന്‍വാടി തലത്തില്‍ തന്നെ കണ്ടെത്തുവാനും അവര്‍ക്കാവശ്യമായ പരിചരണം നേരത്തെ തന്നെ നല്‍കുന്നതിനായി പ്രത്യേക അംഗന്‍വാടികള്‍ രൂപീകരിക്കുവാനും പദ്ധതിയിടുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലേക്ക് കൂടി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതായിരിക്കും.

എല്ലാ ജില്ലകളിലും ആധുനിക സൗകര്യങ്ങളോട് കൂടിയ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ (District Early Intervention Centres – DEIC) സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പട്ടികവര്‍ഗ-പട്ടികജാതി മേഖലകള്‍, തീരപ്രദേശങ്ങള്‍ തുടങ്ങിയ പ്രത്യേകപരിഗണന ആവശ്യമുള്ള സ്ഥലങ്ങളില്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തും. അട്ടപ്പാടിയില്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്.

എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഓട്ടിസം സെന്ററുകള്‍ തുടങ്ങും. മാതൃകാ ശിശു പുനഃരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും, അതുപോലെതന്നെ BUDS റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍, BUDS സ്കൂളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതും ഈ കര്‍മപദ്ധതിയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു. അംഗപരിമിതര്‍ക്ക് വേണ്ടി ഒരു കേന്ദ്രീകൃത കോള്‍സെന്റര്‍ സ്ഥാപിക്കുവാനും ഉദ്ദേശമുണ്ട്.

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, ടെക്നോപാര്‍ക്‍ മുതലായിടങ്ങളില്‍ ഭിന്നശേഷിതരുടെ തൊഴില്‍സാധ്യതകള്‍ കണ്ടെത്തുവാന്‍ സത്വരനടപടികള്‍ സ്വീകരിക്കും.

ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കേരളചരിത്രത്തില്‍ തന്നെ പുതിയൊരു മാതൃകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആവിഷ്കരിച്ചു വരുന്നത്. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനെയും മറ്റും ഭിന്നശേഷിക്കാരില്‍ നിന്നും തെരെഞ്ഞെടുത്തത് തന്നെ ഇതിനൊരുദാഹരണമാണ്. ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍, വിദ്യാഭ്യാസം, പുനഃരധിവാസം, തൊഴില്‍, പാര്‍പിടം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളും അതുപോലെതന്നെ മെഡിക്കല്‍ സാക്ഷ്യപത്രം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മുതലായ അനുബന്ധപ്രശ്നങ്ങളും ശാശ്വതമായി പരിഹരിക്കുന്നതിന് സക്രിയമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്.