പരാജയപ്പെട്ട സംരംഭം പഠിപ്പിച്ച പാഠം

0


2015 ല്‍ ഞങ്ങളുടെ ആദ്യസംരംഭമായ 100മാര്‍ക്ക്‌സ് മുഖ്യഎതിരാളികളായ എംബൈബ് ഡോട്‌കോം ഏറ്റെടുത്തപ്പോള്‍ അതിന്റെ സ്ഥാപകരായ ഞാനും അനുശ്രീയും ഉള്‍പ്പെടെ ആര്‍ക്കും നിരാശ തോന്നിയില്ല. സൗന്ദര്യരംഗത്തെ പുതിയ പ്രവണതകള്‍ മനസ്സിലാക്കി പുതിയ സംരംഭം തുടങ്ങാന്‍ നേരത്തെ തന്നെ ഞങ്ങള്‍ പദ്ധതി തയാറാക്കി കഴിഞ്ഞിരുന്നു. അധികം എതിരാളികള്‍ ഈ രംഗത്ത് ഇല്ലാത്തത് പുതിയ സംരംഭം സൗന്ദര്യമേഖലയില്‍ തന്നെ തുടങ്ങാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ പ്രേരണയായി.

ഞങ്ങള്‍ക്കൊപ്പം മറ്റു രണ്ടുപേരെയും കൂടെച്ചേര്‍ത്തു. അതിലൊരാള്‍ ഈ രംഗത്തുതന്നെ 10 വര്‍ഷം അനുഭവ പരിചയമുള്ള ഹിമന്‍ഷു മാലിക് ആയിരുന്നു. മറ്റൊരാള്‍ ആമസോണില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു. സൗന്ദര്യരംഗത്തെക്കുറിച്ച് വിദഗ്‌ധോപദേശം നല്‍കാനായി ഒരാളെയും ഒരു സംഘെ ബ്യൂട്ടീഷ്യന്‍മാരെയും ഒരു ടെക് ടീമിനെയും രൂപീകരിച്ചു. എന്നാല്‍ സംരംഭം തുടങ്ങി അഞ്ചു മാസം കഴിഞ്ഞപ്പോള്‍ തന്നെ അത് അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തി.

ഒരു സംരംഭം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നു ഞങ്ങള്‍ മനസ്സിലാക്കിയ 5 കാര്യങ്ങള്‍

1. ബിസിനസില്‍ ചെറുത്തുനില്‍ക്കാനുള്ള കഴിവ് പ്രധാനമാണ്. തുടക്കത്തില്‍ ഞങ്ങള്‍ക്ക് വലിയ എതിരാളികള്‍ ഒന്നും ഇല്ലായിരുന്നു. എന്നാല്‍ അധികം വൈകാതെ ബെംഗളൂരു, ഛണ്ഡീഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം അഞ്ചിലധികം ബ്യൂട്ടി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി. പുതിയ സംരംഭങ്ങള്‍ ഈ രംഗത്ത് ഉണ്ടാകുമെന്നതിന് ഞങ്ങള്‍ അധികം പ്രാധാന്യം നല്‍കിയിരുന്നില്ല. ഞങ്ങള്‍ക്കു പറ്റിയ ഏറ്റവും വലിയ പിഴവും ഇതായിരുന്നു. ഒരിക്കളും നമ്മളാരും ബിസിനസില്‍ ഒരു എതിരാളിയെ ആഗ്രഹിക്കില്ല. എന്നാല്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും ഒരു എതിരാളി ഉണ്ടാകാം. എപ്പോഴും അതിനെക്കുറിച്ച് ജാഗ്രത വേണം.

2. ബിസിനസിന്റെ വളര്‍ച്ചയ്ക്കായി ഡിസ്‌കൗണ്ടുകള്‍ നല്‍കരുത്. ഞങ്ങള്‍ക്ക് പറ്റിയ തെറ്റും ഇതായിരുന്നു. മറ്റുള്ള സംരംഭകരെപ്പോലെ !ഞങ്ങളും ഡിസ്‌കൗണ്ടുകള്‍ നല്‍കി. ഡിസ്‌കൗണ്ട് നല്‍കിയാല്‍ പെട്ടെന്നു തന്നെ വ്യാപാരം വര്‍ധിക്കുമെന്നു കരുതി. 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കി. ഇതു വ്യവസായത്തെ ദോഷകരമായി ബാധിച്ചു. ആദ്യമൊക്കെ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി മറ്റുള്ള സംരംഭകരെപ്പോലെ ഞങ്ങളും ബ്യൂട്ടീഷ്യന്‍മാരെ ഉപഭോക്താക്കളുടെ അടുത്തേക്ക് അയയ്ക്കുമായിരുന്നു. ഡിസ്‌കൗണ്ട് കഴിഞ്ഞ് ഒരു ബ്യൂട്ടി പാക്കേജിന് 900 രൂപയായിരുന്നു വില. എന്നാല്‍ ബ്യൂട്ടീഷ്യന്‍മാരെ ഉപഭോക്താക്കളുടെ അടുത്തേക്ക് അയയ്ക്കുന്നതിന് 600 രൂപയാണ് ചെലവ്. ഇതിനു പുറമെ ജോലിയില്‍ മികവു കാട്ടുന്ന ബ്യൂട്ടീഷ്യന്‍മാര്‍ക്ക് 200 രൂപ ഇന്‍സെറ്റീവും നല്‍കി. ഇതെല്ലാം ബിസിനസിന്റെ തകര്‍ച്ചയ്ക്ക് കാരണമായി.

3. സമയം വളരെ പ്രധാനമാണ്. ഞങ്ങള്‍ ബ്യൂട്ടീഷ്യന്‍മാര്‍ ഉള്‍പ്പെടെ സംരംഭം തുടങ്ങാന്‍ വേണ്ടിയുള്ള പ്രാഥമിക കാര്യങ്ങളെല്ലാം തുടക്കത്തില്‍ തന്നെ ചെയ്തു. പക്ഷേ വിപണിയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ചും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചില്ല. വളരെ വൈകിയാണ് ഞങ്ങള്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയത്. പുതിയ നിക്ഷേപകരെ ഞങ്ങളുടെ സംരംത്തിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ഏറെ വൈകി. ഞങ്ങളുടെ എതിരാളികള്‍ക്ക് ഇതേറെ ഗുണം ചെയ്തു.

4. എല്ലാം ബിസിനസും തുടക്കത്തില്‍ വളര്‍ച്ചയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ ഈ വളര്‍ച്ച അടുത്ത ഘട്ടത്തിലേക്കും വളര്‍ത്താന്‍ വേണ്ട നടപടികള്‍ എടുക്കണം.

5. മൊബൈല്‍ ആപ്പിന്റെ പ്രൊമോഷനായി പ്രൊഫഷണല്‍ ഫോട്ടോ ഷൂട്ട് നടത്തി. പ്രൊഫഷണല്‍ മോഡലുകളെയും ഫോട്ടോഗ്രാഫര്‍മാരെയും ഉപയോഗിച്ചാണ് ഇതു നടത്തിയത്. ഇതിനു വലിയൊരു തുക വേണ്ടിവന്നു. സംരംഭത്തിന്റെ തുടക്കത്തില്‍ തന്നെ ഇതുമൂലം വലിയൊരു നഷ്ടമുണ്ടായി.

ലേഖകനായ പ്രദീപ് കുമാര്‍ ഇപ്പോള്‍ തന്റെ പുതിയ സംരംഭമായ സോപ്ചാറ്റില്‍ പ്രവര്‍ത്തിക്കുന്നു. ചാറ്റിങ്ങിലൂടെ സാധനങ്ങളുടെ ഡിസ്‌കൗണ്ടിനെക്കുറിച്ച് വ്യക്തമായ വിവരം നല്‍കുന്ന മൊബൈല്‍ ആപ്പാണിത്.