ട്രാഫിക് ബോധവത്ക്കരണവുമായി ദുല്‍ഖര്‍

0

റേസിംഗ് ബൈക്കില്‍ കുന്നും കുഴിയും നിഷ്പ്രയാസം ഓടിച്ച് പറന്നു വരുന്ന ബാംഗ്ലൂര്‍ ഡെയ്‌സിലെ ദുല്‍ഖര്‍ സല്‍മാന്‍ കാണികള്‍ അത്ര വേഗമൊന്നും മറക്കാനിടയില്ല. എന്നാല്‍ സിനിമക്കുള്ളിലെ പതിവ് ബൈക്ക് റേസിംഗും സാഹസിക പ്രകടനങ്ങളും അനുകരിക്കാന്‍ ആരും നില്‍ക്കരുതെന്നാണ് ദുല്‍ഖറിന്റെ വ്യക്തിപരമായ അഭിപ്രായം. ഇതും പറഞ്ഞ് വെറുതെയിരിക്കാന്‍ ദുല്‍ഖര്‍ തയ്യാറല്ല. യുവാക്കള്‍ക്ക് ഇതിന്റെ പാഠങ്ങള്‍ പറഞ്ഞു നല്‍കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ താരം.

റോഡ് സുരക്ഷാ സന്ദേശം നല്‍കുന്നതിനായുള്ള പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ലോക്കേഷനിലാണ് ദുല്‍ഖര്‍. മോട്ടോര്‍വാഹന വകുപ്പിന് വേണ്ടി ചങ്ങനാശ്ശേരി സെന്റ് ജോസഫ് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ഒരുക്കുന്ന ഹ്രസ്വചിത്രത്തിലൂടെയാണ് റോഡ് സുരക്ഷാ സന്ദേശവുമായി ദുല്‍ഖര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഒരുകൂട്ടം വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ദുല്‍ഖര്‍ ഷൂട്ടിഗ് ലൊക്കേഷനിലെത്തിയത്. അവര്‍ക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ച് പറഞ്ഞു നല്‍കാന്‍ ദുല്‍ഖര്‍ മറന്നില്ല. പതിവില്‍ നിന്നും മാറി വ്യത്യസ്തമാകാനുള്ള ഈ ശ്രമം എന്തിനാണെന്ന പലരുടേയും ചോദ്യത്തിന് സമൂഹിക പ്രതിബദ്ധതയുണര്‍ത്തുന്ന കാര്യങ്ങളില്‍ കൂടി ഭാഗമാകാനുള്ള ശ്രമമാണെന്നായിരുന്നു മറുപടി. അതിനായാണ് സിനിമാ തിരക്കുകള്‍ക്കിടയിലും ഇത്തരമൊരു സംരംഭത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്.

'മാറ്റത്തിന് സമയമായി നമുക്ക് കൈകോര്‍ക്കാം' എന്നാണ് ഹ്രസ്വചിത്രത്തിന് പേരിട്ടിരിക്കുന്നത്. മഞ്ഞ ഷര്‍ട്ടും ജാക്കറ്റും പ്രീമിയം ബൈക്കിലെത്തി അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് സുരക്ഷിത റോഡ് യാത്രയുടെ ഉപദേശം നല്‍കുകയാണ് ദുല്‍ഖര്‍.

അപകടകരമായ ഡ്രൈവിംഗിനെക്കുറിച്ചും വീട്ടില്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവരെക്കുറിച്ചും ചിത്രം ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിലാണ് പുരോഗമിക്കുന്നത്. സനല്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സാജന്‍ കളത്തിലാണ്.

പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് വിവിധ മാധ്യമങ്ങളിലൂടെ തിയ്യേറ്ററുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് വാഹനവകുപ്പിന്റെ തീരുമാനം.