കാര്‍ഷിക മേഖലയില്‍ ഒരു പുതിയ ചുവടുവെയ്പ്പ്

0


പാലക്കാട് ജില്ലയിലെ ആനക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ നൂതന കൃഷി സംരംഭങ്ങളുമായുള്ള പച്ചക്കറി കൃഷിക്ക് കര്‍ഷകര്‍ തുടക്കം കുറിച്ചു. പച്ചക്കറി വിളകളിലെ ഹൈബ്രിഡ് ഇനങ്ങളുടെ ഉപയോഗം, വെള്ളത്തോടാപ്പം വളവും നല്‍കുന്ന ഫെര്‍ട്ടിഗേഷന്‍ യൂണിറ്റുകള്‍, വെള്ളത്തില്‍ അലിയുന്ന വളങ്ങള്‍ ഉപയോഗിച്ചുള്ള പത്രപോഷണം, മഴമറകൃഷി, അത്യുല്പാദനശേഷിയുള്ള പച്ചക്കറി തൈകളുടെ ഉല്പാദനം, കീടരോഗ നിയന്ത്രണത്തിനായി ജൈവ മാര്‍ഗ്ഗങ്ങളുടെ ഉപയോഗം എന്നീ കൃഷി രീതികള്‍ അവലംബിച്ചുകൊണ്ടാണ് ആനക്കര പഞ്ചായത്തില്‍ പച്ചക്കറി കൃഷി നടപ്പാക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഒരു ലക്ഷം പച്ചക്കറി തൈകള്‍ തൃത്താല ബ്ലോക്കിലെ വിവിധ കൃഷിഭവനുകളിലൂടെ വിതരണം നടത്തി. കൃഷിക്കാവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും ലഭിക്കുന്ന രീതിയില്‍ കുമ്പിടിയില്‍ ബയോ ഫാര്‍മസി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കൃഷി ഓഫീസര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍ അറിയിച്ചു.

പച്ചക്കറി വിളകളിലെ സൂക്ഷ്മ മൂലകങ്ങളുടെ ഉപയോഗം വിള വര്‍ദ്ധനവിന് എത്രത്തോളം ഉപകരിക്കുമെന്നറിയുന്നതിന് പ്രദര്‍ശനത്തോട്ടവും ഒരുക്കിയിട്ടുണ്ട്. കുമ്പിടിയില്‍ ഉദയ്ശങ്കറിന്റെ കൃഷിയിടത്തില്‍ ആരംഭിച്ചിട്ടുള്ള തോട്ടത്തില്‍ നാല് വിവിധ കൃഷിരീതികള്‍ ഒരേ സമയം പരീക്ഷിച്ചുവരുന്നു. കൃഷിയെക്കുറിച്ച് കൂടുതലറിയുന്നതിന് ഈ തോട്ടത്തിലേക്ക് ധാരാളം കൃഷിക്കാര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

പച്ചക്കറികള്‍ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. അത്യുല്‍പാദനശേഷിയുള്ള മായ എന്ന ഇനം പാവല്‍, സിയറ എന്ന മുളക്, നീലിമയെന്നറിയപ്പെടുന്ന വഴുതിന, ശക്തി എന്നയിനം വെണ്ട, ശ്വേത എന്നയിനം പയര്‍, ഷുഗര്‍ ബേബി തണ്ണിമത്തന്‍, ശിവ, മീര എന്നയിനങ്ങളായ തക്കാളി എന്നിവയാണ് പുതിയതായി കൃഷി ചെയ്തു വരുന്നത്.

രോഗകീടങ്ങളെക്കുറിച്ചറിയുന്നതിനും പഠിക്കുന്നതിനും കര്‍ഷക വയല്‍ വിദ്യാലയവും നടത്തിവരുന്നു. ഇതിലൂടെ വിവിധ കീടരോഗ നിയന്ത്രണമാര്‍ഗ്ഗങ്ങളെകുറിച്ച് അറിവുകള്‍ ലഭിക്കുന്നു. ഫിഷ് അമിനോ അസിഡ്, എഗ് അമിനോ ആസിഡ്, മോര്‌നാളികേരവെള്ളം ലായനി എന്നിവയുണ്ടാക്കി ഉപയോഗിക്കുന്നതിലൂടെ മികച്ച വിളവ് ലഭിക്കുന്നതിനും കീട നിയന്ത്രണം സാധ്യമാക്കുന്നതിനും കഴിയുന്നതായി കര്‍ഷകര്‍ പറയുന്നു.