പത്താം ക്ലാസ്‌ പരീക്ഷക്കായി ഒരു റിയാലിറ്റി ഷോ

0

പത്താം ക്ലാസ് പരീക്ഷ എന്നു കേട്ടാല്‍ മുട്ടിടിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു പണ്ട്. ടെക്സ്റ്റ് ബുക്കിനെ മാത്രം ആശ്രയിച്ച് പുസ്തകത്തിനുള്ളില്‍ തല താഴ്ത്തിയിരുന്ന ആ പഴയ കാലം മാറി. പഠിക്കാനും അറിവു സമാഹരിക്കുവാനും വിവിധ മാര്‍ഗങ്ങള്‍ ഇന്ന് കുട്ടികള്‍ക്ക് മുന്നിലുണ്ട്. പഠനം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഒരു റിയാലിറ്റി ഷോ തന്നെ ചാനലിലൂടെ എത്തുകയാണ്.

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്‌ടേഴ്‌സ് ചാനലാണ് വിജയപ്പത്ത് എന്ന പേരില്‍ റിയാലിറ്റിഷോ സംപ്രേക്ഷണം ചെയ്യുന്നത്. ഫെബ്രുവരി 27മുതല്‍ സംപ്രേഷണം ആരംഭിക്കും. പത്താംക്ലാസിലെ പാഠഭാഗങ്ങളെ മാത്രം അടിസ്ഥാനമാക്കിയുളള ഒരുവിദ്യാഭ്യാസ റിയാലിറ്റി ഷോ ഇത് ആദ്യമായാണ് ഒരുചാനല്‍ സംപ്രേഷണം ചെയ്യുന്നത്. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ മത്സരങ്ങള്‍ നടത്തിയാണ് റിയാലിറ്റി ഷോയിലെ വിജയികളെ കണ്ടെത്തുന്നത്. രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക് സ്‌കൂള്‍തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ ഒരുവിദ്യാര്‍ത്ഥി വിദ്യാഭ്യാസ ജില്ലാതലമത്സരത്തില്‍ പങ്കെടുക്കുകയും അതില്‍ ആദ്യസ്ഥാനം നേടിയ രണ്ട് കുട്ടികള്‍ റവന്യൂജില്ലാ മത്സരങ്ങളിലൂടെ സംസ്ഥാനതല മല്‍സരത്തിന് അര്‍ഹതനേടുന്നു. ഓരോജില്ലയേയും പ്രതിനിധീകരിച്ച് രണ്ട് കുട്ടികള്‍വീതംആകെ 28 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനതല മല്‍സരത്തില്‍ മികവ് തെളിയിക്കുന്നത്.

ഒരുനിമിഷം, ചിന്താതരംഗം, ഓര്‍മ്മച്ചെപ്പ് എന്നീ ഭാഗങ്ങളായി പ്രാഥമിക റൗണ്ടില്‍ 294 ചോദ്യങ്ങള്‍ക്കാണ് 14 ടീമുകള്‍ ഉത്തരം നല്‍കേണ്ടത്. അവസാന റൗണ്ടില്‍ ആദ്യ നാല്സ്ഥാനക്കാര്‍ 84 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സാമൂഹ്യശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ വ്യത്യസ്ത തലത്തിലുളള ചോദ്യങ്ങള്‍ക്കാണ് മല്‍സരാര്‍ത്ഥികള്‍ ഉത്തരം നല്‍കേണ്ടത്. നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ ഉന്നതഗുണനിലവാരത്തോടെ മികച്ചവിജയം നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംപ്രേഷണം ആരംഭിക്കുന്ന വിജയപ്പത്ത് 21 എപ്പിസോഡുകളിലായാണ് പൂര്‍ത്തീകരിക്കുന്നത്. പരീക്ഷക്കുളള വിവിധ ചോദ്യങ്ങളെ അഭിമുഖീകരിക്കാനും നിര്‍ദ്ദിഷ്ട സമയത്തിനുളളില്‍ പൂര്‍ണ്ണമാര്‍ക്ക് ലഭിക്കുംവിധം ഉത്തരം എഴുതാനും ഉപകരിക്കുന്ന തരത്തിലാണ് ജഡ്ജസ് വിശകലനം നടത്തുന്നത്.എസ് സി ഇ ആര്‍ ടി യിലെ വിവിധ വിഷയങ്ങളുടെ പാഠപുസ്തകസമിതി അംഗങ്ങളായ അധ്യാപകരാണ് വിധികര്‍ത്താക്കള്‍.

കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലാതല മത്സരങ്ങള്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ ഐ ടി @സ്‌കൂള്‍ പ്രോജക്ടിന്റെ ജില്ലാകോ-ഓര്‍ഡിനേറ്റര്‍മാരും മാസ്റ്റര്‍ ട്രെയിനര്‍മാരുമാണ് നടത്തിയത്. സ്‌കൂള്‍ മുതല്‍ സംസ്ഥാനതലംവരെയുള്ളമത്സരങ്ങള്‍ക്ക് ചോദ്യകര്‍ത്താക്കളായും വിധികര്‍ത്താക്കളായും 250-ഓളം അധ്യാപകരുടെ സേവനമുണ്ടായി. വിക്‌ടേഴ്‌സ് ചാനലിലെ സാങ്കേതിക പ്രവര്‍ത്തകര്‍, ഐടി @ സ്‌കൂള്‍മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തിലുള്ള അക്കാദമിക് ടീം, ടെക്‌നിക്കല്‍ ടീം തുടങ്ങിയവരാണ്ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജില്ലയ്ക്ക് ഡോ. എ.പി.ജെ.അബ്ദുള്‍കലാം വിക്‌ടേഴ്‌സ്എവര്‍റോളിംഗ്‌ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന ്സ്ഥാനം നേടുന്ന ടീമിലെ കുട്ടികള്‍ക്ക് സ്വര്‍ണമെഡലും ട്രോഫിയുംസര്‍ട്ടിഫിക്കറ്റും നല്‍കും.'വിജയപ്പത്ത്' ഫെബ്രുവരി 27മുതല്‍ മാര്‍ച്ച് ഏഴു വരെ എല്ലാദിവസവും വൈകുന്നേരം 5 മുതല്‍ 6 വരെയും രാത്രി 08.30 മുതല്‍ 09.30 വരെയും സംപ്രേഷണംചെയ്യും. പുനഃസംപ്രേഷണം പിറ്റേന്ന് രാവിലെ 08.30 മുതല്‍ 09.30 വരെയും ഉച്ചയ്ക്ക് 02.30 മുതല്‍ 03.30 വരെയും ഉണ്ടായിരിക്കും.