കണ്ണന്‍ ആളു നിസാരക്കാരനല്ല

0

തൃശൂര്‍ കണ്ണന്‍ എന്നു പറഞ്ഞാല്‍ പലര്‍ക്കും അറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നാടോടിനൃത്തത്തിന്റേയും കുച്ചിപ്പുടിയുടേയും മോഹിനിയാട്ടത്തിന്റേയും പാട്ടുകള്‍ അവര്‍ക്ക് സുപരിചിതമായിരിക്കും. മലയാളിയുടെ തനതായ കലകളുടെ സംഗീത രംഗത്ത് ഈണമിട്ട് കണ്ണന്‍ യാത്ര തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

പല വേദികളിലും കുരുന്നുകള്‍ മുതല്‍ നൃത്ത അധ്യാപകര്‍ വരെ ചുവടുവെക്കുന്നത് കണ്ണന്റെ പാട്ടിനൊപ്പമാണ്. പല മത്സര വേദികളിലും നൃത്തത്തിന് തയ്യാറായിരിക്കുന്ന കുട്ടികളോട് കണ്ണന്‍ ചോദിക്കും, ഏത് പാട്ടാണ് അവതരിപ്പിക്കുന്നതെന്ന്. എന്നാല്‍ തങ്ങളുടെ സമ്മാനം തട്ടിയെടുക്കാന്‍ വന്ന ചാരനെപ്പോലെയാണ് കുട്ടികള്‍ തന്നെ കാണാറുള്ളതെന്ന് ചിരിച്ചുകൊണ്ട് കണ്ണന്‍ പറയുന്നു.

പാട്ടില്‍ മാത്രമല്ല, നൃത്തതിലും മികവ് തെളിയിക്കാന്‍ കണ്ണന് സാധിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ബാലേവേദികളിലും സജീവമാണ്. കണ്ണന്‍ എഴുതി സംവിധാനം ചെയ്ത് ബാലെകളാണ് അവതരിപ്പിക്കുന്നത്.

പത്തുവര്‍ഷമായി നാടോടിനൃത്തങ്ങള്‍ക്ക് പാട്ടെഴുതി പഴകിയ കണ്ണന്‍ ചോദിക്കാനൊരു ചോദ്യമുണ്ട്. മത്സര വേദികളില്‍ നാടോടിനൃത്തമെവിടെ? ഇതുവരെ അഞ്ഞൂറോളം നാടോടി നൃത്തഗാനങ്ങള്‍ എഴുതുകയും സംഗീതം നിര്‍വഹിക്കുകയും ചെയ്തിട്ടുള്ള കണ്ണന് ഇതുവരെ ഒരു നാടോടിനൃത്തതിന് ഗാനമെഴുതിയതായി തോന്നിയിട്ടില്ല. ഇപ്പോഴത്തെ ഗാനങ്ങളെല്ലാം മത്സരങ്ങള്‍ക്കായി മാത്രം സൃഷ്ടിക്കപ്പെടുന്നവയാണ്. പലതിലും ഉപയോഗിക്കുന്നത് ആധുനിക വാദ്യോപകരണങ്ങളായ ജാസ്, ഡ്രംസ്, ക്ലാരനറ്റ്, കീബോര്‍ഡ് തുടങ്ങിയവയാണ്. ചെണ്ട, തുടി, ഡോലക്, ഓലക്കുഴല്‍ തുടങ്ങിയവയാണ് നാടോടിനൃത്തഗാനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. ഇതാരും പാലിക്കുന്നില്ല.

വിധികര്‍ത്താക്കള്‍ക്ക് നൃത്തത്തെക്കുറിച്ച് മാത്രമല്ല, നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും അറിവുവേണം. ഒരു ആദിവാസി പെണ്‍കൊടി നാടോടി നൃത്തത്തില്‍ പരാമര്‍ശിക്കുന്നത് പുരാവസ്തു ഗവേഷണത്തെക്കുറിച്ചാണ്. ആദിവാസിക്ക് അറിവുള്ള മേഖലയാണോ അതെന്നാണ് കണ്ണന്റെ ചോദ്യം.

ഇത്തവണത്തെ കലോത്സവത്തിനായി 30 പാട്ടുകളാണ് കണ്ണന്‍ എഴുതിയത്. അതില്‍ ഇരുപതോളം എണ്ണം അവതരിപ്പിച്ചു. നാടോടി നൃത്തത്തില്‍ മാമ്പഴത്തതിന് ഒന്നാം സ്ഥാനവും കാഞ്ചന, താടക എന്നിവക്ക് രണ്ടാം സ്ഥാനവും നേടനായി. തൃശൂര്‍ ഇരവിമംഗലം സ്വദേശിയാണ്. താടക, ഹുഡുംബി, അഖൂരി, തത്വമസി, പൈതൃകം, പൊട്ടന്‍തെയ്യം എന്നിവയാണ് പ്രധാന നാടോടിനൃത്തങ്ങള്‍. മലപ്പുറം കലോത്സവത്തില്‍ വാവര്‍ എന്ന ഭരതനാട്യത്തിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. മഹാത്മാഗാന്ധിയെ വിഷയമാക്കി ഇത്തവണ കുച്ചിപ്പുടിക്ക് ഗാനമെഴുതിയതും മാമ്പഴം, രമണന്‍ എന്നീ കൃതികള്‍ മോഹനിയാട്ട രൂപത്തിലാക്കിയതും കണ്ണന്‍ തെയാണ്. ഭരതനാട്യവും കുച്ചുപ്പുടിയും നാടോടിനൃത്തവും പഠിപ്പിക്കുന്നുണ്ട്. 14 ബാലേകള്‍ക്ക് പാട്ടെഴുതി സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.