എച്ച് എല്‍ എല്ലിന് 6.43 കോടി രൂപയുടെ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ അവാര്‍ഡ്

0

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ നൂതന ഗ്രാഫീന്‍ കോണ്ടം പദ്ധതിക്ക് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 6.43 കോടിരൂപയുടെ ഗ്രാന്റ് ചലഞ്ചസ് എക്‌സ്‌പ്ലൊറേഷന്‍ ഫെയ്‌സ്ടു അവാര്‍ഡ് ലഭിച്ചു. സ്വാഭാവിക റബറും കാര്‍ബണ്‍ അധിഷ്ഠിത ഗ്രാഫീനും സംയോജിപ്പിച്ച് നിര്‍മിക്കുന്ന ഗര്‍ഭനിരോധന ഉറയുടെ പ്രാഥമികാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിനും പരീക്ഷണത്തിനുമാണ് എച്ച്എല്‍എല്‍ ശാസ്ത്രജ്ഞനായ ഡോ. ലക്ഷ്മി നാരായണന്‍ രഘുപതിയുടെ ഗവേഷണ പദ്ധതിക്ക് 964,240 അമേരിക്കന്‍ ഡോളറിന്റെ (6,43,06,393 രൂപ) അവാര്‍ഡ് ലഭിച്ചത്. ഗ്രാഫീന്‍ ഗര്‍ഭനിരോധന ഉറയുടെ ഉല്‍പ്പാദനത്തിനായുള്ള പദ്ധതിക്ക് നേരത്തെ ബി എം ജി എഫിന്റെ 100,000 യുഎസ് ഡോളര്‍ ഫണ്ടായി ലഭിച്ചിരുന്നു. 

ലൈംഗിക സംതൃപ്തിയും ഗര്‍ഭ നിരോധന ഉറയുടെ മൂല്യവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാഫീന്‍ അധിഷ്ഠിത പോളിമര്‍ സംയുക്തങ്ങളില്‍ ഉയര്‍ന്ന ചൂട് കടത്തിവിടുന്നതിനും സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഔഷധഗുണം നല്‍കുന്നതുമായ മാതൃകാ കോണ്ടം നിര്‍മ്മിക്കുന്നതിനുള്ള പരീക്ഷണമാണ് ഗവേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഡോ. ലക്ഷ്മി നാരായണന്‍ രഘുപതിയുടെ സംഘം വിജയകരമായി പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തിലെ നിക്ഷേപം ഗ്രാഫീന്‍ മിശ്രിത സ്വാഭാവിക റബറധിഷിഠിത കോണ്ടത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുമെന്ന് എച്ച്എല്‍എല്‍ സി എം ഡി ഡോ.എം.അയ്യപ്പന്‍ പറഞ്ഞു. ഗ്രാഫീന്‍ സ്വാഭാവിക റബ്ബറില്‍ ഉള്‍പ്പെടുത്തുന്നതിനും, ഗുണമേന്‍മ നിര്‍ണയം, രോഗാണു വ്യാപന പരിശോധന, ഗര്‍ഭനിരോധന ഉറയുടെ സുസ്ഥിരത, സുരക്ഷ, കാര്യക്ഷമത എന്നിവ കണ്ടെത്തുന്നതിനുമുള്ള പരീക്ഷണത്തിനും തുക വിനിയോഗിക്കും. 

പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ അവസാനത്തോടെ മധ്യദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളിലുള്‍പ്പെടെ ലോകമെമ്പാടും ഗ്രാഫീന്‍ കോണ്ടത്തിന്റെ വിപണനം തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പോളിമര്‍ അധിഷ്ഠിത കോണ്ടം വികസിപ്പിക്കുന്നതിനായി ഗ്രാന്റ് ചലഞ്ചസ് എക്‌സ്‌പ്ലൊറേഷന്‍ റൗണ്ട്12 ലാണ് ഡോ.ലക്ഷ്മിനാരണന്‍ രഘുപതിക്ക് നേരത്തെ ഫണ്ട് ലഭിച്ചത്. വികസ്വര രാഷ്ട്രങ്ങളിലെ ജനങ്ങളെ ചികിത്സിക്കുന്നതിനും രോഗമുക്തരാക്കുന്നതിനും അവരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പര്യാപ്തമായ വെല്ലുവിളികള്‍ ശാസ്ത്രജ്ഞരുടെ സഹായത്തോടെ ഏറ്റെടുക്കുക എന്നതാണ ബിഎംജിഎഫിന്റെ ഗ്രാന്‍ഡ് ചലഞ്ചസ് എക്‌സ്‌പ്ലൊറേഷന്റെ ദൗത്യം