കലാമിന്റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി അരുണ്‍ലാല്‍

കലാമിന്റെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി അരുണ്‍ലാല്‍

Friday July 29, 2016,

2 min Read

ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുന്ന ഒട്ടേറെ കലാകാരന്മാര്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവരിനിന്നെല്ലാം സി എം അരുണ്‍ലാല്‍ എന്ന ചി്രതകാരനെ മാറ്റി നിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടെറെയുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരാളുടെതന്നെ വിവിധ ഭാവങ്ങളിലും രൂപങ്ങളിലുമുള്ള എണ്‍പതിലധികം ചിത്രങ്ങള്‍ വരച്ചാണ് അരുണ്‍ലാല്‍ വ്യത്യസ്ഥനാകുന്നത്. മറ്റാരുമല്ല ഇന്ത്യയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച മുന്‍രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമാണ് അരുണ്‍ലാലിന്റെ ചിത്രങ്ങള്‍ക്കാധാരം.

image


കലാമിന്റെ കടുത്ത ആരാധകനും സോഫ്ട് വെയര്‍ എന്‍ജിനീയറുമായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സി എം അരുണ്‍ലാല്‍ ചാര്‍ക്കോളില്‍ വരച്ച ചിത്രങ്ങളോരോന്നും ജീവന്‍ തുടിക്കുന്നവയാണ്. അരുണ്‍ലാലിന് എല്ലാ പിന്തുണയുമായി ഭാര്യ വൈദേഹിയും ചിത്രരചനാ രംഗത്തുണ്ട്. കലാമിന്റെ ശ്രദ്ധിക്കപ്പെടുന്ന പല ചിത്രങ്ങളും വൈദേഹിയും വരച്ചിട്ടുണ്ട്.

മുട്ടയില്‍, കല്ലില്‍, ഗുളികയില്‍, കുപ്പിയില്‍, ബദാംപരിപ്പില്‍, മണ്‍കലത്തില്‍ എന്നിങ്ങനെ ചിത്രരചനക്ക് വിവിധ മാധ്യമങ്ങളാണ് അരുണ്‍ലാല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍, അനാഫോര്‍മിക് ആര്‍ട്ട്, കലാമിന്റെ പേര് ഉപയോഗിച്ചുള്ള ചിത്രം ഇങ്ങനെ വ്യത്യസ്ഥമായി രീതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. കലാം നേരിട്ട് ഓട്ടോഗ്രാഫ് നല്‍കിയ ചിത്രവും അരുണ്‍ലാലിന്റെ ശേഖരത്തിലുണ്ട്.

image


കലാമിന്റെ കുട്ടിക്കാലത്തില്‍ തുടങ്ങി അദ്ദേഹം മരണമടഞ്ഞ ദിവസം വരെയുള്ള ചിത്രങ്ങള്‍ ഒരുവര്‍ഷത്തിനിടെ അരുണ്‍ വരച്ചിട്ടുണ്ട്. കുഞ്ഞുകലാമിനൊപ്പം ബാല്യവും യൗവ്വനവും വാര്‍ധക്യവുമെല്ലാം വരച്ചുകാട്ടുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റിയുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് സമ്മാനിക്കുന്നത്. കലാം, വിക്രം സാരാഭായിയോടും ബറാക്ക് ഒബാമക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളെല്ലാം അരുണ്‍ലാലിന്റെ സൃഷ്ടിയായുണ്ട്.

കലാം തന്റെ പ്രിയപ്പെട്ട മണിവീണ വായിക്കുന്ന ചിത്രവും കലാമിന്റെ പ്രശസ്തമായ വാചകങ്ങള്‍ കൊണ്ട് അദ്ദേഹത്തെ വരച്ചുകാട്ടിയിരിക്കുന്ന ചിത്രവുമെല്ലാം കലാമിനെക്കുറിച്ചുള്ള സ്മരണകള്‍ ജനിപ്പിക്കുന്നവയാണ്. ജിഗ്‌സാ പസില്‍ ഡ്രായിംഗ്, ഹെയര്‍ ഡ്രായിംഗ്, ബ്ലോക്ക് ഡ്രായിംഗ്, ഇയര്‍ബഡ്‌സ് ഡ്രായിംഗ്, ട്രീ ഡ്രായിംഗ്, ചൈല്‍ഡിഷ് ഡ്രായിംഗ് എന്നിങ്ങനെ ഒരു വ്യക്തിയെ പല രീതിയില്‍ വരച്ചുകാട്ടുന്ന ചിത്രരചന കാണുന്നവര്‍ക്ക് മിക്കവര്‍ക്കും ആദ്യത്തെ അനുഭവമാണ്.

image


ലെന്‍സ് കൊണ്ട് നോക്കി കാണാവുന്ന സൂക്ഷ്മ ചിത്രങഅഹളും അരുണ്‍ലാലിന്റേതായുണ്ട്. അരയാലില, ബദാം പരിപ്പ്, ഗുളിക എന്നിവയില്ലെല്ലാം ഇത്തരത്തില്‍ വളരെ മനോഹരമായാണ് കലാമിനെ വരച്ചുകാട്ടിയിരിക്കുന്നത്. കടലാസില്‍ അവ്യക്തമായ രീതിയില്‍ വരച്ചശേഷം അടുത്ത് വച്ചിരിക്കുന്ന സ്റ്റീല്‍ ഗ്ലാസിലൂടെ കലാമിന്റെ വ്യക്തമായ രൂപം കാണാന്‍ കഴിയുന്ന അനാമോര്‍ഫിക് ചിത്രങ്ങള്‍ വളരെ ശ്രദ്ധിക്കപ്പെടുന്നവയാണ്. വെളുപ്പിനും കറുപ്പിനും തുല്യ പ്രാധാന്യം നല്‍കിയുള്ളവയാണ് ചിത്രങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്.

കുത്തുകള്‍ മാത്രം ഉപയോഗിച്ചുള്ള കലാം, ന്യൂജെന്‍ സ്‌റ്റൈലായ പ്രിസ്മ രീതിയിലുള്ളത്, ബ്ലോക്കുകള്‍ മാത്രം ഉപയോഗിച്ചുള്ളവ, കലാമിന് അദൃശ്യ ചിറകുകള്‍ നല്‍കിയിരിക്കുന്നത് എന്നിങ്ങനെ പല രീതികളിലാണ് ചിത്രം വരച്ചുകാട്ടിയിരിക്കുന്നത് തേയിലപ്പൊടി കൊണ്ടുള്ള ചിത്രം, മുത്തുകള്‍ കോര്‍ത്തുള്ള ചിത്രം, പത്ര കട്ടിംഗുകള്‍കൊണ്ടുള്ള ചിത്രം എന്നിങ്ങനെയാണ് വൈദേഹിയുടെ ചിത്രങ്ങള്‍.

image


കലാമിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 85 ചിത്രങ്ങള്‍ ചേര്‍ത്ത് അരുണ്‍ പരദര്‍ശനം സംഘടിപ്പിച്ചിരുന്നു. 84ാം വയസില്‍ വിടപറഞ്ഞ അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ 85 വയസ് എന്ന സന്ദേശം കൂടി ഉള്‍ക്കൊള്ളിച്ചാണ് 85 ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് അരുണ്‍ലാല്‍ പറഞ്ഞു. കലാം ഓട്ടോഗ്രാഫ് നല്‍കിയതൊഴികെ അദ്ദേഹത്തിന്റെ വിയോഗ ശേഷം വരച്ച ചിത്രങ്ങളാണ് ഒട്ടുമിക്കവയും. കുട്ടിക്കാലം മുതല്‍ വരയ്ക്കുന്ന ശീലം അരുണിനുണ്ട്. ചിത്രരചന പഠിച്ചിട്ടില്ല. ചിത്രരചനക്ക് പുറമേ മിമിക്രിയിലും മോണോ ആക്ടിലുമെല്ലാം പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ജോലിക്കിടെ അവധി ദിവസങ്ങളിലാണ് ചിത്രരചനക്ക് സമയം കണ്ടെത്തുന്നത്.കലാമിന്റെ വിയോഗത്തിന് ഒരു മാസശേഷം അദ്ദേഹത്തിന്റെ മുപ്പത് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രദര്‍ശനം തലസ്ഥാനത്ത് നടത്തിയിരുന്നു. 100 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കലാമിന്റെ ജന്മനാടായ രാമേശ്വരത്ത് ഒരു പ്രദര്‍ശനം സംഘടിപ്പിക്കണമെന്ന ആഗ്രഹവും അരുണ്‍ലാലിനുണ്ട്.