അർഹതപ്പെട്ട ഭവനരഹിതർക്ക് സർക്കാരിന്റെ സമ്പൂർണ ഭവന നിർമാണ പദ്ധതി (ലൈഫ്)  

0

മാനസിക വെല്ലുവിളി നേരിടുന്നവർ, അന്ധർ, ശാരീരിക തളർച്ച ബാധിച്ചവർ, അഗതികൾ, അംഗവൈകല്യമുള്ളവർ, ഭിന്നലിംഗക്കാർ, ഗുരുതരരോഗമുള്ളവർ, അവിവാഹിതരായ അമ്മമാർ എന്നീ ഗണത്തിൽപ്പെട്ട ഭവനരഹിതരായവർക്കാണ് മുൻഗണന. ഇന്നു ചേർന്ന പദ്ധതി അവലോകനയോഗത്തിൽ ഇക്കാര്യങ്ങൾ സംസാരിച്ചു.

അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭവനരഹിതർക്കും വീടു നിർമിച്ചു നൽകുന്നതാണു ലൈഫ് പദ്ധതി. ഭവനനിർമാണം പൂർത്തിയാക്കാൻ കഴിയാത്തവർക്കും വാസയോഗ്യമല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്നവർക്കും പുറമ്പോക്കിലോ തീരദേശമേഖലയിലോ തോട്ടം മേഖലയിലോ താത്കാലിക ഭവനമുള്ളവർക്കും പദ്ധതിയുടെ ഗുണഭോക്താക്കളാവാം. തദ്ദേശ ഭരണ സ്ഥാപന പരിധിയിലെ കുടുംബശ്രീ പ്രവർത്തകർ മുഖേന സർവേ നടത്തി വാർഡ് അടിസ്ഥാനത്തിൽ തരംതിരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങൾ സ്വീകരിച്ച ശേഷമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. അർഹതയുള്ള എല്ലാവർക്കും വീട് ലഭ്യമാക്കും.

അഞ്ച് വർഷത്തിനുള്ളിൽ നാലു ലക്ഷത്തി മുപ്പത്തിരണ്ടായിരം വീടുകൾ നിർമിച്ചുനൽകുന്നതിന് 16, 700 കോടി രൂപ ആവശ്യമായിവരും. ഇതിൽ എണ്ണായിരം കോടി രൂപ അഞ്ചുവർഷം കൊണ്ട് സമാഹരിക്കാവുന്നതാണ്. അധികമായി വരുന്ന 8,700 കോടി രൂപ മിഷൻ കണ്ടെത്തേണ്ടിവരും.

പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകളുടെ വിസ്തീർണം അറുനൂറ് സ്‌ക്വയർഫീറ്റിൽ അധികരിക്കരുത്. പൊതു വിഭാഗക്കാർക്ക് മൂന്നുലക്ഷം രൂപയും പട്ടികജാതിക്കാർക്ക് മൂന്നര ലക്ഷം രൂപയുമാണ് നിലവിൽ ധനസഹായത്തുക. പട്ടികവർഗക്കാർക്ക് ജില്ലാ സമിതി അനുയോജ്യമായ നിരക്ക് നിശ്ചയിക്കും. ഭൂരഹിത ഭവനരഹിതരായ 1.58 ലക്ഷം പേരാണുള്ളത്. ആകാവുന്നത്ര കെട്ടിട സമുച്ചയങ്ങൾ നിർമിച്ച് ഇവരെ പുനരധിവസിപ്പിക്കും. ആദ്യഘട്ടത്തിൽ ആറു സ്ഥലങ്ങളിൽ അറുനൂറുപേർക്ക് ഭവനസമുച്ചയം നിർമിച്ചു നൽകും.

പാർപ്പിട സമുച്ചയത്തിലേക്ക് മാറ്റുന്നവരുടെ കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും മികച്ച വരുമാനം ലഭ്യമാകുന്ന തൊഴിൽ ഉറപ്പാക്കും. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും വിനോദത്തിനും ആരോഗ്യ പരിപാലനത്തിനും ആവശ്യമായ സൗകര്യങ്ങൾ ഈ സമുച്ചയങ്ങൾക്കു സമീപം ഉറപ്പാക്കും. പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്താനുള്ള ചുമതല അതത് ജില്ലാ കളക്ടർമാർക്കാണ്. ഫെബ്രുവരി പതിനഞ്ചിനകം ഇതു സംബന്ധമായ സർവേ നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടപ്പാട്: ജി ആര്‍ കാര്‍ത്തിക