വൈകല്യത്തെ സ്വപ്നങ്ങള്‍കൊണ്ട് മറികടന്ന് സ്വപ്ന അഗസ്റ്റിന്‍

4

കറുത്തു പോയി, വണ്ണം കൂടി പോയി, അല്ലെങ്കില്‍ കുറഞ്ഞു പോയി എന്നൊക്കെപ്പറഞ്ഞ് കുറവുകള്‍ എടുത്തുകാട്ടി പരാതിപ്പെടുന്നവരാണ് നമ്മങ്ങളില്‍ ഭൂരിഭാഗവും. ഒരു മുഖക്കുരു വന്നാല്‍ പോലും ദൈവമേ തനിക്കിതു വന്നല്ലോ എന്ന് പറയുന്ന കുട്ടികളാണിന്നേറെയും. എന്നാല്‍ രണ്ട് കൈ ഇല്ലാതിരുന്നിട്ടും അതൊരു കുറവായി കരുതാന്‍ സ്വപ്നയ്ക്ക് മനസ്സില്ല.തന്റെ വൈകല്യത്തെ മറികടന്ന് ചിത്രരചനയുടെ പടവുകള്‍ കയറുകയാണ് ഇവള്‍. 

കുറവുകളെ ആലോചിച്ച് കരയുന്നതിലും ദൈവം തനിക്ക് തന്ന കഴിവിനെ ആലോചിച്ച് സന്തോഷിക്കാനാണ് സ്വപ്ന ആഗ്രഹിക്കുന്നത്. ഇരു കൈകള്‍ ഇല്ലാതിരുന്നിട്ടും സ്വപ്ന ചിത്രങ്ങള്‍ അതി മനോഹരമായി വരയ്ക്കുന്നു. ഈ ചിത്രങ്ങള്‍ ലോക ജനതയെത്തന്നെ അമ്പരപ്പിക്കും വിധമാണെന്നതില്‍ സംശയമില്ല.കൈകള്‍ ഇല്ലാത്ത സ്വപ്ന പിന്നെ എങ്ങനെ വരയ്ക്കുന്നുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകാം..... കാലുകള്‍ കൊണ്ടാണ് തന്റെ ഈ കലാവാസന അവള്‍ വികസിപ്പിച്ചെടുത്തത്.

എല്ലാ പ്രതിസന്ധികളും നേരിട്ട് ജീവിത വിജയം നേടാന്‍ കാരണം മാതാപിതാക്കളും പിന്നെ സര്‍വ്വശക്തനായ ഈശ്വരനുമാണെന്ന് സ്വപ്ന പറയുന്നു. എറണാകുളത്ത് സോഫിയുടേയും അഗസ്റ്റിന്റെയും മകളായി സ്വപ്ന ജനിച്ചപ്പോള്‍ തങ്ങളുടെ യശസ്സ് അവള്‍ ഉയര്‍ത്തുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. മകളുടെ വൈകല്യത്തെയും ദൈവത്തേയും പഴിപറഞ്ഞ് നാല് ചുമരുകള്‍ക്കുള്ളില്‍ സ്വപ്നയെ ഒതുക്കാന്‍ ആ ദമ്പതികള്‍ തയ്യാറായില്ല. കാലുകള്‍ കൊണ്ട് മണലില്‍ അക്ഷരം എഴുതിച്ചായിരുന്നു വിദ്യാരംഭം.

അയ്യപ്പന്‍ മാഷിന്റെ ശിക്ഷണത്തില്‍ അക്ഷരം പഠിച്ചു.നാല് വയസ്സില്‍ സ്‌കൂളില്‍ ചേര്‍ത്ത് അധികം നാള്‍ കഴിയുന്നതിനു മുമ്പ് തന്നെ സ്വപ്നയുടെ ചിത്രകലയിലുള്ള പ്രാവീണ്യം എല്ലാവരും അറിഞ്ഞ് തുടങ്ങിയിരുന്നു.സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ചിത്രരചനാ മത്സരങ്ങളില്‍ പുരസ്‌കാരങ്ങള്‍ സ്വപ്നയെ തേടിയെത്തി. സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസത്തിന് ശേഷംMFPA, Mouth and foot painting Artist Assosciation ല്‍ ചേര്‍ന്നു. അവിടെ നിന്നു കിട്ടിയ ഉപദേശപ്രകാരം തന്റെ കഴിവുകള്‍ തേച്ച് മിനുക്കിയെടുക്കുവാന്‍ കലാഗ്രാമത്തില്‍ ചേര്‍ന്ന് 2 വര്‍ഷം ചിത്രകലാ പഠനം അഭ്യസിച്ചു. 

ദേശീയ അന്തര്‍ദേശീയ തലത്തിലും സ്വപ്നയുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അതു കൊണ്ടു തന്നെ നാട്ടില്‍ നിന്നും വിദേശത്ത് നിന്നുമൊക്കെ ചിത്രങ്ങള്‍ കാണാനും വാങ്ങാനും ആളുകളെത്തി. വൈകല്യങ്ങള്‍ ഒന്നിനും ഒരു തടസമല്ലെന്നും ഉറച്ചു വിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ നമുക്ക് ചെയ്യാന്‍ കഴിയാത്തതായ് ഒന്നും തന്നെയില്ലയെന്ന് തെളിയിക്കുകയാണ് ഈ പെണ്‍കരുത്ത്. ചിത്രങ്ങള്‍ വരച്ച് മാത്രം ഒതുങ്ങാന്‍ ഈ കലാകാരി തയ്യാറല്ല. 

തന്നെപ്പോലെയുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രചോദനം നല്‍കാനും സ്വപ്ന തന്റെ സമയം മാറ്റിവെയ്ക്കാറുണ്ട്. വൈകല്യത്തെ ഉയര്‍ത്തിക്കാട്ടി ഒതുക്കി വെയ്‌ക്കേണ്ടതല്ല തങ്ങളുടെ ജന്മമെന്ന ഈ സന്ദേശം എല്ലാവരിലും തന്റെ ജീവിതത്തിലൂടെ അവര്‍ കാട്ടിത്തരുന്നു. Exhibitions ലുടെ കുട്ടികളുമായി സമയം പങ്കിടാന്‍ സ്വപ്ന ശ്രമിക്കാറുണ്ട്. തങ്ങള്‍ക്ക് നേടാന്‍ ഒരുപാടുണ്ടെന്നും ആത്മവിശ്വാസവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ എല്ലാം കൈപ്പിടിയിലൊതുക്കാമെന്ന സന്ദേശം ഏറെ കുട്ടികള്‍ക്ക് പ്രചോദനമേകിയിട്ടുണ്ട്. സാമുഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും സ്വപ്ന സജീവ സാന്നിദ്ധ്യമാണ്. വൈകല്യത്തെ അതിജീവിച്ച് തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന സ്വപ്ന ലോകത്തിന് തന്നെ മാതൃകയാവുകയാണ്.