പ്രതീക്ഷ നല്‍കി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനം

0

ഐ ടി വികസന സ്വപ്നങ്ങള്‍ക്ക് കരുത്തു നല്‍കി ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനം. 2020 ഓടെ ഐ ടി വ്യവസായം 300 ബില്യണ്‍ ഡോളറിലേക്ക് വളരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതാണ് കേന്ദ്ര ഐ ടി നയത്തിലും ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തേതിന്റെ 3.5 ഇരട്ടി വര്‍ധനയാണ് നാലു വര്‍ഷം കഴിയുമ്പോള്‍ പ്രതീക്ഷിക്കുന്നത്. 2020ഓടെ ഐ ടി രംഗത്ത് 10 മില്യണോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന കണക്കു കൂട്ടലിലാണ് രാജ്യം. വന്‍ നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ ഐ.ടി വ്യവസായം പൂര്‍ണ്ണ തോതില്‍ വളര്‍ച്ച പ്രാപിച്ചതിനാല്‍ ഭാവിയിലെ അവസരങ്ങള്‍ ഇനി കാത്തിരിക്കുന്നത് രണ്ടാം കിട, മൂന്നാം കിട നഗരങ്ങളിലാണ്. കൊച്ചിയാകട്ടെ രണ്ടാം ശ്രേണിയിലെ (Tier 2) നഗരങ്ങളില്‍ പ്രധാന നഗരമായാണ് കണക്കാക്കുന്നത്. ഈ പ്രതീക്ഷ മുന്‍നിര്‍ത്തിയാണ് ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന് കൊച്ചിയില്‍ തിരിതെളിയുന്നത്. രണ്ടാംഘട്ടത്തില്‍ 9.37 ഏക്കറില്‍ സ്ഥാപിക്കുന്ന ഐ ടി പാര്‍ക്കിന്റെ ഉടമ്പടി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി.

രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നതോടെ ഇപ്പോള്‍ ഇന്‍ഫോപാര്‍ക്ക് സ്ഥിതി ചെയ്യുന്നതും സ്മാര്‍ട്ട്‌സിറ്റി വരുന്നതുമായ കൊച്ചിയിലെ കടമ്പ്രയാറിന്റെ തീരം വലിയൊരു ഐ.ടി വിപ്ലവത്തിന് സാക്ഷ്യം വഹിക്കും. ഏഴ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന രണ്ടാം ഘട്ടപദ്ധതിക്ക് വിവിധ ഘട്ടങ്ങളാണുള്ളത്.

350 ഏക്കറോളം ഭൂമിയില്‍ പല പാര്‍ക്കുകളിലായാണ് ഇന്‍ഫോപാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 120 ഏക്കറാണ് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 160 ഏക്കറിലാണ് വികസന പദ്ധതികള്‍ വരുന്നത്. ആദ്യഘട്ടത്തില്‍ 56 ലക്ഷം ചതുരശ്ര അടിയാണ് ബില്‍റ്റ് അപ്പ് ഏരിയയെങ്കില്‍ രണ്ടാം ഘട്ടത്തില്‍ 80 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ബില്‍റ്റ് അപ്പ് ഏരിയയാണ് വരുന്നത്. ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് കണക്കാക്കുന്ന ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനത്തിന് മുടക്കുമുതല്‍ പ്രതീക്ഷിക്കുന്നത് 2500 കോടി രൂപയാണ്.

രണ്ടാം ഘട്ട വികസനത്തില്‍ 80,000ത്തോളം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കു കൂട്ടല്‍. ഇതില്‍ ഐ.ടി, ഐ.ടി ഇതര ജോലികള്‍ ഉള്‍പ്പെടും. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി എന്നിവ ചേര്‍ത്ത് എട്ട് വര്‍ഷം കൊണ്ട് ഉണ്ടാകുന്നത് രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങളാണ്.

ഇതില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, റെസ്റ്റൊറന്റുകള്‍, മള്‍ട്ടിപ്ലക്‌സ്, മാളുകള്‍, ട്രെയ്‌നിംഗ് സെന്ററുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, ബജറ്റ് ഹൗസിംഗ്, ഡേ കെയര്‍ സെന്റര്‍, ക്ലിനിക്ക്, ഗസ്റ്റ് ഹൗസ്, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, സ്‌പോര്‍ട്‌സ് സെന്റര്‍, മീഡിയ പാര്‍ക്ക്, പവര്‍ സ്റ്റേഷന്‍ എന്നിങ്ങനെയുള്ള എല്ലാ സൗകര്യങ്ങളുമടങ്ങിയ ഒരു പൂര്‍ണ്ണ ഐ.ടി ടൗണ്‍ഷിപ്പായാണ് ഇന്‍ഫോപാര്‍ക്ക് വിഭാവനം ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം, മാലിന്യസംസ്‌കരണ സൗകര്യങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കും.

മള്‍ട്ടിനാഷണല്‍ ഐ.ടി കമ്പനികളാണ് ആദ്യത്തെ വിഭാഗം. എല്‍ ആന്‍ഡ് ടി, ലീല പോലുള്ള കോ ഡെവലപ്പേഴ്‌സാണ് രണ്ടാമത്തെ വിഭാഗം. മാത്രമല്ല, മാള്‍, മള്‍ട്ടിപ്ലക്‌സ്, ഹോട്ടല്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളൊരുക്കുന്ന ഹോസ്പിറ്റാലിറ്റി വിഭാഗവുമുണ്ടാകും. 50 ശതമാനം സ്ഥലം ഐടിക്കായി മാറ്റിവെക്കണം. ബാക്കി 50 ശതമാനം സ്ഥലത്താണ് മറ്റ് അനുബന്ധ സൗകര്യങ്ങള്‍ വരുന്നത്. പക്ഷെ ഐ.ടി കമ്പനികളെ കൊണ്ടുവരുന്നതിനും പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായിരിക്കും ആദ്യം പ്രാധാന്യം നല്‍കുക. പിന്നീടാകും മറ്റു സൗകര്യങ്ങള്‍ ഒരുക്കുക.

മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഋഷികേശ്‌നായര്‍, ജോര്‍ജ്അലക്‌സാണ്ടര്‍ എന്നിവരാണ് രണ്ടാംഘട്ട ഉടമ്പടി കൈമാറ്റം നടത്തിയത്. ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ടം വികസനത്തിന്റെ ആദ്യഘട്ടം 2018 ഓടെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. പത്തുലക്ഷം ചതുരശ്ര അടിയിലാണ് കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുന്നത്. അഞ്ചുലക്ഷം ചതുരശ്ര അടി വീതമുള്ള രണ്ട് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ആദ്യഘട്ടത്തില്‍ 8000 പേര്‍ക്ക് തൊഴില്‍ലഭ്യമാകുമെന്ന് ഐടി പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍, ജോര്‍ജ് ജേക്കബ്, ജോര്‍ജ്ജ് വര്‍ഗീസ്, ഇന്‍ഫോപാര്‍ക്ക് മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ രാജീവന്‍ എന്നിവരും സന്നിഹിതരായിരുന്നു