പരിശ്രമത്തിന് പേര് ഡോ. കലാം

പരിശ്രമത്തിന് പേര് ഡോ. കലാം

Wednesday January 06, 2016,

1 min Read


ഇന്ത്യന്‍ യുവാക്കള്‍ക്ക് എക്കാലത്തും പ്രചോദനമേകിയ അതുല്യ പ്രതിഭയാണ് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തെങ്കിലും യുവാക്കളുടെ ഇടയില്‍ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഹിമാചല്‍ പ്രദേശിലെ സ്പിതി താഴ്‌വരയിലുള്ള കൊടുമുടി 6,180 മീറ്റര്‍ ഉയരത്തില്‍ കയറി അതിനു കലാമിന്റെ പേരു നല്‍കിയാണ് അര്‍ജുന്‍ വാജ്‌പേയ്, ഭുപേഷ് കുമാര്‍ എന്നീ രണ്ടു യുവാക്കള്‍ അദ്ദേഹത്തിനോടുള്ള ആദരവ് അര്‍പ്പിച്ചത്.

image


നോയിഡയില്‍ നിന്നുള്ള 22 കാരനായ അര്‍ജുന്‍ വാജ്‌പേയ് 2010 മേയില്‍ എവറസ്റ്റ് കൊടുമുടി കയറിയിരുന്നു. എവറസ്റ്റ് കയറുന്ന ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വ്യക്തി എന്ന ബഹുമതിയും ഇതോടൊപ്പം നേടി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയാണ് ഭുപേഷ് കുമാര്‍. ചെറുതും വലുതുമായ 17 കൊടുമുടികളില്‍ ഇതിനു മുന്‍പ് ഭുപേഷ് കയറിയിട്ടുണ്ട്.

കീഴടക്കാന്‍ കഴിയാത്ത 300 കൊടുമുടികള്‍ ഇന്ത്യയിലുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇവയെല്ലാം ആറായിരം അടി ഉയരത്തിലാണ്. ഈ ഉദ്യമത്തിലൂടെ കീഴടക്കാന്‍ കഴിയില്ലെന്നു കരുതുന്ന കൊടുമുടികള്‍ കയറാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നാണ് അര്‍ജുന്റെ വിശ്വാസം.

സാധാരണ എല്ലാവരും വളരെ പ്രശസ്തമായതും അതല്ലെങ്കില്‍ എല്ലാവരും അറിയപ്പെടുന്നതുമായ കൊടുമുടികളാണ് പര്‍വതാരോഹണത്തിന് തിരഞ്ഞെടുക്കുന്നത്. നമ്മുടെ രാജ്യത്ത് മറഞ്ഞിരിക്കുന്ന നിരവധി കൊടുമുടികള്‍ ഉണ്ടെന്ന കാര്യം ഇവര്‍ മനസ്സിലാക്കിയിട്ടില്ല. ഇതുവരെ ആരും അറിയാത്ത കൊടുമുടികള്‍ കീഴടക്കുക എന്നൊരു പ്രവണതയ്ക്ക് തുടക്കമിടാനാണ് ഇതിലൂടെ ഞങ്ങള്‍ ശ്രമിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞു.

സ്പിതി താഴ്‌വരയിലുള്ള ഇതുവരെ ആരും കീഴടക്കാത്ത കൊടുമുടി കീഴടക്കുക എന്നത് ശരിക്കുമൊരു വെല്ലുവിളിയായിരുന്നു. അനന്തമായി ആഴത്തില്‍ നീണ്ടു കിടക്കുന്ന മഞ്ഞും, മറഞ്ഞിരിക്കുന്ന ഹിമപ്പരപ്പിലെ വിള്ളലുകളും, പാറക്കൂട്ടങ്ങളും എല്ലാം ഉണ്ടായിരുന്നു. തണുത്ത കാലാവസ്ഥ പര്‍വതാരോഹണത്തിന് വളരെയേറെ ബുദ്ധിമുണ്ടാക്കി. പക്ഷേ ഇതിനെയൊക്കെ തരണം ചെയ്ത് ഞങ്ങള്‍ വിജയം നേടിയെന്ന് അര്‍ജുന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബറ ഷിഗ്‌റി ഗ്ലേഷ്യറിനു സമീപമാണ് പുതുതായി പേര് നല്‍കിയ കലാം കൊടുമുടിയും സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ രണ്ടാമത്തെ വലിയ ഗ്ലേഷ്യറാണ് ബറഷിഗ്‌റി.