ഭഗത് സിംഗിനെ ഏറ്റെടുക്കാന്‍ വെമ്പുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍

ഭഗത് സിംഗിനെ ഏറ്റെടുക്കാന്‍ വെമ്പുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍

Wednesday March 30, 2016,

4 min Read

രാജ്യ സ്വാതന്ത്ര്യത്തിനായി ജീവന്‍ വെടിഞ്ഞ ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം എക്കാലവും ആവേശം പകരുന്ന ഒന്നാണ്. ജീവിച്ചിരുന്ന ഭഗത് സിംഗ് പിന്തുടര്‍ന്നിരുന്ന ആശയങ്ങളും വിശ്വാസ സംഹിതകളും മനസിലാക്കാതെ ഇന്ന് ഭഗത് സിംഗ് എന്ന പേര് എല്ലാവരും ഏറ്റെടുക്കപ്പെടുന്ന ഒരു പ്രതീകമായി മാറിയിരിക്കുകയാണ്. ഇതേക്കുറിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ് യാദവ് യുവര്‍സ്‌റ്റോറിയിലൂടെ തന്റെ നയം വ്യക്തമാക്കുകയാണ്.

image


ഷഹീദ് ഭഗത് സിങ് വളരെ പെട്ടെന്നാണ് ചര്‍ച്ചാവിഷയമായത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംസാരിക്കുന്നത് അദ്ദേഹത്തെക്കുറിച്ചാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ രാഹുല്‍ ഗാന്ധിയും അരവിന്ദ് കേജ്‌രിവാളും എല്ലാവരും അദ്ദേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഭഗത് സിങ്ങിനു ഭാരതരത്‌നം ലഭിക്കേണ്ടതാണെന്നു അകാലി ദളിന് അടുത്തിടെയാണ് മനസ്സിലായത്. ഇതിനായി അവര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഡല്‍ഹി നിയമസഭാ മന്ദിരത്തിനു പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന തലപ്പാവ് ഇല്ലാത്ത ഭഗത് സിങ്ങിന്റെ പ്രതിമയാണ് അകാലിദളിന്റെ മറ്റൊരു പ്രശ്‌നം. അകാലി ദളിനെപ്പോലെ ബിജെപിയുടെ ഉപദേഷ്ടകരായ ആര്‍എസ്എസും ഭഗത്‌സിങ്ങിനു പുതിയൊരു പരിവേഷം നല്‍ാനുള്ള ശ്രമത്തിലാണ്. ദേശസ്‌നേഹത്തെക്കുറിച്ചുള്ള സംവാദം ഉടലെടുത്തതുപോലെ പെട്ടെന്നായിരുന്നു ഭഗത് സിങ്ങും ചര്‍ച്ചാവിഷയമായത്. ഏതൊരാളുടെയും ദേശസ്‌നേഹത്തെക്കുറിച്ച് പരിശോധിക്കുന്നതിനുള്ള അവസാനത്തെ അളവുകോലാണ് ഭഗത് സിങ്. ശശി തരൂരിനെപ്പോലുള്ള വ്യക്തികള്‍ കനയ്യ കുമാറിനെ ഭഗത് സിങ്ങിനോട് താരതമ്യപ്പെടുത്താനുള്ള ധൈര്യം കാണിച്ചാല്‍ അവരെ ആയിരക്കണക്കിന് കഷ്ണങ്ങളായി മുറിക്കും. അടുത്തിടെ ഞാനൊരു ചാനല്‍ സംവാദത്തില്‍ പങ്കെടുത്തു. ഇത്തരത്തിലൊരു താരതമ്യം ചെയ്തതിന് ഒരു പെണ്‍കുട്ടി എന്നോട് വളരെ രോഷാകുലയായി. ആ പെണ്‍കുട്ടി അസ്വസ്ഥയാവുകയും രോഷാകുലയാവുകയും ചെയ്തതിന്റെ പൊരുള്‍ എനിക്ക് മനസ്സിലാക്കാനാവും.

image


ഭഗത് സിങ് ഇന്ത്യക്കാര്‍ക്കെല്ലാം അഭിവന്ദ്യനായ വ്യക്തിയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വിശ്വപ്രസിദ്ധനായ വ്യക്തിയാണ് ഭഗത് സിങ്. ഗാന്ധിജിയില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് ഭഗത് സിങ് എന്നതും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ഗാന്ധിജി ഒരിക്കലും ഭഗത് സിങ്ങിന്റെ അക്രമം നിറഞ്ഞ പാതയെ അംഗീകരിച്ചിരുന്നില്ല. ഭഗത് സിങ്ങിന്റെ ത്യാഗം രാജ്യം മുഴുവന്‍ മനസ്സിലാക്കിയത് 1931 ല്‍ സുഖ്‌ദേവ്, രാജ്ഗുരു എന്നിവര്‍ക്കൊപ്പം അദ്ദേഹത്തെയും തൂക്കിലേറ്റിയപ്പോഴാണ്. അന്നു വെറും 23 വയസ്സേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്നുവന്ന നിരവധി വിപ്ലവകാരികള്‍ക്ക് അദ്ദേഹം പ്രചോദനമായിട്ടുണ്ട്. എന്നാല്‍ ബിജെപിയും ആര്‍എസ്എസും അവരുടെ മറ്റു അംഗങ്ങളും ഭഗത് സിങ്ങിനെ ദത്തെടുക്കാനുള്ള ശ്രമത്തിലാണ്. ഭഗത് സിങ്ങിനു മുന്‍പ് സര്‍ദാര്‍ പട്ടേലിനെയും സുഭാഷ് ചന്ദ്ര ബോസിനെയും ദത്തെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ആര്‍എസ്എസുമായി ഒരു ബന്ധവുമില്ല. രണ്ടുപേരും കോണ്‍ഗ്രസിന്റെ ശക്തരായ നേതാക്കളായിരുന്നു. അതുപോലെ ആര്‍എസ്എസ് എന്ന സംഘടന സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായിട്ടുമില്ല. സര്‍ദാര്‍ പട്ടേലിന് ആര്‍എസ്എസിന്റെ തത്വശാസ്ത്രങ്ങളോട് ചെറിയൊരു ആകര്‍ഷണം ഉണ്ടായിരുന്നതായി എനിക്കറിയാം. എന്നാല്‍ സുഭാഷ് ബോസിന് ആര്‍എസ്എസിനോട് യാതൊരു മനോഭാവവും പുലര്‍ത്തിയിരുന്നില്ല.

image


അതുപോലെ ഭഗത് സിങ്ങിന് ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ തത്വശാസ്ത്രങ്ങളുമായി ഒരു വിധത്തിലും ബന്ധമുണ്ടായിരുന്നില്ല. അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കില്‍ മോദി സര്‍ക്കാരിനെയും ആര്‍എസ്എസിനെയും വിമര്‍ശിക്കുന്നവരിലെ പ്രധാനിയായിരുന്നേനെ എന്നെനിക്ക് ഉറപ്പുണ്ട്. ജെഎന്‍യു വിഷയത്തില്‍ ആര്‍എസ്എസും മോദി സര്‍ക്കാരും സ്വീകരിച്ച നിലപാട് ഭഗത് സിങ്ങിനെ ഉറപ്പായും കുപിതമാക്കുമായിരുന്നു. ജെഎന്‍യു ഭീകരവാദികളുടെയും ദേശവിരുദ്ധരുടെയും ഒളിത്താവളമാണെന്ന് അപകീര്‍ത്തി പ്രചരിപ്പിച്ചതിനു പിന്നില്‍ ആര്‍എസ്എസും മോദി സര്‍ക്കാരുമാണ്. ആര്‍എസ്എസിനു കമ്യൂണിസ്റ്റുകളോടും വലിയ വിദ്വേഷമുണ്ട്. ജെഎന്‍യുവില്‍ കമ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങള്‍ക്കു വലിയ സ്ഥാനമുണ്ട്. അതിനാല്‍തന്നെ ആര്‍എസ്എസിന്റെ പ്രധാന ലക്ഷ്യകേന്ദ്രമാണ് ജെഎന്‍യു. എപ്പോഴും കമ്യൂണിസ്റ്റുകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന പ്രചരണം ആര്‍എസ്എസ് സംഘടിപ്പിക്കാറുണ്ട്. രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നതായുള്ള വാര്‍ത്ത ജെഎന്‍യുവിനെ ആക്രമിക്കാന്‍ ആര്‍എസ്എസിനു അവസരം കിട്ടി. ഭഗത് സിങ്ങിനെ അവരുടെ ഒരാളാക്കി മാറ്റാന്‍ ആര്‍എസ്എസ് ശ്രമിച്ചപ്പോള്‍ ഇക്കാര്യമാണ് എന്നെ അമ്പരിപ്പിച്ചത്.

image


ഭഗത് സിങ് ഒരു കമ്യൂണിസ്റ്റ്കാരനാണ്. ചെറുപ്പത്തില്‍തന്നെ കാള്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും ചിന്താരീതികള്‍ അദ്ദേഹത്തെ സ്വാധീനിച്ചു. ബോള്‍ഷെവിക് വിപ്ലവം പ്രചോദനമായി. ലെനിന്‍ ആയിരുന്നു ഇഷ്ട വ്യക്തി. സോവിയറ്റ് യൂണിയനില്‍ ഉണ്ടായ കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ രീതിയില്‍ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നു ചിന്തിച്ചു. തൊഴിലാളികള്‍ക്ക് സ്വേച്ഛാധിപത്യം ലഭിച്ചാലേ ഇന്ത്യയിലെ പാവപ്പെട്ടവരുടെ സാമൂഹികസാമ്പത്തിക അവസ്ഥയില്‍ മാറ്റം വരൂവെന്നു അദ്ദേഹം ചിന്തിച്ചു. ഇവ സംബന്ധിച്ചെഴുതിയ ലഘുലേഖകള്‍ വിതരണം ചെയ്തു. ഭഗത് സിങ്ങിനെയും സുഖ് ദേവിനെയും രാജഗുരുവിനെയും അറസ്റ്റ് ചെയ്തു. പിന്നീട് തൂക്കിലേറ്റി. ദാസ് ക്യാപിറ്റലിനെക്കുറിച്ചും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ചുമാണ് ലഘുലേഖകളില്‍ എഴുതിയിരുന്നത്. മനുഷ്യനെ മനുഷ്യന്‍ തന്നെ ചൂഷണം ചെയ്യുന്നതും രാജ്യത്തെ രാജ്യം തന്നെ ചൂഷണം ചെയ്യുന്നതും നിര്‍ത്തുന്നതുവരെ മനുഷ്യവര്‍ഗത്തെ ബാധിച്ചിരിക്കുന്ന രോഗത്തില്‍നിന്ന് അവര്‍ക്ക് മോചനമുണ്ടാകില്ല. സാമ്രാജ്യത്വത്തിന്റെ ശരിയായ സ്വഭാവം എന്നു പറയുന്നത് അതിനു കടിഞ്ഞാണിടാന്‍ കഴിയില്ല എന്നതാണെന്നു ലഘുലേഖകളില്‍ പറയുന്നു. ഭരണവ്യവസ്ഥയെ മാറ്റം വരുത്താനാവില്ല. പക്ഷേ ഭരണരീതിയില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നു അദ്ദേഹം പറഞ്ഞു. മുതലാളിത്ത വ്യവസ്ഥിതിയുടെ ചാട്ടവാറടിയില്‍ നിന്നും ലോകം മോചനം നേടുകയും സാമ്രാജ്യവാദികളുടെ യുഗം അവസാനിക്കുകയും ചെയ്താല്‍ മാത്രമേ മനുഷ്യവര്‍ഗത്തിന് സ്വാതന്ത്ര്യമുണ്ടാകൂവെന്നു ലഘുലേഖയില്‍ പറഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് ഹിന്ദുക്കളുടെ ഐക്യത്തെക്കുറിച്ച് മാത്രമാണ് പറയുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ ഐക്യത്തെക്കുറിച്ച് പറയുന്നില്ല. എന്നാല്‍ ജനങ്ങള്‍ ഭരിക്കുന്ന സര്‍ക്കാര്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ തൊഴിലാളി വര്‍ഗം ഒന്നിക്കമെന്ന അഭിപ്രായക്കാരനായിയിരുന്നു ഭഗത് സിങ്.

image


മതം മനുഷ്യനെ വിഘടിപ്പിക്കുമെന്നായിരുന്നു കമ്യൂണിസത്തിന്റെ വിശ്വാസം. മതമാണ് ജനങ്ങള്‍ക്കിടയിലെ വിദ്വേഷം സൃഷ്ടിക്കുന്നതെന്നും മതത്തെയും ദൈവത്തെയും ഉപേക്ഷിക്കാനുമായിരുന്നു മാര്‍ക്‌സ് പറഞ്ഞിരുന്നത്. എന്നാല്‍ ആര്‍എസ്എസ് തത്വശാസ്ത്രത്തിന്റെ ഓരോ മൂലയിലും മതമുണ്ട്. ഹിന്ദുയിസമാണ് അവര്‍ക്ക് പ്രദാന പ്രചോദനം. എന്നാല്‍ ഭഗത് സിങ് കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ആളായിരുന്നു. അദ്ദേഹം ഒരു നിരീശ്വരവാദിയാണ്. ആരില്‍ നിന്നും അദ്ദേഹം ഇതു മറച്ചുവച്ചില്ല. അദ്ദേഹത്തിന്റെ 'എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദി' എന്ന ചരിത്ര ലേഖനം എല്ലാവരും വായിക്കേണ്ടതാണ്. ഇതദ്ദേഹത്തിന്റെ ഉള്‍ചിന്തകളെ മനസ്സിലാക്കി തരും. എന്തുകൊണ്ടാണ് അദ്ദേഹം ഭഗത് സിങ് എന്നു വിളിക്കപ്പെടുന്നതെന്നു മനസ്സിലാക്കിത്തരും. അദ്ദേഹം ദൈവമുണ്ടെന്നു തെളിയിക്കാന്‍ വെല്ലുവിളിച്ചിട്ടുണ്ട്. ദൈവം ഉണ്ടെങ്കില്‍ പിന്നെ ലോകത്തില്‍ ഇത്രയും ദുരിതമെന്തുകൊണ്ടെന്നു അദ്ദേഹം ചോദിക്കുന്നു. എന്തുകൊണ്ടാണ് പാവപ്പെട്ടവരുള്ളതെന്നു അദ്ദേഹം ചോദിക്കുന്നു. അദ്ദേഹം തന്റെ ലഘുലേഖയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് സര്‍വശക്തിയുള്ള, ത്രകാലജ്ഞാനനായ, സര്‍വ വ്യാപിയായ ദൈവമുണ്ടെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, അദ്ദേഹമാണ് ഈ ലോകം സൃഷ്ടിച്ചതെങ്കില്‍, വേദനകളും കഷ്ടതകളും നിറഞ്ഞ ഈ ലോകം അദ്ദേഹം എന്തിനു സൃഷ്ടിച്ചുവെന്നു ആരെങ്കിലും എനിക്കൊന്നു പറഞ്ഞുതരാമോ? ഒരാള്‍ പോലും ഇവിടെ സന്തുഷ്ടനല്ല.

image


ആര്‍എസ്എസ് പൂര്‍ണമായി ഈ വര്‍ണരാജിക്ക് മറുവശത്താണ്. എങ്കില്‍ ഞാനൊന്നു ചോദിക്കട്ടെ, ദൈവത്തെയും മതത്തെയും നിഷേധിച്ചിരുന്ന ഭഗത് സിങ്ങിനെ അവര്‍ അംഗീകരിക്കുന്നുണ്ടോ? ഭഗത് സിങ്ങിന്റെ കമ്യൂണിസ്റ്റ് ചിന്തകളെ അവര്‍ ഉള്‍ക്കൊള്ളുന്നുണ്ടോ? അതെ എന്നാണെങ്കില്‍ പിന്നെ എന്തുകൊണ്ട് അവരുടെ രണ്ടാമത്തെ മേധവിയായ ഗുരു ജി ഗോള്‍വാല്‍ക്കര്‍ തന്റെ പുസ്തകമായ ദി ബെഞ്ച് ഓഫ് തോട്ട്‌സില്‍ ഇന്ത്യയ്ക്ക് മൂന്നു ശത്രുക്കളാണെന്നു എഴുതിയത്. കമ്യൂണിസ്റ്റുകളെയും മുസ്‌ലിമുകളെയും ക്രിസ്ത്യാനികളെയും ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണ്. ഇതില്‍ തന്നെ ചില വൈരുധ്യങ്ങളുണ്ട്. ആര്‍എസ്എസ് മേധാവി ഗോല്‍വാക്കറിന്റെ യുക്തിവാദവും ഭഗത് സിങ്ങിന്റെ ചിന്താരീതിയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാവില്ല.ആര്‍ എസ് എസും മോദി സര്‍ക്കാരും വെറുക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആരാധകനായിരുന്നു ഭഗത് സിങ് എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. നെഹ്‌റു വികാരാധീനനാകുന്ന സ്വഭാവക്കാരനാണെന്നും ബോസ് യുക്തിവാദ സ്വഭാവക്കാരനാണെന്നുമായിരുന്നു ഇരുവരെയുക്കുറിച്ചുള്ള ഭഗത് സിങ്ങിന്റെ താരതമ്യം. നെഹ്‌റുവിന്റെ പാത പിന്തുടരാന്‍ പഞ്ചാബിലെ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ബോസിന്റെയും നെഹ്‌റുവിന്റെയും ചിന്താരീതികള്‍ക്ക് മാത്രമേ പഞ്ചാബിലെ യുവാക്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

image


ഇതു ആര്‍എസ്എസിനു രുചിക്കുമോ? ഇല്ല. സര്‍ദാര്‍ പട്ടേലും സുഭാഷ് ബോസും നെഹ്‌റുവിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയും അദ്ദേഹത്തിന്റെ പാരമ്പര്യമൂല്യങ്ങളെ ഇന്ത്യന്‍ ജനങ്ങളുടെ മനസ്സില്‍നിന്നും തുടച്ചുനീക്കാനും ശ്രമിച്ചുവെന്നാണ് ആര്‍എസ്എസിന്റെ പുതിയ കണ്ടുപിടിത്തം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ രാജ്യമൊട്ടാകെ നെഹ്‌റു പ്രചരിപ്പിച്ച ആശയങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. നെഹ്‌റുവിനെക്കുറിച്ചുള്ള ഭഗത് സിങ്ങിന്റെ കാഴ്ചപ്പാടുകള്‍ അവര്‍ അംഗീകരിച്ചുകൊടുക്കുമെന്നു തോന്നുന്നുണ്ടോ? ഗോല്‍വാക്കറിന്റെ വാദങ്ങള്‍ക്കെതിരായി കമ്യൂണിസ്റ്റുകളോടുള്ള സമീപനത്തില്‍ ആര്‍എസ്എസ് മാറ്റം വരുത്തുമെന്നു ഇതുകൊണ്ട് അര്‍ഥമാക്കുന്നുണ്ടോ?. മതത്തില്‍ നാം വിശ്വസിക്കുന്നതില്‍നിന്നും നമ്മെ പിന്തിരിപ്പിച്ച ഭഗത് സിങ്ങിന്റെ അതേ ആശയം തന്നെയാണോ ആര്‍ എസ് എസിനുമുള്ളത്?

ഈ ചോദ്യങ്ങളില്‍ നിന്നെല്ലാം എനിക്കുറപ്പാണ്. ആര്‍എസ്എസ് ഒരിക്കലും അവരുടെ ആശയങ്ങളില്‍ മാറ്റം വരുത്തില്ല. ഭഗത് സിങ്ങിന്റെ രക്ത സാക്ഷിത്വം മറ്റുള്ളവരുടെമേല്‍ കരി തേക്കാനുള്ള ഉപകരണമായും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായും അവര്‍ വിനിയോഗിക്കുമെന്നാണ് സത്യസന്ധമായ കാര്യം. ഭഗത് സിങ് വലിയൊരു ചരിത്ര പുരുഷനാണ്. അദ്ദേഹത്തിന്റെ പേര് വൃത്തികെട്ട രാഷ്ട്രീയ നേട്ടങ്ങള്‍ക്കായിവിനിയോഗിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹത്തിന്റെ വിപ്ലവവീര്യത്തെ അനാദരിക്കുന്നതിനു തുല്യമാണിത്.