ജയില്‍ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജയില്‍ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Wednesday July 26, 2017,

1 min Read

സംസ്ഥാനത്തെ ജയില്‍ പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജയില്‍ വകുപ്പിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളും അധിക സാമ്പത്തിക ബാദ്ധ്യതയില്ലാതെ ജയില്‍ വകുപ്പില്‍ ചെയ്യാനാവുന്ന കാര്യങ്ങളും റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. 

image


നിലവില്‍ നടപ്പാക്കിയതും പാതിവഴിയില്‍ നില്‍ക്കുന്നതുമായ ജയില്‍ പരിഷ്‌കരണ നടപടികളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. പോലീസ് റേഞ്ചുകള്‍ക്ക് സമാനമായി ജയില്‍ വകുപ്പിനും നാല് റേഞ്ചുകള്‍ വേണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ജയിലുകള്‍ തടവുകാരുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ പുതിയതായി മൂന്നു സെന്‍ട്രല്‍ ജയിലുകള്‍ സ്ഥാപിക്കണം. കേരളത്തിലെ വലിയ പട്ടണവും ഹൈക്കോടതി ആസ്ഥാനവുമായ എറണാകുളത്ത് ഒരു സെന്‍ട്രല്‍ ജയില്‍ ആവശ്യമാണ്. കൂടുതല്‍ ഓപ്പണ്‍ ജയിലുകള്‍ സ്ഥാപിക്കണം. ഓരോ പോലീസ് സബ് ഡിവിഷനുകളിലും ഒരു ജയിലെങ്കിലും സ്ഥാപിക്കണം. ജയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണം 30 ജയിലുകളില്‍ വ്യാപിപ്പിച്ചാല്‍ പത്തു കൊടി രൂപ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കും. ചീമേനി തുറന്ന ജയിലിലെ വെട്ടുകല്ല് ഉത്പാദനം വര്‍ദ്ധിപ്പിച്ച് സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്തണം. കല്ല് വെട്ടുന്നവര്‍ക്ക് ഉയര്‍ന്ന കൂലി നിശ്ചയിച്ച് പ്രതിദിനം 3000 കല്ലെങ്കിലും വെട്ടണമെന്നാണ് നിര്‍ദ്ദേശം. ഇതിലൂടെ സര്‍ക്കാരിന് 20 കോടി രൂപ വരുമാനം ലഭിക്കും. തൃശൂര്‍ സെന്‍ട്രല്‍ ജയിലിലും രണ്ടു കോടിയുടെ കല്ല് വെട്ടിയെടുക്കാന്‍ സാധിക്കും. ജയില്‍ മുഖേന നടപ്പാക്കാവുന്ന സര്‍ക്കാരിന്റെ മിനറല്‍ വാട്ടര്‍ പദ്ധതിയും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയില്‍ വകുപ്പിലെ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ജയില്‍ സെല്ലും മുറികളും വികസിപ്പിച്ച് 200 കിടക്കകളുള്ള ജയില്‍ ആശുപത്രി സ്ഥാപിക്കണം. പരിസരത്തെ ജനങ്ങള്‍ക്കും ഇവിടെ സൗജന്യ ചികിത്‌സ ഒരുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.