മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തെ മികച്ചതാക്കാന്‍ എയിംസ് സംഘം സന്ദര്‍ശിച്ചു

മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തെ മികച്ചതാക്കാന്‍ എയിംസ് സംഘം സന്ദര്‍ശിച്ചു

Friday April 28, 2017,

1 min Read

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നവീകരിക്കപ്പെടുന്ന അത്യാഹിത വിഭാഗത്തെ എയിംസിന്റെ മാതൃകയിലാക്കി മാറ്റാനായി എയിംസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സഞ്ജീവ് ബോയ്, അസി. പ്രൊഫസര്‍ ഡോ. തേജ് പ്രകാശ് സിന്‍ഹ എന്നിവര്‍ നവീകരണം നടക്കുന്ന അത്യാഹിത വിഭാഗം സന്ദര്‍ശിച്ചു. സെക്രട്ടറിയേറ്റില്‍ വച്ചു നടന്ന പ്രത്യേക ചര്‍ച്ചയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് എയിംസ് സംഘം മെഡിക്കല്‍ കോളേജിലെത്തിയത്.

image


മെഡിക്കല്‍ കോളേജിലെ നവീകരണം നടക്കുന്ന അത്യാഹിത വിഭാഗം എങ്ങനെ മികച്ചതാക്കാം എന്ന വിദഗ്‌ധോപദേശമാണ് ഈ സംഘം നല്‍കിയത്. പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനസജ്ജമാക്കുന്നതിനോടൊപ്പം ഈ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. താമസം കൂടാതെ രോഗിക്ക് എങ്ങനെ മികച്ച അത്യാഹിത വിഭാഗ ചികിത്സ ലഭ്യമാക്കാം എന്നതിനെ കുറിച്ച് അവര്‍ അനുഭവം പങ്കുവച്ചു. ആവശ്യത്തിനുള്ള സ്ഥല സൗകര്യം, ആധുനിക മെഷീനുകളുടെ ലഭ്യത, വെന്റിലേറ്റര്‍ സംവിധാനം എന്നിവയെല്ലാം അത്യാഹിത വിഭാഗത്തില്‍ പ്രധാനമാണ്.ചുവന്ന മേഖല, മഞ്ഞ മേഖല, പച്ച മേഖല എന്നിങ്ങനെ 3 മേഖലകളാക്കി തിരിച്ചാണ് അത്യാഹിത വിഭാഗ ചികിത്സ ക്രമീകരിക്കപ്പെടുന്നത്. അതീവ തീവ്ര പരിചരണം ആവശ്യമുള്ള മേഖലയാണ് ചുവന്ന മേഖല. അത്ര ഗുരുതരമല്ലാത്ത രോഗികളെ ചികിത്സിക്കുന്ന മേഖലയാണ് മഞ്ഞ മേഖല. സാരമായ പ്രശ്‌നങ്ങളില്ലാത്ത രോഗികളെ പരിശോധിക്കുന്നതാണ് പച്ച മേഖല.

രോഗിയുടെ കിടക്കയുടെ അകലം, ഡോക്ടര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ സ്ഥാനം എന്നിവ പോലും ഇതില്‍ പ്രധാനമാണ്. ഡ്രിപ്പ് സ്റ്റാന്റുകള്‍ ഒഴിവാക്കി മുകള്‍ വശത്ത് നിന്നും ഡ്രിപ്പ് നല്‍കുന്ന സംവിധാനവും അവര്‍ വിവരിച്ചു.ഇതോടൊപ്പം രോഗികളുടെ ബന്ധുക്കളുടെ ആകാംക്ഷയും വളരെ പ്രധാനമാണ്. അതിനായി വലിയൊരു ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡിലൂടെ ആ രോഗിയുടെ അപ്പപ്പോഴത്തെ അവസ്ഥ വിവരിക്കാവുന്നതാണ്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും എസ്.എ.ടി. ആശുപത്രിയിലേയും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ പങ്കെടുത്തു.