വൈകല്യം വിസ്മയത്തിന് വഴിമാറി; പ്രശാന്ത് ഇന്ത്യന്‍ റെക്കോര്‍ഡ് ബുക്കില്‍

വൈകല്യം വിസ്മയത്തിന് വഴിമാറി; പ്രശാന്ത് ഇന്ത്യന്‍ റെക്കോര്‍ഡ് ബുക്കില്‍

Wednesday June 08, 2016,

2 min Read

ഇത്രയും വയസിനകമുള്ള ജീവിതത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് എന്തെല്ലാം പരിഭവങ്ങള്‍ നാം പറഞ്ഞിട്ടുണ്ടാകും. ആരോടെല്ലാം, എത്ര തവണ? ഒന്നു ശ്രമിച്ചാല്‍ കുട്ടിക്കാലം മുതലുള്ള പരിഭവങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഓര്‍മ്മയില്‍ തെളിഞ്ഞു വരും. ഇങ്ങനെ പരിഭവങ്ങളുടെ മുകളില്‍ കെട്ടിപ്പടുത്ത ജീവിതത്തില്‍ നാം എന്തായി എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്കിടയില്‍ വിജയിച്ചവരും പരാജയപ്പെട്ടവരും ഉണ്ടാകും. എന്നാല്‍ സ്വന്തം ശാരീരിക, മാനസിക അവസ്ഥ തന്നെ പ്രതികൂലമായിട്ടും അതിനെ വെല്ലുവിളിച്ച് വിജയത്തിലേക്ക് നടക്കുന്ന പ്രശാന്ത് എന്ന ചെറുപ്പക്കാരന്‍ നമുക്കെല്ലാം പ്രചോദനമാവുകയാണ്. ജന്‍മനാ കേള്‍വിക്കുറവും സംസാര വൈകല്യവും കാഴ്ച്ചക്കുറവുമുള്ള പ്രശാന്ത് എന്ന ചെറുപ്പക്കാരന്‍ തന്റെ അനന്യമായ കഴിവുകളാല്‍ ഏവരേയും അത്ഭുതപ്പെടുത്തുകയാണ്.

വൈകല്യങ്ങളെ തോല്‍പിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന പ്രശാന്ത് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇടം നേടി. പതിനായിരം വര്‍ഷങ്ങളിലെ കലണ്ടര്‍ മനഃപാഠമാക്കിയാണ് ഈ പത്തൊമ്പതുകാരന്‍ വിസ്മയം തീര്‍ത്തത്. വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തിലായിരുന്നു പ്രശാന്തിന്റെ അത്ഭുതപ്രകടനം. പതിനായിരം വര്‍ഷങ്ങള്‍ക്കിടയില്‍ നിന്നും സംഘാടകര്‍ നല്‍കിയ പത്തുദിവസങ്ങള്‍ ഏതാഴ്ചയായിരുന്നുവെന്ന് പ്രശാന്ത് സംശയത്തിനിടയില്ലാതെ പറഞ്ഞു. ഓരോ ദിവസവും കണ്ടെത്താനെടുത്തത് മുപ്പത് സെക്കന്റില്‍ താഴെ. ഒടുവില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് പ്രതിനിധിയുടെ പ്രഖ്യാപനം. വി എസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും സ്വര്‍ണമെഡലും പ്രശാന്ത് ഏറ്റുവാങ്ങി.

കാഴ്ച്ചക്കുറവും കേള്‍വിയില്ലായ്മയും സംസാരിക്കാനുള്ള ശേഷിക്കുറവും അതിജീവിച്ചാണ് പ്രശാന്ത് ഈ നേട്ടങ്ങളെല്ലാം കൊയ്യുന്നത്. കരമന തളിയില്‍ സ്ട്രീറ്റില്‍ ചന്ദ്രന്റേയും സുഹിതയുടേയും മകനാണ്‌ പ്രശാന്ത്. ഇത്തരം കഴിവിനപ്പുറം സംഗീതത്തിലും പ്രശാന്ത് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പ്രശാന്തിന്റെ വലം കൈയിലെ വിരലുകള്‍ ഒരു അഭ്യാസിയുടേതെന്ന പോലെ കീബോര്‍ഡിലൂടെ ഓടുമ്പോള്‍ പ്രശാന്തിലെ സംഗീതജ്ഞനേയും നേരിട്ടറിയാം. ചുറ്റും നടക്കുന്നത് വ്യക്തമായി കാണാനോ കേള്‍ക്കാനോ ഉള്ള കഴിവ് അവന് ദൈവം നല്‍കിയില്ലെന്നത് പ്രശാന്തിന് ഒരു തടസമേയല്ല. വൈകല്യങ്ങള്‍ക്ക് പകരമായി ദൈവം പ്രശാന്തിന് നല്‍കിയത് പകരം വയ്ക്കാനില്ലാത്ത കുറേ കഴിവുകളാണ്.

ഹൃദയ വൈകല്യത്തിനും തലച്ചോറില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനും ശ്രീചിത്രാ മെഡിക്കല്‍ സെന്ററിന്റെ കീഴില്‍ ചികിത്സയിലാണ്. മുച്ചുണ്ട് മാറാന്‍ മൂന്ന് പ്രാവശ്യം സര്‍ജറി ചെയ്‌തെങ്കിലും പരാജയപ്പെടുകയായിരുന്നു. അച്ഛന്‍ ചന്ദ്രനും അമ്മ സുഹിതയും ജന്മസിദ്ധമായ കഴിവുകള്‍ ഒട്ടനവധിയാണെങ്കിലും കലോല്‍സവ വേദികളിലൊന്നും പങ്കെടുക്കാനുള്ള അവസരം പ്രശാന്തിന് ലഭിച്ചിട്ടില്ല.

വഴുതക്കാട് റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രശാന്തിന്റെ പഠനം. ഓപ്പണ്‍ സ്‌കൂള്‍വഴി നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി. മൊബൈല്‍ ഫോണില്‍ നിന്നാണ് പ്രശാന്ത് തീയതികള്‍ മുഴുവന്‍ നോക്കി പഠിച്ചത്. മൊബൈല്‍ ഫോണ്‍ എടുത്ത് തീയതികളെല്ലാം ഒന്നു ഓടിച്ചു നോക്കി. അതോടെ എല്ലാം മനസില്‍ ഹൃദിസ്ഥമായി. അതിന് ശേഷം ഏത് തീയതി ചോദിച്ചാലും ദിവസം അപ്പോള്‍ പറയും. സംസാരിക്കാന്‍ കഴിയാത്തതിനാല്‍ മൊബൈല്‍ ഫോണില്‍ എഴുതിയാണ് കാണിക്കുക. ഒരു കൈവച്ച് ഓര്‍ഗണിന്റെ കീബോര്‍ഡ് വായിക്കാനുള്ള പ്രശാന്തിന്റെ കഴിവ് അധ്യാപകരെപ്പോലും അതിശയിപ്പിക്കുന്നതാണ്. കീബോര്‍ഡിന്റെ നോട്ടുകള്‍ മനപാഠമാക്കാന്‍ പ്രശാന്തിന് നിമിഷങ്ങള്‍ മതി. അധ്യാപകന്‍ എഴുതി നല്‍കുന്ന നോട്ട് കണ്ണിനു നേരെ പഠിക്കും. ഒരു സ്‌കാനറില്‍ പതിയുന്നതുപോലെ പോലെ എല്ലാം മനപാഠം. രണ്ടര വര്‍ഷംകൊണ്ടാണ് കീബോര്‍ഡ് പഠിക്കുന്നത്. ഒരു പാട്ട് പഠിച്ചുതീര്‍ക്കാന്‍ രണ്ട് ദിവസം മാത്രം മതി.

ഡോക്ടര്‍മാരുടെ ഭാഷയില്‍ പ്രശാന്തിന്റെ കണ്ണുകള്‍ക്ക് തീരെ കാഴ്ചയില്ല. എന്നാല്‍ അവന് നേരീയ കാഴ്ചയുണ്ടാകാം എന്ന് അച്ഛനമ്മമാര്‍ അനുഭവങ്ങളില്‍നിന്ന് പറയുന്നു. പ്രശാന്തിന്റെ വൈകല്യങ്ങള്‍ക്ക് കാരണം എന്താണെന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രശാന്തിന്റെ ഹൃദയത്തിലുള്ള രണ്ട് ദ്വാരങ്ങള്‍ മാറ്റാന്‍ ശസ്ത്രക്രിയ ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും ശസ്ത്രക്രിയയെ തുടര്‍ന്ന് ന്യുമോണിയ ബാധക്ക് സാധ്യതയുള്ളത് മാതാപിതാക്കള്‍ ഭയക്കുന്നു.

പ്രശാന്തിന്റെ ജീവിതചര്യക്ക് ഏറെ ചിട്ടകളുണ്ട്. സ്‌കൂളില്‍നിന്ന് വന്ന് ഹോം വര്‍ക്ക് പൂര്‍ത്തിയാക്കിയാല്‍ അടുത്തത് കീബോര്‍ഡിന്റെ അടുത്തേക്ക്. കഴിഞ്ഞ വര്‍ഷം നിരവധി സംഘടനകളുടേതായി നൂറോളം സമ്മാനങ്ങളാണ് പ്രശാന്തിന് കിട്ടിയിട്ടുള്ളത്. എന്നാല്‍ സര്‍ക്കാരില്‍നിന്ന് ഈ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു അവസരം പോലും ലഭിക്കുന്നില്ലെന്നുളളത് പ്രശാന്തിന്റെ ഒരു സങ്കടമാണ്. തിരുവനന്തപുരം കരമനയിലെ പ്രശാന്തം വീട്ടില്‍ പ്രശാന്തിന് എല്ലാ സഹായങ്ങളുമായി ബി ടെക് വിദ്യാര്‍ഥിയായ സഹോദരി പ്രിയങ്കയും ഒപ്പമുണ്ട്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ തന്റെ കഴിവ് ഗിന്നസ് ബുക്കിലെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രശാന്ത് ഇപ്പോള്‍.