നെക്സ്റ്റ് ഡ്രോപ്‌ ഇന്ത്യയിലെത്തിച്ച ഡെവിന്‍ മില്ലര്‍

0

ഒഴുകുന്ന ഗംഗയെ ഭൂമിയിലെത്തിച്ചത് ആരെന്നു ചോദിച്ചാല്‍ ഉത്തരം ഭഗീരഥനെന്ന് നമുക്കറിയാം. എന്നാല്‍ പൈപ്പില്‍ അടുത്ത തുള്ളി വെള്ളം ഇനി എപ്പോള്‍ വരുമെന്ന് ചോദിച്ചാല്‍ നാം കൈമലര്‍ത്തും. അതാണ് ഇന്ത്യന്‍ നഗരങ്ങളുടെ അവസ്ഥ. ഉത്തരമില്ലാത്ത നമ്മുടെ ഈ ചോദ്യത്തിന് മറുപടിയുമായാണ് അമേരിക്കയില്‍ നിന്ന് ഡെവിന്‍ മില്ലര്‍ എന്ന ചെറുപ്പക്കാരന്‍ നമ്മുടെ നാട്ടിലേക്ക് എത്തിയത്‌. ഉപരിപഠനത്തിന് നാമെല്ലാം അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പോകണമെന്നാഗ്രഹിക്കുമ്പോള്‍ ഇതാ ഒരു ചെറുപ്പക്കാരന്‍ കാലിഫോര്‍ണിയയിലെ പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്കെത്തിയിരിക്കുന്നു. രൂക്ഷമായ ജലക്ഷാമം നേരിടുന്ന നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും പൈപ്പില്‍ അടുത്ത തുള്ളി എപ്പോള്‍ വരും എന്നറിയുന്നത് ഡെവിന്‍ മില്ലറിന്റെ സോഫ്റ്റ് വെയറിലൂടെയാണ്. ജലവിതരണത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ സന്ദേശം നല്‍കുന്ന നെക്സ്റ്റ് ഡ്രോപ് എന്ന സ്ഥാപനത്തിന്റെ സോഫ്റ്റ് വെയര്‍ ഡെവലപര്‍ ആണ് ഡെവിന്‍. വെല്ലുവിളി നിറഞ്ഞ ജോലിയാണെങ്കിലും ഇതിന്റെ മൂല്യവും അത്ര ഉയര്‍ന്നതാണെന്ന് സ്വന്തം അനുഭവത്തിലൂടെ ഡെവിന്‍ സാക്ഷ്യപ്പെടുത്തുന്നു. നിരവധി ആളുകള്‍ക്ക് ഇന്ന് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. സ്മാര്‍ട് ഗ്രിഡ് ലൈറ്റ് സൊല്യൂഷന്‍ ഉപയോഗിച്ച് ജലം ആവശ്യമായ നഗരവാസികള്‍ക്കും മറ്റുള്ളവര്‍ക്കും വിതരണം സംബന്ധിച്ച വിവരങ്ങളെല്ലാം തല്‍സമയം ലഭ്യമാക്കുകയാണ് നെക്സ്റ്റ് ഡ്രോപ് ചെയ്യുന്നത്. ജലസംഭരണികളിലുള്ള ജലത്തിന്റെ അളവ് എല്ലാ ദിവസവും പരിശോധിച്ച് നെക്സ്റ്റ് ഡ്രോപ്പിന്റെ സോഫ്റ്റ് വെയര്‍ വഴി എന്‍ജിനീയര്‍മാര്‍ക്ക് വിവരം നല്‍കും. ജലത്തിന്റെ അളവനുസരിച്ച് ഏതൊക്കെ സ്ഥലങ്ങളില്‍ ഏതൊക്കെ സമയങ്ങളില്‍ എത്ര അളവില്‍ വെള്ളം വിതരണം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഇവരാണ്.

ജലവിതരണത്തെപ്പറ്റി അറിയേണ്ടവര്‍ക്ക് ഫോണ്‍കോള്‍വഴി വിവരങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനവും നെക്സ്റ്റ് ഡ്രോപ് ഒരുക്കിയിട്ടുണ്ട്. പെപ്പുകളില്‍ വെള്ളം എത്തുന്നതിന് 30 മുതല്‍ 60 മിനിട്ട് മുമ്പ് ഇവര്‍ക്ക് ഫോണില്‍ സന്ദേശം അയക്കും. സന്ദേശം നോക്കി ഇവര്‍ക്ക് വെള്ളം യഥാസമയം സംഭരിക്കാനാകും. വെള്ളം വരുന്ന സമയം ആവശ്യക്കാര്‍ അറിയാതെ പോകുന്ന സ്ഥിതി ഉണ്ടാകില്ല. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ വേണ്ടിയാണ് സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയിലാണ് നെക്സ്റ്റ് ഡ്രോപിന്റെ പ്രവര്‍ത്തനം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഏതൊരാള്‍ക്കും ജലവിതരണം സംബന്ധിച്ചുള്ള എന്ത് വിവരവും അറിയാം. മാത്രമല്ല ഏതെങ്കിലും സ്ഥലങ്ങളില്‍ വെള്ളം ലഭിക്കുന്നില്ലെങ്കിലും പൈപ്പ് ലീക്കായി വെള്ളം നഷ്ടപ്പെടുന്നെങ്കിലും ലഭിക്കുന്ന അളവ് കുറവാണെങ്കിലുമെല്ലാം നെക്സ്റ്റ് ഡ്രോപിനെ വിവരം അറിയിക്കാം. സന്ദേശങ്ങള്‍ അതേപടി നെക്സ്റ്റ് ഡ്രോപ് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും.

കാലിഫോര്‍ണിയയിലെ ഒരു യൂനിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനീയറിംഗ് ക്ലാസിലെ ഒരു മത്സരത്തിനിടയിലാണ് നെക്സ്റ്റ് ഡ്രോപ് കമ്പനിയുടെ സി ഇ ഒയും സഹ സ്ഥാപകയുമായ അനു ശ്രീധരന്‍ ഡെവിനെ കണ്ടുമുട്ടുന്നത്. ഏഷ്യയിലെ പല വികസ്വര രാജ്യങ്ങളിലും യാത്ര ചെയ്ത് അവിടത്തെ ആളുകളുടെ ജീവിതരീതി എങ്ങനെയാണെന്ന് മനസിലാക്കിയിട്ടുള്ള ഡെവിനെ ഇന്ത്യയിലെ ജലവിതരണ പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിക്കാന്‍ അനു ഇന്ത്യയിലേക്ക് ക്ഷണക്കുകയായിരുന്നു. തന്നെ ഏല്‍പ്പിച്ച വലിയ ഉദ്യമത്തിന് മുന്നില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് യാത്ര തിരിക്കുക എന്ന ലക്ഷ്യമാണ് ഡെവിന്‍ ഏറ്റെടുത്തത്.

കര്‍ണാടകയിലെ ഇരട്ട നഗരങ്ങള്‍ എന്നറിയപ്പെടുന്ന ഹുബ്ലിയിലും ധര്‍വാഡിലുമായി 2011ല്‍ ആണ് നെക്സ്റ്റ് ഡ്രോപ് പ്രവര്‍ത്തനമാരംഭിച്ചത്. ജല ലഭ്യതയെക്കുറിച്ച് മനസിലാക്കാന്‍ ഓരോ സ്ഥലങ്ങളിലും സൈക്കിളില്‍ സഞ്ചരിച്ചാണ് ഡെവിന്‍ പഠനം നടത്തിയത്. ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ജലദൗര്‍ലഭ്യം അതിഭീകരമാണെന്ന് ഡെവിന്‍ പറയുന്നു. പല സ്ഥലങ്ങളിലും കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ആളുകള്‍ ഒരു ബക്കറ്റ് വെള്ളം ശേഖരിക്കുന്നത്. വളരെ ബുദ്ധിമുട്ടിലാണ് അവരുടെയെല്ലാം ജീവിതം.

ഹുബ്ലിയില്‍ 16000 കുടുംബങ്ങള്‍ക്കാണ് നെക്സ്റ്റ് ഡ്രോപ് മൊബൈല്‍ഫോണ്‍വഴി സന്ദേശം അയക്കുന്നത്. വെള്ളം വരുമോ ഇല്ലെ എന്നത് സംബന്ധിച്ച് എല്ലാ ആഴ്ചകളിലും സന്ദേശം അയക്കും. വെള്ളം വരില്ലെങ്കില്‍ അതിന്റെ കാരണം സഹിതം വ്യക്തമാക്കിയാകും സന്ദേശം. നെക്സ്റ്റ് ഡ്രോപ് പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് മാസത്തില്‍ 20 മുതല്‍ 40 മണിക്കൂര്‍ വരെയായിരുന്നു ജനങ്ങള്‍ വെള്ളത്തിന് കാത്തുനിന്ന് സമയം നഷ്ടപ്പെടുത്തിയിരുന്നത്. ഒരു ദിവസം മുഴുവന്‍ വെള്ളത്തിന് കാത്തിരുന്ന് ലഭിക്കാതെ പോയ സംഭവങ്ങളും നിരവധിയാണ്.

നെക്സ്റ്റ് ഡ്രോപിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ബംഗലൂരുവിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ബംഗലൂരു നഗരത്തിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ നെക്സ്റ്റ് ഡ്രോപിന്റെ ്പ്രവര്‍ത്തനങ്ങളെ ആശ്രയിക്കുന്നവരാണ്. 11 മില്യന്‍ ജനങ്ങളാണ് ബംഗലൂരുവില്‍ താമസിക്കുന്നത്. എന്നാല്‍ രണ്ട് മില്യന്‍ ജനങ്ങള്‍ക്ക് വെള്ളം എത്തിക്കാനുള്ള സൗകര്യങ്ങള്‍ മത്രമേ ഇവിടെയുള്ളു. അതുകൊണ്ട് ആവശ്യമായ അളവില്‍ ഇവിടെ ജലം ലഭിക്കാറില്ല. നെക്സ്റ്റ്ഡ്രോപിന്റെ സേവനങ്ങളെക്കുറിച്ച് റോഡുകളില്‍ പലയിടങ്ങളിലും പരസ്യങ്ങള്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഇത് നശിപ്പിച്ചിട്ടുള്ളതിനാല്‍ പലരും ശ്രദ്ധിക്കാറില്ല. മൊബൈല്‍ സന്ദേശങ്ങള്‍ക്ക് മാസത്തില്‍ 10 മുതല്‍ 25 രൂപ വരെയാണ് നിരക്ക്. സന്ദേശം അയക്കുന്ന നഗരങ്ങളെ ആശ്രയിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്.

ഹൂബ്ലിയില്‍ 25000 പേരാണ് നെക്സ്റ്റ് ഡ്രോപിന്റെ സേവനം വിനിയോഗിക്കുന്നത്. ജലവിതരണ പ്രശ്‌നത്തിന് പുറമെ മറ്റ് മാലിന്യ സംസ്‌കരണം, റോഡ് നന്നാക്കല്‍ തുടങ്ങി സര്‍ക്കാര്‍ ഇടപെടേണ്ട മറ്റ് സാമൂഹ്യ പ്രശ്‌നങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നെക്സ്റ്റ് ഡ്രോപ് തീരുമാനിച്ചിട്ടുണ്ട്.

അടത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ രണ്ട് നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഉദ്ദേശിച്ചിട്ടുണ്ട്. ഒരേ സമയം കൂടുതല്‍ പേരിലേക്ക് സന്ദേശം എത്തിക്കുന്നതിനും കൂടുതല്‍ പേരിലേക്ക് സന്ദേശങ്ങള്‍ എത്തിക്കാനും കഴിയുന്ന രീതിയില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനാണ് നെക്സ്റ്റ് ഡ്രോപ് ലക്ഷ്യമിടുന്നത്. ഓരോ ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും യഥാസമയത്ത് പരിഹാരം ഉണ്ടാക്കപ്പെടണമെന്ന് ഡെവിന്‍ പറയുന്നു. തന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം ഏറെ സന്തോഷവാനാണ്.