ആറളം ഫാം: തൊഴിലാളികള്‍ക്ക് പകുതി ശമ്പളം ഉടന്‍ നല്‍കും

ആറളം ഫാം: തൊഴിലാളികള്‍ക്ക് പകുതി ശമ്പളം ഉടന്‍ നല്‍കും

Tuesday February 28, 2017,

2 min Read

ആറളം ഫാം തൊഴിലാളികള്‍ക്ക് മുടങ്ങിയ നവംബറിലെ ശമ്പളത്തിന്റെ പകുതി ക്രിസ്മസിന് മുമ്പ് വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. 500ലേറെ തൊഴിലാളികളാണ് ഫാമിലുള്ളത്. കുറഞ്ഞ ശമ്പളം വാങ്ങുന്ന നാല്‍പതിലേറെ റബ്ബര്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കും. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫാമിന് ലഭിക്കാനുള്ള 76 ലക്ഷം രൂപ എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളുണ്ടാക്കാന്‍ ഫാം എം.ഡി ടി.കെ വിശ്വനാഥന്‍ നായര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. 

image


അതോടൊപ്പം ഫാമില്‍ നിന്നുള്ള 400 ബാരല്‍ ലാറ്റെക്‌സ് റബ്ബര്‍ ലേലത്തില്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഫാമിലെ തരിശായ 62 ഏക്കര്‍ ഭൂമി അനുയോജ്യമായ കൃഷി നടത്തുന്നതിന് പാട്ടത്തിന് നല്‍കി കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിന്റെ സാധ്യത ആരായും. നിലവില്‍ കശുമാവ് കൃഷിയുള്ള ഭൂമിയിലെ പാഴ്മരങ്ങള്‍ മുറിച്ചുമാറ്റി കൃഷി വ്യാപിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തും. അടുത്ത മാസം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കശുവണ്ടി, കുരുമുളക് സീസണ്‍ വരുന്നതോടെ ഫാമിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഫാമിലെ വിളവെടുപ്പ് സീസണ്‍ ആകുന്നതുവരെ സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഗ്രാന്റ് തരപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ക്രിസ്മസ് അടുത്ത സാഹചര്യത്തില്‍ ലഭിക്കുന്ന പകുതി ശമ്പളം കാശായി തന്നെ വേണമെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. നിലവില്‍ കമ്പനിയുടെ കൈവശമുള്ള 5.7 ലക്ഷം രൂപ ആ രീതിയില്‍ വിതരണം ചെയ്യുന്നതിന് പുറമെ, നോട്ടുപിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധിയുള്ളതിനാല്‍ ഇക്കാര്യത്തില്‍ സാധ്യമായത് ചെയ്യാന്‍ ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പരമാവധി പണം ലഭ്യമാക്കി തൊഴിലാളികളുടെ ദുരിതമകറ്റാന്‍ സാധ്യമായ എല്ലാ വഴികളും ആരായും. അതോടൊപ്പം ഫാമിലെ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത തൊഴിലാളികള്‍ക്ക് അക്കൗണ്ട് എടുക്കുന്നതിന് ഫാമില്‍ അടുത്ത ദിവസം തന്നെ സൗകര്യമേര്‍പ്പെടുത്തും. ഫാമിലെ പ്ലാന്റേഷന്‍ തൊഴിലാളികളെ കാര്‍ഷിക തൊഴിലാളികളായി പരിഗണിക്കുക, തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 74 രൂപ കൂലി വര്‍ധന നടപ്പിലാക്കുക എന്നിങ്ങനെ തൊഴിലാളി പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പട്ടികവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള ഫാം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ കമ്പനി അധികൃതര്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്ത ബോധവും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ സബ് കലക്ടര്‍ രോഹിത് മീണ, ഫാം എം.ഡി ടി.കെ വിശ്വനാഥന്‍ നായര്‍, ഫാം സൂപ്രണ്ട് എം വിജയന്‍, തൊഴിലാളി പ്രതിനിധികളായ ടി കൃഷ്ണന്‍, അഡ്വ ബിനോയ് കുര്യന്‍, കെ.കെ ജനാര്‍ദ്ദനന്‍, സി ശ്രീധരന്‍ (സി.ഐ.ടി.യു), ആര്‍ ബാലകൃഷ്ണപ്പിള്ള, ആന്റണി ജേക്കബ് (ഐ.എന്‍.ടി.യു.സി), ജോസ് കെ.ടി, സിബി, ഷാജി (എ.ഐ.ടി.യു.സി) തുടങ്ങിയവര്‍ പങ്കെടുത്തു.