ചരിത്രത്തിന്റെ ഭാഗമായ മെഡക്‌സിന് സമാപനം  

0

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിന്റെ 65ാം വാര്‍ഷികത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന രാജ്യത്തെ ആദ്യത്തെ ആരോഗ്യ വിദ്യാഭ്യാസ കലാവിന്യാസമായ മെഡക്‌സിന് സമാപനം. ഫെബ്രുവരി 12ാം തീയതി ഞായറാഴ്ച രാത്രി 12 മണിയോടെ മെഡക്‌സിന് സമാപനമായി. രാത്രി 10 മണിവരെയായിരുന്നു അവസാന പ്രവേശനം.

ഏറ്റവും ദൈര്‍ഘ്യമേറിയ മെഡിക്കല്‍ എക്‌സിബിഷന്‍ എന്ന നിലയില്‍ മെഡക്‌സ് ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. വിനോദത്തിന് പ്രാധാന്യം ഇല്ലാതിരുന്നിട്ടുകൂടി ഈ ശാസ്ത്ര പ്രദര്‍ശനത്തിന് വന്‍ ജനപങ്കാളിത്തം ലഭിച്ചു. രണ്ട് ലക്ഷത്തിലധികം പേരാണ് മെഡക്‌സ് സന്ദര്‍ശിച്ചത്. ഇതില്‍ പകുതിയിലധികവും വിദ്യാര്‍ത്ഥികളായിരുന്നു. എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു.വൈദ്യശാസ്ത്രം എന്താണെന്നും അത് നേരിട്ടു മനസിലാക്കാനും ഈ പ്രദര്‍ശനത്തിലൂടെ കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് സാധാരണക്കാരുടെ ഇടയില്‍ അവബോധം സൃഷ്ടിക്കാനും മെഡക്‌സിലൂടെ കഴിഞ്ഞു.

മെഡിക്കല്‍ കോളജിലെ വിവിധ മന്ദിരങ്ങളെ കൂട്ടിയിണക്കി രണ്ടുലക്ഷം ചതുരശ്ര അടി സ്ഥലത്ത് 55 പോയിന്റുകളിലായിരുന്നു പ്രദര്‍ശനം സജ്ജമാക്കിയിരുന്നത്. മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗങ്ങളുടേയും, ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍, ആര്‍.സി.സി., രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്, ഗവ. ഡെന്റല്‍ കോളേജ്, തിരുവനന്തപുരം നഗരസഭ, മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍, പി.ടി.എ., ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, എന്നിവയുടേയും സഹകരണത്തോടെയാണ് മെഡക്‌സ് സാക്ഷാത്കരിച്ചത്. മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളും നാനൂറോളം വരുന്ന വിദ്യാര്‍ത്ഥികളും ആറുമാസത്തോളം കഠിന പ്രയത്‌നം ചെയ്താണ് ഈ എക്‌സിബിഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്.

മനുഷ്യന്റെ പരിണാമത്തില്‍ നിന്നും തുടങ്ങി ജനനം മുതല്‍ മരണംവരെയുള്ള വിവിധ ഘട്ടങ്ങളാണ് മെഡക്‌സില്‍ ഒരുക്കിയിരുന്നത്. ലേബര്‍ റൂമില്‍ സജ്ജീകരിച്ച കുഞ്ഞിന്റെ ജനന ദൃശ്യങ്ങള്‍, പത്തോളജി ലാബില്‍ സൂക്ഷിച്ചിരിക്കുന്ന അപൂര്‍വമായി ജനിച്ച കുട്ടികള്‍, അനാട്ടമിയിലെ മൃതദേഹങ്ങള്‍, ശരീര ഭാഗങ്ങള്‍, ഫോറന്‍സിക് വിഭാഗത്തിലെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്ന വിവിധ മാര്‍ഗങ്ങള്‍, ശരീര ഭാഗങ്ങളിലൂടെ കയറിയിറങ്ങിയുള്ള കാഴ്ച, ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയ എക്‌മോ തുടങ്ങിയ ആധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ഹൃദയ ശസ്ത്രക്രിയകള്‍, റോബോട്ടിക് ശസ്ത്രക്രിയകള്‍, ലൈവ് ശസ്ത്രക്രിയകള്‍, 3 വയസിലെ വീട് അങ്ങനെ സാധാരണക്കാരന് കാണാന്‍ കഴിയാത്ത അപൂര്‍വ കാഴ്ചകള്‍ കാണാനുള്ള വേദി കൂടിയായി ഇത് മാറി.

ഓരോ ആര്‍ട്ട് ഇന്‍സ്റ്റലേഷനിലും പ്രത്യേക ലൈറ്റിംഗ് സംവിധാനമാണ് ഒരുക്കിയിരുന്നത്. ഇതോടൊപ്പം ശബ്ദത്തിനും പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. ഇതെല്ലാം സന്ദര്‍ശകരെ മറ്റൊരു ലോകത്തെത്തിച്ചു. ജനങ്ങളെ ഇത്രയേറെ ആകര്‍ഷിച്ച മെഡക്‌സിലെ പ്രധാന ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സ്ഥിരം മ്യൂസിയമാക്കാനും പദ്ധതിയുണ്ട്. മെഡക്‌സിനായി നവീകരിച്ച പത്തോളജി മ്യൂസിയം അതുപോലെ നിലനിര്‍ത്തും.

ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ചാണ് മെഡക്‌സ് സാക്ഷാത്കരിച്ചത്. മെഡിക്കല്‍ കോളേജിലെ ടെറസില്‍ പ്രധാന പവലിയനുകള്‍ ഒരുക്കാന്‍ കഴിഞ്ഞതുവഴി വളരെയേറെ ചെലവ് കുറയ്ക്കാന്‍ സാധിച്ചു. പവലിയനുകള്‍ക്കായി സജ്ജമാക്കിയ ലക്ഷങ്ങള്‍ വിലയുള്ള പല ഉപകരണങ്ങളും മെഡിക്കല്‍ കോളേജിന് നല്‍കാനാണ് സംഘാടകരുടെ തീരുമാനം.