ആതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

ആതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Wednesday March 01, 2017,

2 min Read

ആതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിന്റെ തെളിവായി നിയമസഭാ രേഖ. പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതായി വൈദ്യുതി മന്ത്രി എം എം മണി നിയമസഭയെ രേഖാമൂലം അറിയിച്ചു. പുതിയ ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച എന്‍ ഷംസുദ്ദീന്‍ എം എല്‍ എയുടെ ചോദ്യത്തിനാണ് ആതിരപ്പള്ളിയടക്കം 15 പദ്ധതികളുടെ പട്ടികയും സ്ഥിതി വിവരവുമടക്കം മന്ത്രി നിയമസഭയില്‍ വെച്ചത്. പട്ടികയില്‍ 15 ാം സ്ഥാനത്താണ് ആതിരപ്പിള്ളി ജല വൈദ്യുത പദ്ധതി. ആതിരപ്പിള്ളിയില്‍ 163 മെഗാവാട്ടിന്റെ പദ്ധതിക്ക് സ്ഥലംമേറ്റെടുപ്പ് നടന്നുവരുന്നുവെന്നാണ് രേഖയിലുള്ളത്.

image


വര്‍ധിച്ചു വരുന്ന വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചോദ്യോത്തരവേളയില്‍ നെല്ലിക്കുന്ന് ചോദ്യമുന്നയിച്ചപ്പോള്‍ മന്ത്രി ആതിരപ്പള്ളിയെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. സൗരോര്‍ജ്ജ സംരംഭങ്ങള്‍, താപനിലയങ്ങള്‍, കാറ്റാടി വൈദ്യുതി, സമവായത്തിലൂടെ ആതിരപ്പള്ളി അടക്കം വൈദ്യുതി പദ്ധതികള്‍ എന്നിവ ഭാവിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു ചോദ്യത്തിന് മറുപടി നല്‍കിയത്.സംസ്ഥാനത്ത് 312 മെഗാ വാട്ടിന്റെ 15 പുതിയ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മറുപടി രേഖയില്‍ വ്യക്തമാക്കുന്നു. കൂടാതെ 47.4 മെഗാ വാട്ടിന്റെ 20 ചെറുകിട ജലവൈദ്യുത പദ്ധതികളും ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകും എന്ന് പ്രഖ്യാപിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പരിസ്ഥിതി സംഘടനകള്‍ക്ക് പുറമേ ഘടക കക്ഷിയായ സി പി ഐയും ഈ തീരുമാനത്തിനെതിരെ കനത്ത വിമര്‍ശനവുമായി രംഗത്തുവന്നു. സി പി ഐയും മുഖ്യമന്ത്രിയും പരസ്യമായ വാക്‌പോര് വരെയുണ്ടായി. ഇതോടെ നിലപാട് മയപ്പെടുത്തിയ സര്‍ക്കാര്‍ സമവായത്തോടെ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവാദം കെട്ടടങ്ങിയ സാഹചര്യത്തിലാണ് പദ്ധതിക്കായി സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുകയാണെന്ന മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണു വൈദ്യുതി ബോര്‍ഡ് തയാറാക്കിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍നിന്നു 2.52 കിലോമീറ്റര്‍ ദൂരെയാണു പുതിയ ഡാം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 936 കോടി രൂപയാണ് ആകെ ചെലവു കണക്കാക്കിയിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനു 2001ല്‍ ആലോചിക്കുമ്പോള്‍ 409 കോടി രൂപയാണു ചെലവ് പ്രതീക്ഷിച്ചിരുന്നത്.പദ്ധതി നടപ്പാക്കിയാല്‍ 138.6 ഹെക്ടര്‍ വനഭൂമിയെ ബാധിക്കുമെന്നും ഇതില്‍ 42 ഹെക്ടറിലെ മരം മുറിക്കണമെന്നും 104.4 ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലാകുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകളും രംഗത്തു വന്നിരുന്നു. 

    Share on
    close