ആ ദിവസങ്ങളിലെ ഭയമകറ്റാന്‍ പെണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയായി കല

ആ ദിവസങ്ങളിലെ ഭയമകറ്റാന്‍ പെണ്‍കുട്ടികള്‍ക്ക് കൂട്ടുകാരിയായി കല

Thursday November 12, 2015,

2 min Read

ആര്‍ത്തവം സ്ത്രീകള്‍ക്ക് എന്നും വെല്ലുവിളിയാണ്. ആ ദിവസങ്ങള്‍ തള്ളിനീക്കാന്‍ പെണ്‍കുട്ടികള്‍ പാടുപെടുന്നതാണ് കല ചാര്‍ലുവിന്റെ മനസിനെ തൊട്ടുണര്‍ത്തിയത്. തന്റെ മകള്‍ അടക്കമുള്ള പെണ്‍തലമുറയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് കലയ്ക്ക് ആശയം ഉദിച്ചത്, അസംഘടിത മേഖലകളിലെ ഒരുകൂട്ടം പെണ്‍കുട്ടികള്‍ക്ക് ഭാഗ്യമായി. ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഒരു പദ്ധതിയുടെ അമരക്കാരിയാണ് കലചാര്‍ലു എന്ന മധ്യവയസ്‌ക. മെന്‍സ്ട്രല്‍ ഹൈജീന്‍ മാനെജ്‌മെന്റ്(എം.എച്ച്.എം-ആര്‍ത്തവനാളുകളിലെ ശുചിത്വം) എന്ന ലക്ഷ്യവുമായി കല മുന്നോട്ടു പോയപ്പോള്‍ ഒപ്പം നടക്കാന്‍ സമാന ചിന്താഗതിയുള്ള നിരവധി സഹപ്രവര്‍ത്തകരും എത്തി. ഇതോടെ, മള്‍ട്ടിപ്പിള്‍ ഇനിഷ്യേറ്റിവ് ടുവാര്‍ഡ്‌സ് അപ്‌ലിഫ്റ്റ്‌മെന്റ്( എം.ഐ.ടി.യു) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തുകൊണ്ട് അവര്‍ പ്രവര്‍ത്തനരംഗം സജീവമാക്കി. ആര്‍ത്തവനാളുകളിലെ ശുചിത്വത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ബോധവല്‍ക്കരണം നടത്തി ആരംഭിച്ച സംഘടന, ഇപ്പോള്‍ അവര്‍ക്കായി സാനിട്ടറി നാപ്കിനുകളും ഇന്ന് ലഭ്യമാക്കുന്നു. ബാംഗ്ലൂരില്‍ ആരംഭിച്ച എംഐടിയു ഇന്ന് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കല ചാര്‍ലുവും സഹപ്രവര്‍ത്തകരും.

സംഘടനയ്ക്ക് സാമ്പത്തികമായും വോളണ്ടറി സര്‍വീസായും നിരവധിപ്പേരുടെ പിന്തുണ കിട്ടിയതാണ് വിജയത്തിനു പിന്നിലെന്നു വിനയത്തോടെ പറയുകയാണവര്‍. 2009ല്‍ എം.ഐ.ടി.യു പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് പ്രത്യേക ലക്ഷ്യമുണ്ടായിരുന്നില്ല. സാമൂഹിക സേവനം ലക്ഷ്യമിട്ട് സ്ഥാപിച്ച ഗൂഞ്ച് എന്ന സംഘടനായാണ് തനിക്ക് പ്രചോദനമായതെന്ന് കല പറയുന്നു. എം.എച്ച്.എം രംഗത്ത് ഗൂഞ്ച് നല്‍കിയ പ്രാമുഖ്യം ഏറ്റെടുത്ത് ആദ്യം സാനിട്ടറി നാപ്കിന്‍ നിര്‍മാണമാണ് ചെയ്തത്. ഡൊണേറ്റ് ഫോര്‍ ഡിഗ്‌നിറ്റി എന്ന ക്യാംപെയ്ന്‍ നടത്തിയാണ് നാപ്കിന്‍ ഉപയോഗിക്കുന്നതിന് പെണ്‍കുട്ടികളെ ബൊധവല്‍ക്കരിച്ചത്. ബാംഗ്ലൂര്‍ നഗരത്തിലെ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും നടത്തിയ ക്യാംപെയ്ന്‍ വന്‍ വിജയമായി. മൂന്നുവര്‍ഷത്തെ പ്രയത്‌നം കൊണ്ട് നിരവധി പെണ്‍മനസുകളില്‍ ആര്‍ത്തവ ശുചിത്വ സന്ദേശം പകരാന്‍ കലയ്ക്കും കൂട്ടര്‍ക്കുമായി. 2012ല്‍ കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തിയ ശേഷം കലയ്ക്കും ഗ്രൂപ്പിനും പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സര്‍ക്കാര്‍ ഇടപെട്ട് ക്യംപെയ്ന്‍ ജനപ്രിയമാക്കി. തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ശുചിത്വസന്ദേശം എത്തി.

image


നാപ്കിന്‍ വിതരണത്തിനു പുറമെ അവയുടെ കൃത്യമായ സംസ്‌ക്കരണവും സന്ദേശത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അതിനായി നാപ്കിന്‍ വെന്‍ഡിങ് മെഷിനുകളും ശൗചാലയ നിര്‍മാണവും ഉള്‍പ്പെടെ സ്‌കൂള്‍ അന്തരീക്ഷത്തില്‍ പെണ്‍കുട്ടികളുടെ ആവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റുകയാണ് കല ചാര്‍ലുവും സംഘവും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 10 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ എം.ഐ.ടി.യു പെണ്‍കുട്ടികള്‍ക്കായി ചെയ്തു. കല എന്ന ഒരാളുടെ ആശയത്തില്‍ ഉദിച്ച പ്രവര്‍ത്തനങ്ങളാണ് ബാംഗ്ലൂരിലെ ധാരാളം പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തിനു പിന്നില്‍. അച്ഛനില്‍ നിന്നു പകര്‍ന്നു കിട്ടിയ ആശയങ്ങളാണ് തന്റെ കരുത്തെന്ന് കല പറയുന്നു. അഞ്ച് പെണ്‍കുട്ടികള്‍ ആയിരുന്നിട്ടും അദ്ദേഹം എല്ലാവര്‍ക്കും മതിയായ വിദ്യാഭ്യാസം നല്‍കുകയും ന്‌ല മൂല്യങ്ങള്‍ നല്‍കി സമൂഹത്തില്‍ വ്യത്യസ്ഥരാകണമെന്ന സന്ദേശം നല്‍കുകയും ചെയ്തു. ഇപ്പോള്‍ മറവിരോഗം ബാധിച്ച അച്ഛന്‍ തന്നെയായിരുന്നു ഇത്രയും നാള്‍ തന്റെ ആശയങ്ങള്‍ക്ക കരുത്ത് നല്‍കിവന്നിരുന്നതെന്ന് കല പറഞ്ഞു.

സാമൂഹ്യസേവനം ചെറുപ്പം മുതല്‍ മനസില്‍ കൊണ്ടുനടന്നിരുന്നു കല ചാര്‍ലു. വിദ്യാഭ്യാസ കാലത്തു തന്നെ ചേരിപ്രദേശങ്ങളിലെ സ്ത്രീകള്‍ക്കായി സാരികളും മറ്റ വസ്ത്രങ്ങളും ശേഖരിച്ച് നല്‍കിയും നിരാലംബര്‍ക്കും അശരണര്‍ക്കും താങ്ങായും എന്നും കല ചാര്‍ലു ഒപ്പമുണ്ടായിരുന്നു. എന്നാല്‍ മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തനത്തിന് അവര്‍ക്ക് നിയോഗം ഉണ്ടായത് ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു സംഭവത്തിനു ശേഷമാണ്. റോഡപകടം മകളുടെ ജീവനെടുത്തപ്പോള്‍ അതിന്റെ ഒറ്റപ്പെടലില്‍ നിന്ന് രക്ഷപെടാനാണ് കല സജീവമായി ജനസേവനരംഗത്തിറങ്ങിയത്. 26 വയസിലാണ് മകള്‍ മൈത്രെയിയെ കലയ്ക്ക് നഷ്ടപ്പെട്ടത്. ദീര്‍ഘ നാള്‍ നീണ്ട ഒറ്റപ്പെടലാണ് മകളുടെ വേര്‍പാട് സമ്മാനിച്ചത്. മകള്‍ക്കു വേണ്ടിയാണ് ഒരുപാട് പെണ്‍മക്കള്‍ക്ക് ആശ്വാസമാകുന്ന സംരംഭത്തിനായി കല ഇറങ്ങിയത്. ഓരോ ലക്ഷ്യങ്ങളും കീഴ്‌പ്പെടുത്തുമ്പോള്‍ മൈത്രെയിയുടെ ആത്മാവിന് സന്തോഷമാകുന്നുവെന്ന് വിശ്വസിച്ചാണ് കലയിലെ അമ്മമനസ് മുന്നോട്ട് കുതിക്കുന്നത്.

image


സ്‌നേഹിക്കുന്നവരുടെ വേര്‍പാടാണ് ജീവിതത്തില്‍ നേരിടുന്ന വലിയ വെല്ലുവിളി എന്ന് പറയുന്ന കലയ്ക്ക് ഇപ്പോള്‍ മനസു ശാന്തമാണ്. പേരക്കുട്ടികളുടെ കളിയും ചിരിയും കുടുംബത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്ത് വളരെ സന്തോഷത്തോടെ കഴിയാന്‍ തന്നെ പ്രേരിപ്പിക്കുന്നത് മുന്നോട്ട് കുതിക്കണമെന്ന മനസാണെന്ന് അവര്‍ പറയുന്നു. വിശ്വാസവും ആത്മാര്‍ഥതയുമാണ് എം.ഐ.ടി.യുവിന്റെ വിജയത്തിനു പിന്നില്‍. മാനെജ്‌മെന്റിലോ, ഫിനാന്‍സിലോ ബിരുദമില്ലാതെ ഇക്കാര്യങ്ങളെല്ലാം വളരെ കൃത്യമായി ചെയ്യാന്‍ സാധിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. എം.ഐ.ടി.യുവിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള തന്റെ ലക്ഷ്യവും ജീവിതവും എന്ന് പറഞ്ഞാണ് കല ചാര്‍ലു അവസാനിപ്പിച്ചത്.

    Share on
    close