60 കഴിഞ്ഞ എല്ലാവർക്കും വൈകാതെ പെൻഷൻ  

0

സർക്കാരിന്റെ ക്ഷേമ-ക്ഷേമനിധി പെൻഷനുകളുടെ വിതരണം വേഗത്തിലും കുറ്റമറ്റതുമാക്കാൻ മുഴുവൻ പെൻഷൻകാരുടെയും വിവരശേഖരം രണ്ടാഴ്ചയ്ക്കകം കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു. വിവിധ ക്ഷേമനിധിബോർഡുകളിൽ അംഗങ്ങളയ മുഴുവൻ‌പേരും രണ്ടാഴ്ചയ്ക്കകം ആധാർ നമ്പരുകൾ അതതു ബോർഡുകൾക്കു നൽകണം. ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരശേഖരം നവംബർ 22നകം ക്ഷേമനിധി ബോർഡുകൾ തദ്ദേശഭരണവകുപ്പിന്റെ ഡിബിറ്റി സെല്ലിനു കൈമാറണം. ഇതും അനുബന്ധപ്രവർത്തനങ്ങളും അടിയന്തരമായി പൂർത്തിയാക്കിയാലേ പെൻഷൻ വിതരണം ആരംഭിക്കൂ. യോഗം  തീരുമാനിച്ചു.

ഈ പ്രവർത്തനം പൂർണ്ണമായാൽ സംസ്ഥാനത്തെ 60 വയസു കഴിഞ്ഞ മുഴുവൻ പേർക്കും പെൻഷൻ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ക്ഷേമനിധി ബോർഡ് അദ്ധ്യക്ഷരുടെയും മുഖ്യ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ റ്റി.എം. തോമസ് ഐസക്ക് പറഞ്ഞു. മുഴുവൻ പേരെയു സാമൂഹികസുരക്ഷാവലയിൽ കൊണ്ടുവരിക എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  യോഗത്തിൽ തൊഴിൽ മന്ത്രി റ്റി.പി. രാമകൃഷ്ണൻ, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, സ്പെഷ്യൽ സെക്രട്ടറി ഇ‌.കെ. പ്രകാശ്, ധന-തദ്ദേശഭരണ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഓരോ ക്ഷേമനിധി ബോർഡും ആധാർ നമ്പർ ശേഖരിക്കാൻ സ്വന്തമായി പരിപാടി തയ്യാറാക്കും. കൂടുതൽ അംഗങ്ങളും ജില്ലാ ഓഫീസുകളടക്കം മതിയായ സംവിധാനവുമുള്ള ബോർഡുകൾ പെൻഷൻകാരിൽനിന്ന് ജില്ല, തദ്ദേശഭരണസ്ഥാപന തലങ്ങളിൽ ആധാർ നമ്പർ ശേഖരിക്കും. അംഗങ്ങൾ കുറവുള്ള ചെറിയ ബോർഡുകൾ സംസ്ഥാനതലത്തിൽ നേരിട്ടാകും സ്വീകരിക്കുക. ഓരോ പെൻഷൻകാരും ആധാർ കാർഡ് എന്ന് എവിടെ ഹാജരാകണമെന്ന് അതതു ബോർഡുകൾ അറിയിക്കും.

സാമൂഹികസുരക്ഷാ പെൻഷനുകൾക്കു കൃത്യമായ വിവരശേഖരമുണ്ട്. ക്ഷേമനിധി ബോർഡുകളുടെ പെൻഷനാണ് സമാനമായി വിവരശേഖരം ഏകോപിപ്പിക്കേണ്ടത്. ഇതിൽ പല ക്ഷേമനിധിബോർഡിലും വിവരശേഖരം ഉണ്ട്. ഇത് രണ്ടുദിവസത്തിനകം എക്സൽ ഫയലായി ഡിജിറ്റൽ രൂപത്തിൽ ഡിബിറ്റി സെല്ലിനു നൽകണം.

അതോടൊപ്പം സ്വന്തം വിവരശേഖരം അതതു ബോർഡുകൾ സേവന എന്ന പൊതു സോഫ്റ്റ്‌വെയറിൽ സമാഹരിക്കേണ്ടതുമുണ്ട്. പെൻഷൻ വിതരണത്തെ ആധാറുമായി ബന്ധിപ്പിക്കുന്നില്ലെങ്കിലും ആധാർ നമ്പറുമായി ഒത്തുനോക്കി വിവരശേഖരം കുറ്റമറ്റതാക്കണം. ഇത് നിശ്ചിത സമയത്തിനകം പൂർത്തിയാക്കുന്ന ക്ഷേമനിധികളിലെ പെൻഷൻകാർക്ക് ക്രിസ്‌മസിനുമുമ്പ് പെൻഷൻ വിതരണം ചെയ്യും. വിവരശേഖരം പൂർത്തിയാക്കി നൽകുന്ന മുറയ്ക്കേ പുതിയ സംവിധാനപ്രകാരം മറ്റുള്ളവർക്കു പെൻഷൻ വിതരണം ചെയ്യാനാകൂ. കുടിശികയുണ്ടെങ്കിൽ അതും ഇതോടൊപ്പം തീർക്കും.

സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടാൽ വിവിധ തൊഴിൽ മേഖലകളിൽ വിരമിക്കൽ പെൻഷനുകളും ആരംഭിക്കാനാകുമെന്ന് ധനമന്ത്രി യോഗത്തെ അറിയിച്ചു. ചെറിയ ക്ഷേമനിധികൾ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ ശരിയായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ അത്തരത്തിലുള്ളവ ഏകോപിക്കുന്നതിനുള്ള സാദ്ധ്യത ആലോചിക്കും. പെൻഷനുകൾ കൊല്ലംതോറും 100 രൂപവീതം കൂട്ടുമെന്നും ധനമന്ത്രി പറഞ്ഞു.