സ്ത്രീ ശബ്ദം ഉയര്‍ന്നു കേള്‍ക്കണം: വനിതാ കമ്മീഷന്‍

0

സ്ത്രീയെന്ന കാരണത്താന്‍ താന്‍ ഇതു വരെ ഒരു നിയന്ത്രണവും സ്വയം വച്ചിട്ടില്ലെന്നും അതു തന്നെയാണ് ഇപ്പോള്‍ ഈ അധികാര സ്ഥാനത്തിലേക്ക് എത്തിച്ചതിന് കാരണമായതെന്നും ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിതാ കുമാരമംഗലം പറയുമ്പോള്‍ അത് ഉള്‍ക്കരുത്തില്‍ നിന്നുള്ള വാക്കുകളാവുകയാണ്. സ്ത്രീകള്‍ സ്വന്തമായി തീര്‍ക്കുന്ന അതിര്‍വരമ്പുകളാണ് പലപ്പോഴും സ്ത്രീക്ക് സ്വയം വിലങ്ങു തടികളായി മാറുന്നത്. എന്നാല്‍ ഇത് അവര്‍ സ്വയം മനസിലാക്കുമ്പോള്‍ വര്‍ഷങ്ങള്‍ കഴിയും. ദേശീയ വനിതാ കമ്മീഷനും യുവര്‍സ്‌റ്റോറിയും സംയുക്തമായി സംഘടിപ്പിട്ട 'ശക്തി' എന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലളിതാ കുമാരമംഗലം. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സുപ്രധാന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ച് ആരും ചിന്തിക്കുന്നു പോലുമില്ല. വിവിധ മേഖലകളില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ സംഭാവനയോ വീടു പരിപാലിക്കുന്ന വീട്ടമ്മമാരുടെ സംഭാവനയോ ആരും കണ്ടതായി നടിക്കുന്നില്ല. ഇതു വരെ അത്തരമൊരു കണക്കെടുപ്പിന് രാജ്യത്തെ സാമ്പത്തിക രംഗം തയ്യാറായിട്ടുമില്ല. എന്നാല്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി നിലവില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ സ്ത്രീകളുടെ ഈ മേഖലയിലെ പങ്കാളിത്തം തിരിച്ചറിയുന്നുണ്ട്. 

പദ്ധതിയുടെ 60 ശതമാനത്തിലേറെ തൊഴില്‍ പങ്കാളിത്തം സ്ത്രീകളുടേതാണ്. ബലാത്സംഗം, ലൈംഗിക അതിക്രമം, ഗാര്‍ഹിക പീഢനം തുടങ്ങിയവ മാത്രമല്ല സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. തുല്യ അവകാശം നിഷേധിക്കുന്നതെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമായി കാണണമെന്ന് കുമാരമംഗലം അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിനായി നിരവധി സംരഭങ്ങളുണ്ടെങ്കിലും എന്നും അവക്കിടയില്‍ വിടവു നിലനില്‍ക്കുന്നു. സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിട്ടുപോലും പലതും ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിലേക്ക് എത്തുന്നില്ല.

മറ്റുള്ളവര്‍ക്കായി അഹോരാത്രം പ്രയത്‌നിക്കുന്നവരാണ് സ്ത്രീകള്‍. എങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് സ്ത്രീകള്‍ക്കായി പ്രവര്‍ത്തിച്ചു കൂടാ? അവരുടെ ഉന്നമനത്തിനായി സംരഭങ്ങള്‍ സ്വയം ആരംഭിച്ചൂ കൂടാ?

ഈ സാഹചര്യത്തില്‍ സ്ത്രീകളെ പ്രത്യേകിച്ച് സ്ത്രീ സംരഭകരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്.

സ്വന്തം ശബ്ദം സമൂഹം കേള്‍ക്കുമാറ് പ്രകടിപ്പിക്കാന്‍ സ്ത്രീകള്‍ക്കാവണം. ചോദ്യം ചെയ്യാന്‍ കരുത്തുണ്ടാകണം. വിശദീകരണങ്ങള്‍ ആവശ്യപ്പെടണം. നിങ്ങള്‍ക്ക് അലറേണ്ടി വന്നാലും അതു ചെയ്യുക. നിങ്ങള്‍ക്കായി നിങ്ങള്‍ നിലകൊള്ളുമ്പോള്‍ ജനങ്ങള്‍ അതു കേള്‍ക്കുക തന്നെ ചെയ്യും. 

പരാജയം സമ്മതിക്കാതെ മുന്നോട്ട് കുതിക്കാനുള്ള കരുത്താണ് ഇന്ത്യന്‍ വനിത സംരഭകര്‍ ആര്‍ജ്ജിക്കേണ്ടതെന്ന് ലളിതാ കുമാരമംഗലം അടിവരയിടുന്നു.