വിമാനവും കപ്പലും മുതല്‍ മെട്രോ ട്രെയിന്‍ വരെ, ഏകദിന വിനോദയാത്രയുമായി ടൂര്‍ഫെഡ്

വിമാനവും കപ്പലും മുതല്‍ മെട്രോ ട്രെയിന്‍ വരെ, ഏകദിന വിനോദയാത്രയുമായി ടൂര്‍ഫെഡ്

Wednesday July 26, 2017,

1 min Read

രാവിലെ ആറുമണിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ പുറപ്പെട്ട് കൊച്ചിയില്‍ മെട്രോയാത്രയും, കടല്‍, കായല്‍ യാത്രയും നടത്തി, ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി കാഴ്ചകള്‍ കണ്ട് ജനശതാബ്ദി ട്രെയിനില്‍ മടങ്ങുന്ന ഏകദിന ഉല്ലാസയാത്രയൊരുക്കി ടൂര്‍ഫെഡ്. ഒരൊറ്റ ദിവസം അഞ്ച് വ്യത്യസ്ത തരം മാര്‍ഗങ്ങളിലൂടെ യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന വിനോദയാത്രാ പരിപാടി എന്ന പ്രത്യേകതയാണ് സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്‍ ലിമിറ്റഡ് അവതരിപ്പിക്കുന്നത്. 

image


രാവിലെ ആറ് മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തിലാണ് യാത്ര തുടങ്ങുന്നത്. പ്രാതലും ഉച്ചഭക്ഷണവും അടങ്ങുന്ന ഈ ടൂര്‍ പാക്കേജില്‍ ഒരാള്‍ക്ക് നാലായിരം രൂപയാണ് ചാര്‍ജ്. ടൂര്‍ പാക്കേജുകളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബുക്ക ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. ടൂര്‍ ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സി. അജയകുമാര്‍ ഹാന്‍ഡ് ബുക്ക് ഏറ്റുവാങ്ങി. ചടങ്ങില്‍ സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാല്‍, സഹകരണ സംഘം രജിസ്ട്രാര്‍ ലളിതാംബിക, ടൂര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഷാജി മാധവന്‍ എന്നിവര്‍ പങ്കെടുത്തു.