കള്ളന്‍മാരെ പേടിക്കാതെ ധനകാര്യ സ്ഥാപനങ്ങള്‍ നടത്താന്‍ സംരക്ഷണവുമായി മുത്തൂറ്റ് ഗ്രൂപ്പ്

0

രാജ്യമെങ്ങും ഇനി കള്ളന്‍മാരെ പേടിക്കാതെ ജ്വല്ലറികളും ധനകാര്യ സ്ഥാപനങ്ങളും ആരംഭിക്കാം. ഇതിനുള്ള ഉറപ്പാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് നല്‍കുന്നത്. ഇവരുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതോടെ രാജ്യത്തെവിടേയും ധൈര്യമായി പണമിടപാട് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. എം പി ജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ചുകൊണ്ടാണ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പൊലീസിനു വളരെ സഹായകമാകുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. കുടുംബാംഗങ്ങളടക്കം സുരക്ഷാ ഭീഷണി നേരിടുന്ന കാലത്തു സെക്യൂരിറ്റി മേഖലയിലെ കമ്പനികള്‍ക്കു വലിയ സാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ സ്ഥാപനങ്ങളിലും ജ്വല്ലറികളിലും രാത്രികാലങ്ങളില്‍ വര്‍ധിച്ചു വരുന്ന മോഷണങ്ങള്‍ തടയുന്നതിന് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്ന പേരില്‍ രാജ്യമാകെ ഹൈടെക് കാറുകള്‍ വഴിയുള്ള പട്രോളിങ് സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തുന്നതാണു പദ്ധതി. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ദക്ഷിണേന്ത്യയിലെ 1800 ബ്രാഞ്ചുകളുടെ സുരക്ഷയ്ക്കുവേണ്ടി ആവിഷ്‌കരിച്ച ടീമിന്റെ സേവനം മുത്തൂറ്റ് ഫിനാന്‍സിന്റെ 2700 ബ്രാഞ്ചുകളിലേക്കുകൂടി നേരത്തേ വ്യാപിപ്പിച്ചിരുന്നു. എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ ആധുനികവത്കരിച്ചുകൊണ്ടു ധനകാര്യ സ്ഥാപനങ്ങള്‍, എ ടി എമ്മുകള്‍, ജ്വല്ലറികള്‍ എന്നിവയ്ക്കുകൂടി ടീമിന്റെ സേവനം ലഭ്യമാക്കും.

ജി പി ആര്‍ എസ് സംവിധാനം, വയര്‍ലെസ് കമ്യൂണിക്കേഷന്‍, അലാറം സംവിധാനം എന്നിവയുള്ള ഹൈടെക് കാറുകളില്‍ പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോകള്‍, ധനകാര്യ സ്ഥാപനങ്ങളും ബാങ്ക് എ ടി എമ്മുകളും ജ്വല്ലറികളും കേന്ദ്രീകരിച്ചു രാത്രി സമയങ്ങളില്‍ റോന്തു ചുറ്റും. ടീമിന്റെ സേവനം ലഭ്യമാക്കുന്ന എ ടി എമ്മുകളില്‍ ഇലക്ട്രോണിക് സെന്‍സര്‍ ഘടിപ്പിക്കും. എന്തെങ്കിലും അസ്വാഭാവിക സംഭവങ്ങളുണ്ടായാല്‍ ഇതില്‍നിന്നു സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലേക്കു സന്ദേശം എത്തും. കുറഞ്ഞ സമയംകൊണ്ടു തൊട്ടടുത്തുള്ള റെസ്‌പോണ്‍സ് ടീമിനു സ്ഥലത്തെത്താനാകും.

ദക്ഷിണേന്ത്യയിലേക്കുവേണ്ടി പ്രത്യേക സംവിധാനമുള്ള 133 ഹൈടെക് കാറുകളാണ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് വാങ്ങുന്നത്. രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 5.30 വരെയാണു ധനകാര്യ സ്ഥാപനങ്ങളും എ ടി എമ്മുകളും ജ്വല്ലറികളും കേന്ദ്രീകരിച്ചു റോന്ത് ചുറ്റുക. തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമില്‍നിന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. പുറമെ ഓരോ സംസ്ഥാനത്തും കണ്‍ട്രോള്‍ റൂമുകള്‍ തയാറാക്കും. ജില്ലാതലങ്ങളില്‍ നിയന്ത്രണ സംവിധാനങ്ങളുണ്ടാകും. എമര്‍ജന്‍സി ടീമിന്റെ സേവനം ലഭ്യമാക്കുന്നതിലൂടെ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജ്വല്ലറികള്‍ക്കുമെല്ലാം അവരുടെ സുരക്ഷാ ചെലവിന്റെ 50 ശതമാനത്തിലേറെ ലാഭിക്കാനാകുമെന്നാണ് കരുതുന്നത്.