ശബരിമല; ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും  

0

ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി എരുമേലിയിലും മറ്റ് അനുബന്ധ സ്ഥലങ്ങളിലും നടത്തിവരുന്ന ഒരുക്കങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ദേവസ്വംവൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിവിധ വകുപ്പ് ഉദ്യോസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എരുമേലി ദേവസ്വം ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകള്‍ ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. ശേഷിക്കുന്ന കാര്യങ്ങള്‍ കൂടി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും തീര്‍ത്ഥാടകര്‍ക്കായി കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മുക്കൂട്ടുതറപമ്പാവാലി റൂട്ടില്‍ കണമല ഭാഗത്തെ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് മുക്കൂട്ടുതറയില്‍ നിന്ന് എരുത്വാപുഴകീരിത്തോട് വഴി പമ്പാവാലിയിലേയ്ക്കുളള റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി എടുക്കണമെന്ന് പൊതുമരാത്ത് നിരത്ത് വിഭാഗത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. 

തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ അനുബന്ധ റോഡുകളുടെ അറ്റകുറ്റ പണി 61 ലക്ഷം രൂപ ചിലവില്‍ പൂര്‍ത്തിയാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനും അപകടം ഉണ്ടാക്കുന്നരീതിയില്‍ സ്ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും നടപടിയെടുക്കും. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും തീര്‍ത്ഥാടകരുടേയും വാഹനങ്ങളുടേയും തിരക്ക് നിയന്ത്രിക്കുന്നതിനും പോലീസിന്റെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കും. വിവിധ സ്ഥലങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റുകള്‍ തുറക്കുകയും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യും. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ്, പഞ്ചായത്ത്, എക്‌സൈസ്, ആരോഗ്യം, റവന്യൂ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ഊര്‍ജ്ജിതപ്പെടുത്തും. തീര്‍ത്ഥാടകര്‍ക്കെതിരെയുളള ചൂഷണം ഇല്ലാതാക്കുന്നതിന് ഓട്ടോടാക്‌സി നിരക്ക് നിശ്ചയിച്ച് പ്രസിദ്ധീകരിച്ചതായി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. വിവിധ വകുപ്പകളുടെ പ്രവര്‍ത്തനം ഏകോകിപ്പിക്കുന്നതിന് എരുമേലി കേന്ദ്രമായി കണ്‍ട്രോള്‍ റൂം തുറക്കുന്നതിനുളള ജില്ലാ ഭരണകൂടത്തിന്റെ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും വൈദ്യൂതി വകുപ്പും നടപടി സ്വീകരിക്കും. കെ.എസ്.ആര്‍.ടി.സി വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനത്തിലധികം ബസ്സുകള്‍ സര്‍വ്വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുളള നടപടികളുടെ ഭാഗമായി എരുമേലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് നിലവിലുളള സ്ഥലത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്റ്, കെ.എസ്.ആര്‍.ടി.സി, പോലീസ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് തീരുമാനം എടുക്കും.

റോഡപകടമേഖലയായ കണമല ഭാഗത്ത് ആരോഗ്യ വകുപ്പ് താത്കാലിക ട്രോമ കെയര്‍ സെന്റര്‍ തുറക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. തീര്‍ത്ഥാടനകാലത്ത് ഉണ്ടായേക്കാവുന്ന പ്രത്യേക സാഹചര്യം നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും ജില്ലയില്‍ നിയോഗിക്കും. അടിയന്തിര സാഹചര്യം നേരിടുന്നതിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് സജ്ജമാക്കി വിദഗ്ദ്ധ ചികിത്സാ സൗകര്യം ഒരുക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതരും അറിയിച്ചു. പരമ്പരാഗത കാനന പാതയില്‍ വെളളം, വെളിച്ചം, ടോയ്‌ലറ്റ് സൗകര്യം, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കുന്നതിന് വനം വകുപ്പ് നടപടിയെടുക്കും. ലഹരി പദാര്‍ത്ഥങ്ങളുടെ വില്പനയും ഉപയോഗവും തടയുന്നതിന് എക്‌സൈസ് വകുപ്പ് മറ്റു വകുപ്പുകളുമായി ചേര്‍ന്ന് ഊര്‍ജ്ജിത പരിശോധന നടത്തും. ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും അഞ്ച് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ല സപ്ലൈ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പു വരുത്തുന്നതിനുളള എല്ലാവിധ മുന്‍കരുതല്‍ നടപടികളും എടുത്തിട്ടുളളതായും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം സബ്‌സ്റ്റേഷനുകളുടെ അറ്റകുറ്റപണി ഉടന്‍ പൂര്‍ത്തിയാകുമെന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കായുളള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രസാദ് പദ്ധതി പ്രകാരം ശബരിമലയ്ക്ക് ലഭിച്ച 99.98 കോടി രൂപയില്‍ 2.5 കോടി രൂപ എരുമേലിയില്‍ തീര്‍ത്ഥാടന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. ഹൈക്കോടതിയുടെ അനുമതി ആവശ്യമുളളതിനാല്‍ ഇത് സംബന്ധിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ച് അടുത്ത വര്‍ഷത്തോടെ പരിപാടി നടപ്പാക്കാനാണ് തീരുമാനം. തീര്‍ത്ഥാടനയാത്രയില്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കി ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുളള സര്‍ക്കാര്‍ ശ്രമങ്ങളോട് എല്ലാ തീര്‍ത്ഥാടകരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് അകത്തും പുറത്തും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ശക്തമായ പ്രചാരണം നടത്തിവരികയാണ്. വിവിധ വകുപ്പുകള്‍ക്കാവശ്യമായ സൗകര്യം ചെയ്തു കൊടുക്കണമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. തീര്‍ത്ഥാടന ഒരുക്കങ്ങളുടെ അന്തിമ വിലയിരുത്തല്‍ നടത്തുന്നതിന് ഈ മാസം 29 ന് ശബരിമലയില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. ജില്ലയിലെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുളള യോഗം അടുത്തമാസം ചേരുമെന്നും മന്ത്രി പറഞ്ഞു.

ജില്ല കളക്ടര്‍ സി. എ ലത, ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.