യു എ ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് തുടങ്ങി  

0

കേരളത്തിലെ യു എ ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ദക്ഷിണേന്ത്യക്കാര്‍ക്കാകെ പ്രയോജനപ്പെടുമെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും ഹെല്‍ത്ത് ടൂറിസവും അറേബ്യന്‍ രാജ്യക്കാര്‍ക്ക് പ്രയോജനപ്പെടത്തക്കവിധമുളള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളീയര്‍ക്ക് രണ്ടാം വീടാണ് അറബ് നാടുകളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു എ ഇ രൂപീകൃതമായ കാലം മുതല്‍ക്കേ കേരളവുമായി ഗാഢമായ സൗഹൃദബന്ധമാണുള്ളത്. സാംസ്‌കാരികവും സാമ്പത്തികവുമായ നിരന്തര കൈമാറ്റത്തിലൂടെ വളര്‍ന്ന ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സഹായകമാകും. യു എ ഇയിലെ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യന്‍ തൊഴിലാളികളുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ ശ്രമങ്ങള്‍ക്ക് യു എ ഇ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സഹായകമാകും. കേരളത്തിന്റെ വിവര സാങ്കേതിക രംഗത്തിന്റെയും കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയുടെയും വളര്‍ച്ചയ്ക്ക് ഉതകും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റില്‍നിന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

യു എ ഇയില്‍ ചെറിയ തസ്തികകള്‍ മുതല്‍ ഉയര്‍ന്ന തസ്തികകള്‍വരെയുള്ള സ്ഥാനങ്ങളില്‍ ഒട്ടേറെ മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. യു എ ഇ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമീപിക്കാവുന്ന കേന്ദ്രമായി യു എ ഇ കോണ്‍സുലേറ്റ് മാറുമെന്ന് എം എ യൂസഫലി അഭിപ്രായപ്പെട്ടു.ഡല്‍ഹി എംബസിയും മുംബൈയിലെ കോണ്‍സുലേറ്റും കഴിഞ്ഞാല്‍ ഇന്ത്യയില്‍ യു എ ഇയുടെ മൂന്നാമത്തെ നയതന്ത്രകാര്യാലയമാണ് തിരുവനന്തപുരത്ത് തുടങ്ങിയത്. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനും കോണ്‍സുലേറ്റ് സഹായകമാകും. യു എ ഇയിലെ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നാണ്. നിലവില്‍ മുംബൈയിലെ യു എ ഇ കോണ്‍സുലേറ്റ് വഴി ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇനി തിരുവനനന്തപുരത്ത് ലഭ്യമാകും. യു എ ഇയിലേക്കുള്ള വിസ നടപടിക്രമങ്ങള്‍, രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയവ ഇനി തിരുവനന്തപുരം വഴിയാകും. യു എ ഇയില്‍ ജോലിക്കു പോകുന്നവര്‍ക്കുള്ള എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും ഇനി തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് വഴി ലഭ്യമാകും. കോണ്‍സുലേറ്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ നിലവില്‍ വിസ അനുവദിക്കാനും രേഖകള്‍ സാക്ഷ്യപ്പെടുത്താനും കേരളത്തിനകത്തുള്ളവര്‍ നേരിടുന്ന കാലതാമസം ഒഴിവാകും. മൃതശരീരങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകുന്നതു സംബന്ധിച്ച നടപടിക്രമങ്ങളിലുണ്ടാകുന്ന കാലതാമസം പരിഹരിക്കാനും കോണ്‍സുലേറ്റിന്റെ സഹായം തേടാവുന്നതാണ്. ശക്തമായ സാമ്പത്തിക സ്ഥിതിയും നിക്ഷേപത്തിനുള്ള അവസരങ്ങളും തുറന്നിടുന്ന യു എ ഇ വിനോദ സഞ്ചാര രംഗത്തും മുന്നേറുകയാണ്. കേരളത്തില്‍ യു എ ഇ കോണ്‍സുലേറ്റ് ആരംഭിക്കുന്നതു വഴി നമ്മുടെ വിനോദസഞ്ചാര മേഖലയ്ക്കും ഇത് പ്രയോജനം ചെയ്യും.

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി സേവനം തിരുവനന്തപുരം കോണ്‍സുലേറ്റ് വഴിയാകും. അതതു സംസ്ഥാനങ്ങളില്‍ കോണ്‍സുലേറ്റിന് കീഴില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കോണ്‍സുലേറ്റില്‍ 35ലേറെ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. യു എ ഇയില്‍ നിന്നുള്ളവരും ഇന്ത്യന്‍ പൗരന്‍മാരും ജീവനക്കാരിലുണ്ട്. ഇവര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായിട്ടുണ്ട്. രാജ്യാന്തര സേവനങ്ങള്‍ക്ക് പുറമേ കോണ്‍സുലേറ്റ് നമ്മുടെ വാണിജ്യ, ടൂറിസം മേഖകളിലും സ്വാധീനശക്തിയാകും. യു എ ഇയില്‍ നിന്ന് ഒട്ടേറെ പേര്‍ വിനോദസഞ്ചാരത്തിനും ചികിത്സക്കുമായി കേരളത്തിലെത്തുന്നുണ്ട്. കോണ്‍സുലേറ്റ് വരുന്നതോടെ ഇവര്‍ക്ക് കേരളത്തിലെത്താനുള്ള നടപടിക്രമങ്ങള്‍ ലളിതമാകും. തിരുവനന്തപുരം മണക്കാട് ഫോര്‍ട്ട് പോലീസ് സ്റ്റേഷന് സമീപമാണ് യു എ ഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. നാളെ മുതല്‍ വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്ന കോണ്‍സുലേറ്റില്‍ ഒരാഴ്ചക്കകം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള നടപടികളും തുടങ്ങും. യു എ ഇ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍റൈസി, അസി. അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ദേരി, യു എ ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന, കോണ്‍സുേലറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, ശശി തരൂര്‍ എം പി, നോര്‍ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവര്‍ സംബന്ധിച്ചു.