ബധിരരുടെ ശബ്ദമായി സ്മൃതി

0

സ്‌നേഹത്തിന് ഭാഷ തടസമല്ല. ഇതാണ് സ്മൃതി നാഗ്പാള്‍ എന്ന 23 കാരിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. സംസാര ശേഷിയില്ലാത്ത, കേള്‍വിശക്തിയില്ലാത്ത ഒരു വലിയ വിഭാഗത്തിന്റെ ശബ്ദമാകുകയാണ് സ്മൃതി. കേള്‍വിശക്തിയില്ലത്തവരുടെ ഓരോ സ്പന്ദനങ്ങളും തിരിച്ചറിയുന്ന സ്മൃതി ഇന്ന് ബധിര്‍ക്ക് കലാപരമായ പരിശീലനം നല്‍കുന്ന അതുല്യകല എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരി കൂടിയാണ്. ബധിരര്‍ക്ക് കലാപരമായ കഴിവുകളില്‍ പരിശീലനം നല്‍കി അവരെ ശാക്തികരിക്കുന്നതിനുള്ള സ്ഥാപനമാണിത്. സ്മൃതിയുടെ മൂത്ത രണ്ട് സഹോദരിമാര്‍ കേള്‍വിശക്തിയില്‍ വൈകല്യമുള്ളവരാണ്. ഇവരില്‍നിന്നാണ് ബധിരരുടെ ഭാഷ സ്മൃതി പഠിച്ചെടുത്തത്. ഇന്ന് ബധിരര്‍ക്ക് വേണ്ടിയുള്ള ഒരു വലിയ കൂട്ടായ്മയുടെ ഭാഗം തന്നെയാണ് സ്മൃതി. തന്റെ ജീവിതതന്നെ ബധിരര്‍ക്കായി ഉഴിഞ്ഞുവച്ച സ്മൃതി ഇവര്‍ക്ക് മികച്ച പാഠമാണ്.

തന്നേക്കാള്‍ പത്ത് വയസ് പ്രായക്കൂടുതലുള്ളവരാണ് സഹോദരിമാര്‍. അവരുമായി സംസാരിക്കാന്‍ അവരുടെ മൗനഭാഷയായ ആംഗ്യവിക്ഷേപണം പഠിച്ചെടുക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ സ്മൃതിക്കുണ്ടായിരുന്നില്ല. പിന്നീട് സഹോദരിമാര്‍ പറയുന്ന കാര്യങ്ങള്‍ അച്ഛനമ്മമാര്‍ക്ക് പറഞ്ഞുകൊടുക്കാനുള്ള കടമ കൂടി സ്മൃതിയില്‍ വന്നുചേര്‍ന്നു. ഇവരുമായുള്ള സമ്പര്‍ക്കത്തില്‍നിന്നാണ് സ്മൃതി ബധിരര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത തുടങ്ങിയത്.

ഇന്ത്യയില്‍ 14 മില്യണോളം പേര്‍ കേള്‍വി ശക്തിക്ക് തകാറുളളവരായി ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. ലോകത്തെ മൊത്തം കണക്കെടുത്താല്‍ കേള്‍വി ശക്തിയില്ലാത്ത അഞ്ചില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നുള്ളതായിരിക്കും. നിരവധി പ്രശ്‌നങ്ങളാണ് ഇവര്‍ക്ക് സമൂഹത്തില്‍നിന്ന് നേരിടേണ്ടി വരുന്നത്. പ്രധാന പ്രശ്‌നം വിദ്യാഭ്യാസം ലഭിക്കില്ലെന്നതാണ്. ആശയ വിനിമയമാണ് ഇതിനുള്ള പ്രധാന തടസം. എഴുതി കാണിക്കുക എന്നതും ആംഗ്യ ഭാഷയും മാത്രമാണ് ഇവര്‍ക്ക് മുന്നിലുളള ആശയവിനിമയ മാര്‍ഗങ്ങള്‍.

എന്നാല്‍ ഇവര്‍ക്ക് പഠനത്തിനായി പ്രത്യേക ഘടന ഇല്ലാത്തതിനാല്‍ ശരിയായി എഴുതാന്‍ അക്ഷരങ്ങള്‍ പഠിക്കാനാകില്ല. ഈപ്രശ്‌നം സ്മൃതി സഹോദരങ്ങളില്‍നിന്ന് തന്നെ നേരിട്ട് മനസിലാക്കിയിട്ടുള്ളതാണ്. തന്റെ 16-ാമത്തെ വയസില്‍ സ്മൃതി ബധിതരുടെ ദേശീയ സംഘടനയില്‍ അംഗമായി. പിന്നീട് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബാച്ചലര്‍ ഡിഗ്രി കോഴ്‌സില്‍ പഠിക്കുമ്പോഴാണ് ദൂരദരശന്‍ ചാനല്‍ സ്മൃതിയെ തേടിയെത്തുന്നത്. അവരുടെ പ്രഭാത വാര്‍ത്ത അംഗവിക്ഷേപണത്തിലൂടെ ബധിതര്‍ക്ക് മനസിലാക്കി കൊടുക്കുന്ന രീതിയില്‍ അവതരണത്തിന് സ്മൃതിയെ ക്ഷണിക്കാനായിരുന്നു അത്.

അങ്ങനെ തന്റെ പഠന കാലയളവില്‍തന്നെ സ്മൃതി ബധിരര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ ജോലി മറ്റ് നിരവധി അവസരങ്ങളാണ് സ്മൃതിക്ക് മുന്നിലെത്തിച്ചത്. അങ്ങനെയിരിക്കെയാണ് ആര്‍ട്ടില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ഒരു കലാകരനെ സ്മൃതി പരിചയപ്പെട്ടത്. അദ്ദേഹം കലയിലാണ് തന്റെ പഠനം നടത്തിയതെങ്കിലും ഒരു എന്‍ ജി ഒ സ്ഥാപനത്ില്‍ ജോലി ചെയ്യുന്നതിനാല്‍ കലയ്ക്ക് വേണ്ടി അദ്ദേഹത്തിന് ഒന്നും ചെയ്യാനാകുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കഴിവ് ഉപയോഗ ശൂന്യമാകുകയായിരുന്നു. അതിന് ശേതുടര്‍ന്ന് ബധിതരായ കലാകരന്മാര്‍ക്ക് സഹായം ചെയ്യുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ഗവേഷണത്തിലായിരുന്നു. സ്മൃതി.

അങ്ങനെയാണ് സുഹൃത്തായ ഹര്‍ഷിതിനൊപ്പം ചേര്‍ന്ന് സ്മൃതി അതുല്യകല എന്ന സ്ഥാപനം തുടങ്ങിയത്.. ബധിതരായ കലാകാരന്മാര്‍ക്ക് വളര്‍ന്നുവരാനുളള അവസരമാണ് അതുല്യകല ഒരുക്കുന്നത്. കലാപരമായി ഇവര്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വിറ്റഴിച്ച് ലാഭം ഉണ്ടാക്കുന്നുണ്ട്. ബധിത കലാകാരന്മാരുടെ പേരുകളാണ് തങ്ങള്‍ ബ്രാന്‍ഡ് നെയിം ആയി കൊടുക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ ഉല്‍പന്നങ്ങളിലും അവരുടെ കയ്യൊപ്പ് വയക്കാറുണ്ട്. അവര്‍ സ്വന്തമായി എന്തെങ്കിലും സൃഷ്ടിക്കുന്നെന്ന് അവര്‍ക്ക് തോന്നലുണ്ടാക്കാന്‍ വേണ്ടിയാണിതെന്ന് സ്മൃതി പറയുനനു.

മറ്റ് ക്രിയാത്മകമായ പല കണ്ടുപിടിത്തങ്ങളും അതുല്യ കല നടത്തുന്നുണ്ട്. പ്രശ്‌സ്ത സംഗീതജ്ഞരുമായി ചേര്‍ന്ന് ബധിരര്‍ക്കായി ഗാനം രചിക്കുകയാണ് ഇപ്പോള്‍. ഇത് ഇന്ത്യയില്‍തന്നെ ബധിരര്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ ഗാനമാണ്. ബധിരകലാകാരന്മാരെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നത്. ആംഗ്യ വിക്ഷേപണത്തെക്കുറിച്ചും തങ്ങള്‍ ബോധവല്‍കരണം നല്‍കുന്നുണ്ട്. പുതിയ തലമുറയുടെ വിദ്യാഭ്യസത്തില്‍ ഇതിനുള്ള മാറ്റം ഉണ്ടാകണമെന്ന് സ്മൃതി പറയുന്നു. അതുകൊണ്ട് തന്നെ പല യൂനിവേഴ്‌സിറ്റികളിലും ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്. അടിസ്ഥാന ആംഗ്യ വിക്ഷേപണങ്ങള്‍ മനസിലാക്കാന്‍ ഒരു പുസ്തകവും പ്രസിദ്ധീകരിക്കുന്നുണ്ട്.

കേള്‍വിശക്തിയില്ലാത്തവരില്‍ മിക്കവരും അസാമാന്യ കഴിവുള്ളവരാണ്. എന്നാല്‍ അവരില്‍ പലരും തങ്ങളുടെ കഴിവുകള്‍ കണ്ടെത്താറില്ല. അവര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ആരുമില്ലാത്തത് തന്നെ ഇതിന് കാരണം. ബധിരരെ ഒരു ന്യൂനപക്ഷ വിഭാഗമായി നാം കാണരുത്. അവരും മറ്റുള്ളവരെപോലെ സമൂഹത്തിന്റെ വലിയ ഭാഗം തന്നെയാണ്.

പത്ത് മാസങ്ങള്‍ മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും അതുല്യകലയ്ക്ക് അവരുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ബധിരരായ ആളുകള്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ വില്‍ക്കാനുള്ള ഒരു വലിയ സ്ഥാപനമായി അതുല്യകലയെ മാറ്റിയെടുക്കണം. ഇതിനായി ഒരു വലിയ ബ്രാന്റ് തന്നെ ഉണ്ടാക്കിയെടുക്കണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെപ്പറ്റിയും പ്രചരണം നല്‍കണം.

സമൂഹത്തിന് വേണ്ടി നാം ഓരോരുത്തരും നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണം. അതില്‍നിന്ന് ലഭിക്കുന്ന സന്തോഷം അതിരില്ലാത്തതായിരിക്കും- സ്മൃതി പറയുന്നു. സ്വപ്‌നം കാണുക, ഒപ്പം സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുക- തന്റെ വിജയരഹസ്യവും സ്മൃതി വെളിപ്പെടുത്തുന്നു.