ജയിലില്‍ നിന്ന് ജീവിതം പഠിച്ച സി ഇ ഒ

0

ചേതന്‍ മഹാജനിന്റെ ജീവിതം ഒരു ബോളിവുഡ് സിനിമാക്കഥ പോലെയായിരുന്നു. വളരെ മിടുക്കനായ ഒരു കോര്‍പ്പറേറ്റ് യുവാവ്. കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്നും എം.ബി.എ. യു.എസില്‍ നിന്നും തിരിച്ചെത്തിയ ചേതന് നല്ല ശമ്പളമുള്ള ജോലി ലഭിച്ചു. വലിയ വീട്, സുന്ദരിയായ ഭാര്യ, രണ്ട് ഓമനക്കുഞ്ഞുങ്ങള്‍, രണ്ട് നായകള്‍, രണ്ട് കാറുകള്‍. അങ്ങനെ സ്വപ്‌നസദൃശ്യമായ ജീവിതം നയിച്ചു വന്ന ചേതന്റെ സന്തോഷങ്ങള്‍ തല്ലിക്കെടുത്തി ഒരു ദിവസം അവന്‍ അറസ്റ്റിലായി.

2012ലാണ് ചേതനെ അടിമുടി ഉലച്ച സംഭവമുണ്ടായത്. അക്കാലത്ത് ജെംസ് ഗ്രൂപ്പിന്റെ അധീനതിയിലുള്ള എവറോണ്‍ എന്ന വിദ്യാഭ്യാസ കമ്പനിയുടെ ഡിവിഷണല്‍ ഹെഡായാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. എവറോണില്‍ 'ടോപ്പേഴ്‌സ്' എന്ന പേരില്‍ ജാര്‍ഖണ്ഡിലെ ബൊക്കാറോയിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒരു ഐ.ഐ.ടി എന്‍ട്രന്‍സ് കോച്ചിങ് നടത്താറുണ്ട്. ചേതന്‍ അവിടെ ജോലി ചെയ്യാന്‍ ആരംഭിച്ച് മൂന്ന് മാസമായപ്പോള്‍ ടോപ്പേഴ്‌സിനെപ്പറ്റി ചില വിവാദങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. ഇതോടെ ഇവിടുത്തെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഫീസ് തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. ആ സമയത്ത് സീനിയര്‍ ഉദ്യോഗസ്ഥന്‍ ചേതന്‍ ആയിരുന്നെങ്കിലും മേല്‍ഉദ്യോഗസ്ഥന്മാരില്‍ നിന്നും ഉത്തരവ് ലഭിക്കാതെ ഫീസ് തിരികെ കൊടുക്കാന്‍ അദ്ദേഹത്തിന് അനുവാദമില്ലായിരുന്നു. സംഭവം വിവാദമായതോടെ സ്ഥലത്തെത്തിയ പൊലീസ് ചേതനെ അറസ്റ്റ് ചെയ്തു. ഈ സ്ഥാപനം പൂട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇരുനൂറോളം വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 34, 406, 420 എന്നീ വകുപ്പുകളാണ് ചേതന്റെ പേരില്‍ ചുമത്തിയത്.

അടുത്ത ദിവസം പുറത്തിറങ്ങാമെന്നായിരുന്നു ചേതന്‍ കരുതിയിരുന്നത്. എന്നാല്‍ ഡിസംബറിലെ അവധിക്കാലമായതിനാല്‍ തന്റെ വാദം കോടതി കേള്‍ക്കുന്നത് വരെ ആഴ്ചകളോളം അദ്ദേഹത്തിന് ബൊക്കാറോ ജയിലില്‍ കാത്തിരിക്കേണ്ടി വന്നു. ജയിലിലെ അപരിചിതമായ ചുറ്റുപാടുകളില്‍ വീര്‍പ്പ് മുട്ടിയ ചേതന്‍ തന്റെ അവിടുത്തെ ദൈനംദിന അനുഭവങ്ങള്‍ എഴുതി വച്ചു. ഈ കുറിപ്പുകള്‍ പിന്നീട് ബൊക്കാറോ ജയിലിലെ മോശം ആണ്‍കുട്ടികള്‍ (ദി ബാഡ് ബോയ്‌സ് ഓഫ് ബൊക്കാറോ ജെയില്‍) എന്ന പേരില്‍ ചേതന്‍ പുസ്തകമാക്കി. പെന്‍ഗ്വിന്‍ ഇന്ത്യയാണ് പുസ്തകത്തിന്റെ പ്രസാദകര്‍.

വെറും ഒരു പുസ്തകം എന്നതിലുപരിയായി അതൊരു ഡയറിയാണെന്ന് അദ്ദേഹം പറഞ്ഞു. അതിന് പ്രത്യേകിച്ച് ഒരു പ്രമേയമോ ക്ലൈമാക്‌സോ ഒന്നും തന്നെയില്ല. ഓരോ ദിവസവും എന്തൊക്കെ സംഭവിച്ചു എന്നാണ് അതില്‍ വിശദമാക്കിയിരിക്കുന്നത്. വായനക്കാര്‍ക്ക് വേണ്ടി താന്‍ പ്രത്യേക സന്ദേശങ്ങളൊന്നും അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചേതന്‍ പറഞ്ഞു.

ജയിലിലെ വ്യത്യസ്ത ലോകം ചേതന് അത്ഭുതമായിരുന്നു. കൊലപാതകികള്‍ക്കും, ബലാത്സംഗികള്‍ക്കും മോഷ്ടാക്കള്‍ക്കുംമൊപ്പമുള്ള ദിവസങ്ങള്‍ ചേതനെ ജീവിതപാഠങ്ങള്‍ പഠിപ്പിച്ചു. അവിടെ നിന്നും പുറത്തിറങ്ങിയ ചേതന്‍ തന്റെ പുതിയ അനുഭവ പാഠങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുന്നേറി. ഇന്നദ്ദേഹം എച്ച്.സി.എല്‍ ലേണിങ്ങിന്റെ സി.ഇ.ഒ ആണ്.

ഒരു വ്യക്തിയുടെ മുഴുനീള പ്രൊഫൈലുകള്‍ നോക്കിയ ശേഷമാണ് താനവരെ ഇന്ന് ജോലിക്കായി തിരഞ്ഞെടുക്കുന്നതെന്ന് ചേതന്‍ പറയുന്നു. ഒരു മോശം കാര്യം ചെയ്തു പോയി എന്ന് കരുതി അയാള്‍ പൂര്‍ണമായും മോശക്കാരനാണെന്നാണ് പറയാനാകില്ല. ജയിലില്‍ ഉള്ള എല്ലാ മനുഷ്യരും മോശക്കാരല്ല, അവരും വികാരങ്ങളും വിചാരങ്ങളും കഴിവുമുള്ള മനുഷ്യരാണ്. ആരെങ്കിലും നമ്മളുടെ കൈയിലെ മൊബൈലും ലാപ്‌ടോപ്പും പിടിച്ച് വാങ്ങിയ ശേഷം നമ്മളെ ജയിലില്‍ കൊണ്ടുപോയി ഇട്ടാല്‍ അതിന്റെ അനന്തരഫലം നല്ലതായിരിക്കുമെന്ന് തന്റെ പുസ്തകം ഉയര്‍ത്തിക്കാട്ടി ചേതന്‍ പറഞ്ഞു. ഇത് തനിക്ക് കോളേജില്‍ നിന്നും ലഭിക്കാത്ത ചില ജീവിത പാഠങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

എച്ച്.സി.എല്ലിലെ ജീവിതം

എച്ച്.സി.എല്ലിലെ ജോലി വളരെ മികച്ചതാണെന്നാണ് ചേതന്റെ അഭിപ്രായം. താന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അവര്‍ അവിടെ ജോലി തന്നു. തന്റെ പേരിലുള്ള കേസ് അവസാനിച്ച ശേഷം ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്ന് മാത്രമേ അവര്‍ പറഞ്ഞിരുന്നുള്ളൂ. അതൊരു ന്യായമായ ആവശ്യമായിരുന്നു. 2013 മാര്‍ച്ചില്‍ കേസ് അവസാനിച്ചതോടെ താന്‍ എച്ച്.സി.എല്ലില്‍ പ്രവേശിച്ചു.

ജയില്‍വാസത്തിന് ശേഷം തന്റെ മുഖത്തേക്ക് നോക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടുണ്ടെന്ന് ചേതന്‍ പറയുന്നു. ജയില്‍ ജീവിതം തന്നെ പഠിപ്പിച്ച വലിയൊരു പാഠത്തെപ്പറ്റി ചേതന്‍ വാചാലനായി. ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളെ അംഗീകരിക്കാന്‍ താന്‍ പഠിച്ചു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍ ഒരു റെസ്റ്ററന്റില്‍ കയറി ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിച്ചപ്പോള്‍ അതൊരു വലിയ ആഡംബരമായി തോന്നി. തന്റെ മക്കള്‍ കെട്ടിപ്പിടിച്ച് തരുന്ന ഉമ്മ എത്ര അമൂല്യമാണെന്ന് മനസിലായി. ഇപ്പോള്‍ മുന്‍പത്തെക്കാള്‍ എല്ലാ വിഷയങ്ങളേയും താന്‍ കൂടുതല്‍ മതിക്കാന്‍ തുടങ്ങി. അതില്‍ പ്രധാനം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക എന്നതാണ്. പത്ത് വര്‍ഷത്തിന് ശേഷമുള്ള കാര്യങ്ങള്‍ ചിന്തിച്ച് ഇന്ന് ജീവിതം തളളിനീക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചേതന്‍ പറഞ്ഞു.ആ സമയം വന്നില്ലെങ്കിലോ. അതിനാല്‍ തന്നെ സംബന്ധിച്ചിടത്തോളം ഈ സമയമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മളെല്ലാവരും ചില തലങ്ങളില്‍ ജയിലില്‍ തന്നെയാണെന്നാണ് ചേതന്റെ അഭിപ്രായം. അത് നാം നമുക്ക് ചുറ്റും നിര്‍മിക്കുന്ന പരിമിതികളുടെ ജയിലാണ്. ജീവിതത്തെപ്പറ്റി കുറച്ച് വ്യത്യസ്തമായി ചിന്തിക്കാന്‍ ആരംഭിച്ചാല്‍ ആ ജയിലുകളില്‍ നിന്നും മോചനം ലഭിക്കാനുള്ള കഴിവ് നമുക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.