ഓര്‍മകള്‍ പങ്ക് വെക്കാന്‍ മാത്രമായിരുന്നില്ല ആ സംഗംമം, ഉയരങ്ങളിലേക്ക് ചിലരെ കൈപിടിച്ചു കയറ്റാനും കൂടിയായിരുന്നു

0

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന രസകരമായ ഓരോ സംഭവങ്ങളും അവര്‍ ഓര്‍ത്തെടുത്തു. പലര്‍ക്കും പ്രയാധിക്യം കൊണ്ട് ഓര്‍മ മങ്ങിയിരുന്നു. എങ്കിലും ഓരോരുത്തരുടേയും ഓര്‍മയുടെ ശകലങ്ങള്‍ ചേര്‍ത്ത് വെച്ചത് അവര്‍ക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങളായി മാറി. നീണ്ട അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നിച്ച് മോഡല്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥികളായിരുന്നു അവര്‍. ഒന്നിച്ച് കളിച്ചും കുസൃതികള്‍ ഒപ്പിച്ചും പഠിച്ചും സന്തോഷിച്ച കാലം ഇന്ന് ഓര്‍മകളില്‍ മാത്രമായി ഒതുങ്ങിയപ്പോഴാണ് വീണ്ടും എല്ലാവരേയും കാണണമെന്നും ഓര്‍മകള്‍ പുതുക്കണമെന്നും അവര്‍ക്ക് തോന്നിയത്. അത് അവര്‍ക്ക് മാത്രമല്ല ചില പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കും കൈത്താങ്ങായി മാറുകയായിരുന്നു.

സാധാരണയായി എല്ലാവരും സംഘടിപ്പിക്കുന്ന ഒരു പൂര്‍വ വിദ്യാര്‍ഥി സംഗമമായി അതിനെ ഒതുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. മറിച്ച് ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനപ്രദമാകണം അവരുടെ ഈ കൂടിച്ചേരല്‍ എന്ന് അവര്‍ തീരുമാനിച്ചു. അതിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് പഠന രംഗത്ത് തന്നെയാണ് സഹായം ആവശ്യമുള്ളതെന്ന് മനസിലാക്കി. അങ്ങനെയാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി അവര്‍ എത്തിയത്.

മോഡല്‍ സ്‌കൂളിലെ 1965ലെ എസ് എസ് എല്‍ സി വിദ്യാര്‍ഥികളാണ് സംഗംമം സംഘടിപ്പിച്ചത്. സ്‌കൂളില്‍ ഇപ്പോള്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ഉപരിപഠനത്തിന് സഹായിക്കുന്ന പദ്ധതിയാണ് ഇവര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സുവര്‍ണ 65 എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൂടി ഉദ്ഘാടന വേദിയായിമാറി. പൂര്‍വ വിദ്യാര്‍ഥികളില്‍ ഏറ്റവും പ്രായം കൂടിയ അഡ്വ. അയ്യപ്പന്‍പിള്ളയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

എട്ട് മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ പാവപ്പെട്ട സമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടെത്തി വാര്‍ഷിക സ്‌കോളര്‍ഷിപ്പും തൊഴില്‍പരമായി ഉയരാനുള്ള പിന്തുണയും നല്‍കും. എല്ലാ വര്‍ഷവും ഓരോ ക്ലാസ്സുകളില്‍ നിന്നും ഇത്തരത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ സ്‌പോണ്‍സര്‍ ചെയ്യുകയാണ് ലക്ഷ്യം. ഈ വര്‍ഷം എട്ടാം ക്ലാസ്സില്‍ നിന്നും മൂന്ന് കുട്ടികളെ സോപോണ്‍സര്‍ ചെയ്യുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും മൂന്ന് കുട്ടികളെക്കൂടി തിരഞ്ഞെടുക്കും. അതിനടുത്ത വര്‍ഷം അടുത്ത മൂന്ന് പേര്‍കൂടി. ഇപ്രകാരമായിരിക്കും സഹായം അനുവദിക്കുക. എല്ലാ വര്‍ഷവും മൂന്ന് ക്ലാസ്സുകളില്‍ നിന്നുമായി ഒമ്പത് കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഏറ്റവും നല്ല മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥിക്ക് സുവര്‍ണ 65ന്റെ ഉപഹാരമായി ലാപ്‌ടോപ്പ് സമ്മാനിച്ചു. തന്റെ അച്ഛന്റെ ഓര്‍മക്കായി മാധവന്‍കുട്ടി എന്ന പൂര്‍വ വിദ്യാര്‍ഥിയാണ് ലാപ്‌ടോപ്പ് സമ്മാനിച്ചത്. മോഡല്‍ സ്‌കൂള്‍ പൂര്‍വ അധ്യാപകരേയും ചടങ്ങില്‍ ആദരിച്ചു.

സുവര്‍ണ 65ല്‍ ഉള്‍പ്പെട്ട 300ലധികം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുളളത്. ഇവരില്‍ 120ഓളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. എന്‍ജിനിയറിംഗ്, മെഡിസിന്‍, സിവില്‍ സര്‍വീസ്, സയന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ്, വിദ്യാഭ്യാസ രംഗം, ബിസിനസ്സ് തുടങ്ങി നിരവധി മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ഇവരില്‍ നിന്നെല്ലാം ലഭിച്ച സാമ്പത്തിക പിന്തുണയാണ് ഇത്തരമൊരു ട്രസ്റ്റ് രൂപീകരിക്കുന്നതിന് കാരണമായത്. തുടക്കത്തില്‍ കുറച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന ഈ പ്രോത്സാഹനം ഭാവിയില്‍ കൂടുതല്‍ പേരിലേക്ക് വളര്‍ത്തുക എന്ന ലക്ഷ്യവും ട്രസ്റ്റിനുണ്ട്.