മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതി 

0

കേരളത്തിന്റെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍  15ന് മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതിക്ക് തുടക്കമാവുമെന്ന് ഹരിതകേരളം വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗസ്റ്റ് 15 നും അടുത്ത ദിവസവും മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ മാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കും. സെപ്തംബര്‍ 15 ന് തദ്ദേശസ്വയംഭരണ സ്ഥാപനതല ശുചിത്വ മാലിന്യ സംസ്‌കരണ പ്ലാന്‍ തയ്യാറാകും. 

ഈ മാസം ഹരിതകര്‍മ്മസേന രൂപീകരിക്കും. തദ്ദേശസ്ഥാപനതല ശുചിത്വമാലിന്യ പ്രവര്‍ത്തനങ്ങളുടെ ആരംഭം നവംബര്‍ ഒന്നിന് ആരംഭിക്കും. വീടുകള്‍, പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സ്ഥാപിക്കും. 2018 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ആഗസ്റ്റ് 16 വരെ പരിശീലനം ലഭിച്ച പ്രത്യേക സംഘങ്ങളെത്തി ശുചിത്വ സര്‍വേ നടത്തും. ഓരോ വീട്ടിലെയും ജൈവ അജൈവ മാലിന്യങ്ങളെന്തെല്ലാം, ഇവ സംസ്‌കരിക്കുന്നതെങ്ങനെ, വേര്‍തിരിച്ച് സംസ്‌കരിക്കുന്നുണ്ടോ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സംവിധാനങ്ങളുണ്ടോ, ഓരോ വീടിനും അനുയോജ്യമായ മാലിന്യ സംസ്‌കരണ രീതിയെന്ത് തുടങ്ങിയ കാര്യങ്ങള്‍ സര്‍വേയിലൂടെ കണ്ടെത്തും. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകി സന്നിഹിതയായിരുന്നു.