ലോക മണ്ണ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന്  

0ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കും.രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

മേയര്‍ വി.കെ. പ്രശാന്ത്, കെ. മുരളീധരന്‍ എം.എല്‍.എ, ഡോ. ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവര്‍ സംബന്ധിക്കും. കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. രാജു നാരായണ സ്വാമി മണ്ണുദിനാചരണ സന്ദേശം അവതരിപ്പിക്കും.

മണ്ണ് പര്യവേഷണ-മണ്ണു സംരക്ഷണ വകുപ്പ് തയാറാക്കിയ എറണാകുളം, ഇടുക്കി ജില്ലകളിലെ 20 നീര്‍ത്തട ഭൂവിഭവ റിപ്പോര്‍ട്ടുകളും തിരുവനന്തപുരം ജില്ലയിലെ മംഗലപുരം, കൊല്ലം പൂയപ്പള്ളി, ആലപ്പുഴ മാന്നാര്‍, കോട്ടയം അയ്മനം, എറണാകുളം മുക്കന്നൂര്‍ എന്നീ പഞ്ചായത്തുകളുടെ മണ്ണ്, ഭൂവിഭവ റിപ്പോര്‍ട്ടുകളും ചടങ്ങില്‍ പ്രകാശനം ചെയ്യും. തപാല്‍ വകുപ്പുമായി ചേര്‍ന്ന് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പ് പ്രകാശനം, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം, സമ്മാനദാനം തുടങ്ങിയവയും നടക്കും.

ഉദ്ഘാടനചടങ്ങുകള്‍ക്ക് ശേഷം 'സുസ്ഥിര കാര്‍ഷികാഭിവൃദ്ധിക്ക് മണ്ണിന്റെ ആരോഗ്യ പരിപാലനം', 'കാലാവസ്ഥാ വ്യതിയാനവും പ്രകൃതി വിഭവസംരക്ഷണവും' എന്നീ വിഷയങ്ങളെ അധികരിച്ച് വിദഗ്ധര്‍ നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കും.