വഴികാട്ടിയായി ലൈറ്റ്ഹൗസ് ഇന്‍സൈറ്റ്‌സ്

0

എനിക്ക് 37 വയസ്സായി, പക്ഷേ ഇന്നും പിറന്നാള്‍ ദിവസം ഞാന്‍ വളരെ ആവേശഭരിതനാകാറുണ്ട്. പറഞ്ഞുവരുന്നത് എന്റെ പിറന്നാളിനെക്കുറിച്ചല്ല. എന്റെ സംരംഭമായ ലൈറ്റ്‌ഹൈസ് ഇന്‍സൈറ്റ്‌സ് എന്ന വെബ്‌സൈറ്റ് തുടങ്ങിയ ദിവസത്തെക്കുറിച്ചാണ്. ഒരിക്കല്‍ പ്രശാന്ത് എന്ന ഞാന്‍ കണ്ട സ്വപ്നം എന്റെ സുഹൃത്തായ വിനയയോടൊപ്പം സാക്ഷാത്കരിച്ചിട്ട് അഞ്ചു വര്‍ഷമാകുന്നു. ഇത്രയും വര്‍ഷം ലൈറ്റ്ഹൗസ് ഇന്‍സൈറ്റ്‌സ് നിലനിന്നു എന്നോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു.

ഈ അഞ്ചു വര്‍ഷം ലൈറ്റ്ഹൗസ് ഇന്‍സൈറ്റ്‌സ് നിലനിന്നതിന്റെ അഞ്ചു കാര്യങ്ങള്‍ ഞാനിവിടെ പറയാം. നിങ്ങളുടെ സംരംഭത്തിന് ഇതൊരു വഴികാട്ടിയാകും എന്നു ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ കടന്നു വന്ന വഴികളില്‍ ഇവ ഞങ്ങള്‍ക്ക് കരുത്ത് നല്‍കിയിട്ടുണ്ട്.

ലക്ഷ്യം ഒരിക്കലും കൈവിടരുത്

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞങ്ങളുടെ ലക്ഷ്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. യഥാര്‍ഥ ഉള്ളടക്കമുള്ളവ എന്നും നിലനില്‍ക്കുമെന്നു ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നു. അതു നമുക്ക് പണം നേടിത്തരികയും ചെയ്യും. ഇന്നു ഇതു രണ്ടും പ്രാവര്‍ത്തികമായിരിക്കുകയാണ്. ഞങ്ങളുടെ ലക്ഷ്യബോധവും അതില്‍ നിന്നും ഒരിക്കല്‍ പോലും മാറി സഞ്ചരിക്കാത്തതുമാണ് ഇതിനു കാരണം.

തുടക്കത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളില്‍ മാത്രമായിരുന്നു ഞങ്ങളുടെ ശ്രദ്ധ. എന്നാല്‍ ഇന്നു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ലേഖനങ്ങളും ചെയ്യുന്നുണ്ട്. ഒരു സംരംഭകന്‍ എന്ന നിലയില്‍ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ ഇതു സഹായകമായി. തുടക്കത്തില്‍ മറ്റുള്ള സംരംഭകരെപ്പോലെ നല്ല ദിനങ്ങളും മോശം ദിനങ്ങളും ഉണ്ടായിട്ടുണ്ട്. സമയം നല്ലതോ ചീത്തയോ ആകട്ടെ, നിങ്ങളുടെ ലക്ഷ്യത്തെ ഒരിക്കലും കൈവിടരുത്. കാരണം അതു നിങ്ങളുടെ സംരംഭത്തിന്റെ ആത്മാവാണ്.

വായനക്കാര്‍ക്കാണ് ആദ്യസ്ഥാനം, എപ്പോഴും അങ്ങനെയായിരിക്കുക

ഒരു വ്യവസായ സംരംഭകനാകുന്നതിനു മുന്‍പ് ഞാനൊരു വായനക്കാരനായിരുന്നു. ഒരു ലേഖനത്തിന്റെ മറവില്‍ മറഞ്ഞിരിക്കുന്ന പരസ്യങ്ങള്‍ ഒരു വായനക്കാരന്റെ വായനാനുഭവത്തെ എത്രത്തോളം നഷ്ടപ്പെടുത്തുന്നു എന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ വെബ്‌സൈറ്റിന്റെ മാതൃക തയാറാക്കിയപ്പോള്‍ ഇതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ലൈറ്റ്ഹൗസ് ഇന്‍സൈറ്റ്‌സ് എപ്പോഴും മുന്‍ഗണന നല്‍കുന്നത് വായനാനുഭവത്തിനാണ്.

ഇതു കഴിഞ്ഞാല്‍ യഥാര്‍ഥ ഉള്ളടക്കത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇന്നു ഞങ്ങള്‍ വ്യവസായ സംരംഭകരെക്കുറിച്ചുള്ള ലേഖനങ്ങള്‍ നല്‍കുന്നു. ഇതു പലര്‍ക്കും സഹായകമാകുന്നുണ്ട്. വായനക്കാര്‍ക്കായിരിക്കണം എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്. അവര്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ. ഇന്റര്‍നെറ്റില്‍ ഒന്നു ക്ലിക്ക് ചെയ്താല്‍ ഒരു വെബ്‌സൈറ്റ് തുറക്കാം. അതുപോലെ മറിച്ചൊരു ക്ലിക്കില്‍ വായനക്കാരന് അതു അവസാനിപ്പിക്കുകയും ചെയ്യാം. പിന്നെ ഒരിക്കലും അയാള്‍ മടങ്ങിവരില്ല. അതിനാല്‍ വായനക്കാരനെ ബഹുമാനിക്കുക.

അളവിനെക്കാള്‍ മുന്‍തൂക്കം ഗുണനിലവാരത്തിനാകണം

തുടക്കത്തില്‍ ചെയ്തതുപോലെ ഇന്നു ഞങ്ങള്‍ എട്ടു പത്തും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറില്ല. ഒരു ദിവസം ഏറ്റവും മികച്ച നാലു ലേഖനങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ. തുടക്കത്തില്‍ ഒരു ദിവസം 5 ലേഖനങ്ങളെങ്കിലും പ്രസിദ്ധീകരിക്കുമായിരുന്നു. പിന്നെ അത് എട്ടെണ്ണം വരെയായി. ആരോഗ്യം നശിക്കുന്നതല്ലാതെ ഇവ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് പിന്നെ ഞങ്ങള്‍ക്ക് മനസ്സിലായി.

ഇന്നു ലേഖനങ്ങളുടെ എണ്ണത്തെക്കുറിച്ച് ചിന്തിക്കാറില്ല. ലൈറ്റ്ഹൗസ് ഇന്‍സൈറ്റ്‌സില്‍ നിന്നും ഒരു ലേഖനം വായിച്ചു കഴിയുമ്പോള്‍ വായനക്കാരന് എന്താണ് അതില്‍ നിന്നും ലഭിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഇന്നു ഞങ്ങള്‍ സ്വയം ഞങ്ങളോടുതന്നെ ചോദിക്കുന്നത്. ഇന്നത്തെ കാലത്ത് ഓരോ നിമിഷവും വിലപ്പെട്ടതാണ്. അതിനാല്‍ തന്നെ വായനക്കാരന്റെ ഓരോ നിമിഷവും ഞങ്ങള്‍ വിലമതിക്കാറുണ്ട്. ഞങ്ങളുടെ വെബ്‌സൈറ്റില്‍ വായനക്കാരന്‍ ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും കൃത്യമായ ഫലം അവര്‍ക്ക് നല്‍കാന്‍ എപ്പോഴും ഞങ്ങള്‍ ബാധ്യസ്ഥരാണ്. അതിനാല്‍ തന്നെ എണ്ണത്തെക്കാള്‍ ലേഖനങ്ങളുടെ ഗുണനിലവാരത്തിനാണ് പ്രാധാന്യം നല്‍കുന്നത്.

പരിമിതികളെ അംഗീകരിക്കുക

തന്റെ പരിമിതികളെ അംഗീകരിക്കുക എന്നത് ഒരു വ്യവസായ സംരംഭകനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ളൊരു കാര്യമാണ്. ഞങ്ങളുടെ ലക്ഷ്യത്തില്‍ നിന്നുകൊണ്ട് വായനക്കാരുടെ എണ്ണം കൂട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തുടക്കത്തില്‍ തന്നെ മനസ്സിലായിരുന്നു. ഇക്കാര്യം വളരെയധികം വിഷമത്തോടെ തന്നെ ഉള്‍ക്കൊണ്ടു.

2014 ല്‍ ലൈറ്റ്ഹൗസ് ഇന്‍സൈറ്റ്‌സിനെ വാര്‍ത്താ വെബ്‌സൈറ്റായി കൊണ്ടുവരാന്‍ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. ഇത്തരമൊരു വെബ്‌സൈറ്റിനു പറ്റിയ വിഭവസമ്പത്ത് ഞങ്ങളുടെ പക്കല്‍ ഇല്ലെന്നു കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായി. മാത്രമല്ല ഇതൊരിക്കലും എനിക്ക് സന്തോഷം നല്‍കിയിരുന്നില്ല. നമുക്ക് ശരിയെന്നു തോന്നുന്നവ മാത്രം സ്വീകരിക്കാനും തെറ്റായ സ്വപ്നങ്ങളെ ഉപേക്ഷിക്കാനുമുള്ള പാഠം ഇതുവഴി ഞാന്‍ പഠിച്ചു.

രണ്ടുേപര്‍ മാത്രമുള്ള ഒരു ടീമിന് ദിവസവും ഓരോ മണിക്കൂര്‍ ഇടവിട്ട് ലേഖനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും മനസ്സിലായി. അതുപോലെ തന്നെ മറ്റുള്ള വെബ്‌സൈറ്റുകള്‍ ചെയ്യുന്നതുപോലെ പ്രസ് റിലീസുകള്‍ നല്‍കാനും ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. 10 കാര്യങ്ങള്‍ ചെയ്യുന്നതിനെക്കാളും മൂന്നു കാര്യങ്ങള്‍ ചെയ്യുന്നതാണ് ഉത്തമമെന്നു മനസ്സിലായി. ആ മൂന്നു കാര്യങ്ങള്‍ എങ്ങനെ ഏറ്റവും മികച്ചതാക്കാം എന്നതിലാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധ. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നത് ഒരു വ്യവസായ സംരംഭകനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല. പെട്ടെന്ന് വളര്‍ച്ച കൈവരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍, നിങ്ങളുടെ പരിമിതികളെയും അംഗീകരിക്കാന്‍ തയാറാവുക.

എപ്പോഴും ചെലവ് ചുരുക്കുക

ഇക്കാര്യം ലൈറ്റ്ഹൗസ് ഇന്‍സൈറ്റ്‌സില്‍ പ്രാവര്‍ത്തികമാക്കിയതിനു ഞാന്‍ നന്ദി പറയേണ്ടത് എന്റെ സുഹൃത്തും സഹസംരംഭകയുമായ വിനയയോടാണ്. ഞങ്ങളുടെ ഫ്‌ലാറ്റില്‍ ഇരുന്നാണ് ലൈറ്റ്‌ഹൈസ് ഇന്‍സൈറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്കൊരു ഓഫിസില്ല. പലരും ഒരു ഓഫിസിലേക്ക് ലൈറ്റ്‌ഹൈസ് ഇന്‍സൈറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങളെ മാറ്റാന്‍ ഉപദേശിക്കാറുണ്ട്. എന്തുകൊണ്ട് ഞാനത് ചെയ്തില്ല എന്നതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ എനിക്ക് പറയാനില്ല. പക്ഷേ രണ്ടുപേരടങ്ങിയ ഒരു ടീമിന് ജോലി ചെയ്യാന്‍ ഞങ്ങളുടെ ഫ്‌ലാറ്റ് തന്നെ മതിയാകും. ഒരു ഓഫിസ് തുടങ്ങുന്നതിനുവേണ്ട ചെലവുകള്‍ എല്ലാം തന്നെ ഇതിലൂടെ ഞങ്ങള്‍ മറികടന്നു.

ചെലവ് ചുരുക്കുക എന്നു പറഞ്ഞാല്‍ ആസ്വദിക്കാനുള്ള അവസരങ്ങള്‍ പാഴാക്കുക എന്നല്ല ഉദ്ദേശിച്ചത്. ആഘോഷങ്ങള്‍ ഞങ്ങള്‍ ഒട്ടുംതന്നെ കുറയ്ക്കാറില്ല. ആസ്വദിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. അതിനാല്‍ തന്നെ ഈ അഞ്ചാം വര്‍ഷവും ലൈറ്റ്ഹൗസ് ഇന്‍സൈറ്റ്‌സ് പ്രകാശിച്ചു നില്‍ക്കുന്നു. 

വരുമാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

ഒരു സംരംഭത്തിന് എക്കാലവും നിലനില്‍ക്കാന്‍ പണം ആവശ്യമാണ്. ലൈറ്റ്ഹൗസ് ഇന്‍സൈറ്റ്‌സ് വരുമാനത്തിന്റെ കാര്യത്തില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ഇതു കൂടുകയാണ്. ആകര്‍ഷകമായ ലേഖനങ്ങള്‍ എങ്ങനെ നല്‍കാമെന്നും ആ ലേഖനങ്ങള്‍ എങ്ങനെ വരുമാനമാക്കി മാറ്റാമെന്നുമാണ് ഇന്നു ഞങ്ങള്‍ ചിന്തിക്കുന്ന രണ്ടു കാര്യങ്ങള്‍. കൂടുതല്‍ ലാഭം ലഭിക്കാനായി പല ഉപദേശങ്ങളും കിട്ടാറുണ്ട്. പക്ഷേ യഥാര്‍ഥ ഉള്ളടക്കമുള്ള ലേഖനങ്ങള്‍ പണമുണ്ടാക്കിത്തരും എന്ന വിശ്വാസമാണ് ഞങ്ങള്‍ക്ക് അന്നും ഇന്നും എപ്പോഴുമുള്ളത്.