തദ്ദേശസ്ഥാപനങ്ങളില്‍ മൂന്നുമാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത് 

0

തിരുവനന്തപുരം നഗരസഭയില്‍ ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ അദാലത്ത് സംഘടിപ്പിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളിന്‍മേല്‍ സത്വരനടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഇതിനായി മൂന്നു മാസത്തിലൊരിക്കല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. കെട്ടിക്കിടക്കുന്ന എല്ലാ പരാതികള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം നഗരസഭയില്‍ ആരംഭിച്ച ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ അദാലത്ത് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുവരെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകള്‍ കൈകാര്യം ചെയ്തിരുന്നത് ഒരു ചീഫ് രജിസ്ട്രാര്‍ ആയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വിവാഹ രജിസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്നതിന് മാത്രം ഒരു ചീഫ് രജിസ്ട്രാറെക്കൂടി നിയമിച്ചു. ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതിലുണ്ടാകുന്ന വീഴ്ചകളാണ് പലപ്പോഴും അപേക്ഷകള്‍ പരിഹരമാകാതെ കെട്ടിക്കിടക്കാന്‍ കാരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും കെടുകാര്യസ്ഥതയും പൂര്‍ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെത്തുന്ന ജനങ്ങള്‍ക്ക് ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചോ, നടപടികളിലെ കാലതാമസം സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ അധികാരികളെ അറിയിക്കാന്‍ സൗകര്യമൊരുക്കും. ഇതിനായി ജൂണ്‍ ഒന്നു മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരാതി പരിഹാരപ്പെട്ടികള്‍ സ്ഥാപിക്കും. പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് വിഭാഗം പരാതികള്‍ കര്‍ശനമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത് അദാലത്ത് ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസത്തെ അദാലത്തിലൂടെ നഗരസഭയിലെ മൂവായിരത്തി അഞ്ഞൂറിലേറെ പരാതികള്‍ക്ക് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഗീത ഗോപാല്‍, നഗരകാര്യ-ടൗണ്‍ പ്ലാനിംഗ് ചെയര്‍മാന്‍ അഡ്വ. സതീഷ്‌കുമാര്‍, നഗരസഭാ സെക്രട്ടറി ദീപ തുടങ്ങിയവര്‍ സംസാരിച്ചു.