അലങ്കാര മത്സ്യകൃഷി: കേരളത്തിന്റെ ആശങ്ക പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും

0

അലങ്കാര മത്സ്യങ്ങളുടെ വിപണനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍കൊണ്ടു വന്ന് ആവശ്യമായ മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ചതായി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാമോഹന്‍ സിംഗ് സംസ്ഥാന മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനീയറിംഗ്-കശുവണ്ടി വ്യവസായ മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മയെ അറിയിച്ചു. 

അലങ്കാര മത്സ്യകൃഷി മേഖലയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര വിജ്ഞാപനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രിക്ക് മന്ത്രി മെഴ്‌സിക്കുട്ടി അമ്മ നിവേദനം നല്‍കിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് അലങ്കാര മത്സ്യകൃഷി. വര്‍ണ്ണ മത്സ്യങ്ങളുടെ വിപണനവും പ്രദര്‍ശനവും നിയന്ത്രിക്കുന്നതിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ രഹിതരാകും. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ തന്നെ പ്രത്യേക പ്രോജക്ടായ കാവില്‍ (കേരള അക്വാ കള്‍ച്ചര്‍ വെഞ്ച്വര്‍സ് ഇന്റര്‍ നാഷണല്‍ ലിമിറ്റഡ്) വഴി നിരവധി സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതും ഇല്ലാതാകും. നാലു കോടി രൂപയാണ് പ്രോജക്ടിന്റെ പ്രവര്‍ത്തനത്തിനായി വകയിരുത്തിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.