188 സ്‌കൂളുകളില്‍ കൈറ്റിന്റെ ഹൈടെക് ലാബ് ഈ മാസം

188 സ്‌കൂളുകളില്‍ കൈറ്റിന്റെ ഹൈടെക് ലാബ് ഈ മാസം

Thursday August 31, 2017,

1 min Read

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ - എയിഡഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലും ഹൈടെക് ക്ലാസ്‌റൂം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 4775 സ്‌കൂളുകളില്‍ ഐടി ലാബുകള്‍ സ്ഥാപിക്കാനും 45000 ക്ലാസ്മുറികളെ ഹൈടെക്കാക്കാനും 493.5 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 9448 സര്‍ക്കാര്‍ എയിഡഡ് പ്രൈമറി-അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പൈലറ്റ് വിന്യാസം 188 സ്‌കൂളുകളിലും 14 ഡയറ്റുകളിലും ഉള്‍പ്പെടെ 202 ഇടത്ത് ഈ മാസം പൂര്‍ത്തിയാകുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.

image


 കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്- ഐടി@സ്‌കൂള്‍ പ്രോജക്ട്) ആണ് പൈലറ്റ് വിന്യാസം നടത്തുന്നത്. 1558 ലാപ്ടോപ്പുകളും 641 മള്‍ട്ടിമീഡിയ പ്രോജക്ടറുകളുടെയും വിന്യാസം 26ന് പൂര്‍ത്തിയാക്കും. പ്രൈമറി സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, കളിപ്പെട്ടി-ഇ@വിദ്യ എന്ന പേരില്‍ ഐടി പാഠപുസ്തകം, അദ്ധ്യാപകര്‍ക്കുള്ള ഐ.സി.ടി പരിശീലനം, സമഗ്ര റിസോഴ്‌സ് പോര്‍ട്ടല്‍, ഡിജിറ്റല്‍ ഉള്ളടക്കം, സ്‌കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പ്രൈമറി തലത്തിലെ ഐ.സി.ടി പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനായി എല്ലാ ജില്ലകളിലേയും ഡയറ്റുകളില്‍ സംവിധാനം ഏര്‍പ്പെടുത്തും. ഹൈടെക് ലാബിന്റെ പൈലറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ പ്രത്യേക പരിശീലനവും ഉള്ളടക്ക വിന്യാസവും നടത്തും. ഇതിന്റെ തുടര്‍ച്ചയായി 9260 പ്രൈമറി-അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിന് വിശദ പ്രോജക്ട് റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.