ധീരതയുടെ പ്രതീകമായി പെമ്പ

0

ഏറ്റവും വലിയ അപകടത്തിന്റേയും കുതിപ്പിന്റേയും ധീരതയുടേയും 48 മണിക്കൂറുകളാണ് പ്രകൃതി അന്ന് ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയാണ് കെ2. 2008 ആഗസ്റ്റ് ഒന്നിന് കെ2 ല്‍ 8000 മീറ്ററിന് മുകളില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ അത് ഒരു സുദിനമാണെന്നാണ് കൊടുമുടിയിലേക്ക് പ്രയാണം ചെയ്ത 18 പര്‍വതാരോഹകര്‍ കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ മറിച്ചായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 18 പര്‍വ്വതാരോഹകര്‍ തങ്ങളുടെ വിജയത്തിലേക്കുള്ള വഴി അടയുകയാണെന്ന് മനസ്സിലാക്കി. ഭൂമിയിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലത്താണ് അവര്‍ നിന്നത്. തങ്ങളുടെ ലക്ഷ്യത്തിലേക്കെത്താന്‍ നിമിഷങ്ങള്‍ മാത്രമാണ് അവര്‍ക്ക് ബാക്കിയുണ്ടായിരുന്നത്. അവരുടെ പ്രതീക്ഷയും ആത്മവിശ്വാസവും തകര്‍ത്തുകൊണ്ട് ഒരു ഹിമ പ്രവാഹം അവരുടെ നേര്‍ക്കെത്തി. മലമുകളില്‍ നിന്ന് മഞ്ഞുകട്ടകള്‍ താഴേക്ക് വന്നുകൊണ്ടിരുന്നു. ഒരു നോര്‍വീജിയന്‍ ദേശപര്യവേഷകനായ റോള്‍ഫ് ബേയേയും കൊണ്ടാണ് അത് പോയത്. 18 പര്‍വ്വതാരോഹകരില്‍ 11 പേരും മരിച്ചു. ഇത് നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആ സംഭവത്തെക്കുറിച്ച് വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. കാരണം ഏറ്റവും അനുയോജ്യമായ കാലാവസ്ഥയായിരുന്നു അന്ന്. എന്നിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ചിലര്‍ അവിടെത്തന്നെ ഓര്‍മ്മയായി. ചിലര്‍ ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെട്ടു. എന്നാല്‍ അപകടത്തില്‍ രക്ഷപ്പെടുകയും മറ്റുള്ളവരുടെ ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്ത് പെമ്പ ഗ്യാല്‍ജെ ഷെര്‍പ്പ

ധീരതയുടെ പ്രതീകമായി. നേപ്പാളിലെ പങ്‌ഖോമ എന്ന ഗ്രാമത്തിലാണ് പെമ്പ ജനിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 3000 മീറ്ററിന് മുകളിലുള്ള ഒരു ഗ്രാമമായിരുന്നു അത്. മാത്രമല്ല എവറസ്റ്റല്‍ നിന്നും 50 കിലോ മീറ്റര്‍ തെക്കും. പെമ്പ പര്‍വ്വതങ്ങളുടെ ഇടയിലാണ് വളര്‍ന്നത്. '16 വയസ്സുമുതലാണ് ഞാന്‍ പര്‍വ്വതാരോഹണം തുടങ്ങിയത്.' പെമ്പ പറയുന്നു. ഇതിന് പുറമെ തന്റെ കുടുംബത്തെ കൃഷിയില്‍ സഹായിക്കുമായിരുന്നു. താന്‍ ഒരു സാധാരണ കര്‍ഷകന്റെ ജീവിതമാണ് നയിച്ചിരുന്നതെന്ന് പെമ്പ പറയുന്നു. തന്റെ അച്ഛന്റെ കൂടെയാണ് പര്‍വ്വതങ്ങളുടെ മുകളില്‍ കയറിയിരുന്നത്. വൈകാതെ അതിലുള്ള താത്പര്യം പെമ്പ തിരിച്ചരിഞ്ഞു. പിന്നീട്‌നല്ലൊരു പര്‍വ്വതാരോഹക ആകാനുള്ള പരിശ്രമത്തിലായിരുന്നു. നേപ്പാളിലെ പല കൊടുമുടുകളും കയറി പരിശീലിച്ചു. ഫ്രാന്‍സിലെ ചമോണിക്‌സില്‍ നിന്നാണ് പെമ്പ ആധുനിക വിദ്യകള്‍ പഠിച്ചത്.

പെമ്പ ഏഴ് തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്. പിന്നെ കെ2, പോഓയോ, അമാ ദബ്ലം തുടങ്ങി 6000 മീറ്ററിന് മുകളിലുള്ള പല കൊടുമുടികളും കയറിയിട്ടുണ്ട്. ഇന്ന് എല്ലാ മാധ്യമങ്ങളും 'അപായ മേഖലയിലെ കടുവ' എന്നാണ് പെമ്പയെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ക്ലൈബിംങ് ഇന്‍സ്ട്രക്ടറായും മൗണ്ടന്‍ ഗൈഡായും പ്രവര്‍ത്തിച്ചുവരുന്നു. 2008ല്‍ നോറിറ്റ് എക്‌സ്‌പെടിഷന്‍ സംഘത്തിന്റെ കൂടെയാണ് പെമ്പ കെ2 വിലേക്ക് പോയത്. അവര്‍ കൊടുമുടിയുടെ ഏറ്റവും മുകളില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങി. അവര്‍ അവിടെ അകപ്പെട്ടുപോയി. കൂടെയുള്ളവര്‍ അത് വകവക്കാതെ വീണ്ടു കയറാന്‍ തുടങ്ങി. എന്നാല്‍ അപകടം ക്ഷണിച്ച് വരുത്താന്‍ പെമ്പ തയ്യാറായില്ല. അദ്ദേഹം പുലര്‍ച്ചെ ഒരു മണിക്ക് ഒരു ക്യാമ്പില്‍ അഭയം തേടി.

അടുത്ത ദിവസം പര്‍വ്വതാരോഹണ ചരിത്രത്തിലെ കടുത്ത ദിനമായിരുന്നു. മഞ്ഞുകട്ടകള്‍ വന്‍തോതില്‍ താഴേക്ക് വരാന്‍ തുടങ്ങി. മുകളിലേക്ക് പോയവര്‍ അപകടത്തില്‍പ്പെട്ടതായി പെമ്പക്ക് സൂചന ലഭിച്ചു. എങ്ങനെയും അവരെ രക്ഷിക്കണം എന്ന് അദ്ദേഹം മനസ്സില്‍ ഉറപ്പിച്ചു. എന്തെങ്കിലും ചെയ്യണമെങ്കില്‍ പെട്ടെന്നാകണമെന്ന് തീരുമാനിച്ചു. കൊണ്‍ഫോര്‍ട്ടോള എന്ന ഇറ്റലിക്കാരന്‍ പാതിവഴിയില്‍ അപകടത്തില്‍പ്പെട്ടതായി റോഡിയോ വഴി അറിയാന്‍ സാധിച്ചു. അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ച് മുകളിലേക്ക് കയറി. പാതിവഴിയില്‍ എത്തിയപ്പോള്‍ ഒന്ന് ഇരിക്കാന്‍ തോന്നിയെങ്കിലും ഇരുന്നില്ല. എന്നാല്‍ കോണ്‍ഫോര്‍ട്ടോളയെ എങ്ങനെയും രക്ഷിച്ച് സുരക്ഷിതമായ ക്യാമ്പില്‍ എത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

അദ്ദേഹം വളരെ പെട്ടന്ന് തന്നെ ആ ഇറ്റലിക്കാരനെ കണ്ടെത്തി. അയാള്‍ വളരെയധികം അവശനായിരുന്നു. പെമ്പ അയാള്‍ക്ക് ഓക്‌സിജന്‍ നല്‍കി സുരക്ഷിതമായ സ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ആ സമയത്ത് മറ്റുള്ളവരുമായി ബന്ധപ്പെട്ടപ്പോഴാണ് ദക്ഷിണകൊറിയന്‍ കയറ്റക്കാരെ രക്ഷപ്പെടുത്തി കുറച്ചുപേര്‍ അവിടെ നില്‍ക്കുന്നതായി അറിഞ്ഞത്. പെട്ടെന്ന് വലിയ ശബ്ദത്തോടെ ഒരു മഞ്ഞുകട്ട താഴേക്ക് വന്നു. പെമ്പക്ക് മറ്റുള്ളവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ പെമ്പ ക്യാമ്പിലേക്ക് തിരിച്ചുവന്നു. തിരിച്ചുവന്ന ഉടന്‍ തന്നെ വില്‍ക്കോയെ അന്വേഷിച്ച് പെമ്പ ഇറങ്ങി. അയാള്‍ മരിച്ചു എന്നാണ് എല്ലാവരും കരുതിയത്. കാരണം അപായമേലയില്‍ വെള്ളം പോലും കിട്ടാനില്ലായിരുന്നു. എന്നാല്‍ ആ രാത്രി അയാള്‍ അതിജീവിച്ചു. പിന്നീട് അയാളുടെ സാറ്റലൈറ്റ് ഫോണ്‍ വഴി അയാളെ കണ്ടെത്തി. പെമ്പയും മറ്റൊരു സംഘത്തിലെ ലീഡറായ കാസ് വാന്‍ ഡി ഗെവലും ചേര്‍ന്ന് റുയിജന്‍ എന്നയാളെ അന്വേഷിച്ചിറങ്ങി. 'ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. വില്‍ക്കോ ജീവനോടെ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഒരു ബെയ്‌സ് ക്യാമ്പില്‍ നിന്ന് ഒരു മഞ്ഞ നിറ്ത്തില്‍ എന്തോ അനങ്ങുന്നതുപോലെ തോന്നിയതായി റേഡിയോ വഴി അറിഞ്ഞു. അങ്ങനെ ഞാനും കാസും കൂടി ഇറങ്ങിത്തിരിച്ചു. ഞങ്ങള്‍ കൊടുമുടിയില്‍ നിന്ന് താഴേക്ക് ഇറങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ കാസ് ക്ഷീണിതനായി. മാത്രമല്ല നല്ല ഇരുട്ടുമായിരുന്നു. തനിക്ക് വേഗത്തില്‍ വരാന്‍ കഴിയുന്നില്ലെന്ന കാസ് പറഞ്ഞു. അദ്ദേഹത്തോട് പതുക്കെ വരാന്‍ പറഞ്ഞിട്ട് എനിനിക്ക് കഴിയുന്നതും വേഗത്തില്‍ വില്‍ക്കോയെകണ്ടുപിടിക്കാന്‍ ശ്രമിച്ചു.' പെമ്പ പറയുന്നു.

200 മീറ്റര്‍ അകലെ ഒരു സാറ്റലൈറ്റ് ഫോണ്‍ റിങ് ചെയ്യുന്നത് ഞാന്‍ കേട്ടു. എന്നാല്‍ എനിക്ക് അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. 'പിന്നീട് ഒരു റേഡിയോ സന്ദേശം വഴിയാണ് ഒരു അനക്കം എവിടെയോ കണ്ടതായി വിവരം ലഭിച്ചത്.' സമയം ഒട്ടും പാഴാക്കാതെ പെമ്പയും കാസും ചേര്‍ന്ന് വീണ്ടും ഇറങ്ങിത്തിരിച്ചു. 'അവസാനം ഞങ്ങള്‍ അദ്ദേഹത്തെ കണ്ടെത്തി.' പിന്നീട് രുയിജെന്നിനേയും.

കെ2 പോലുള്ള കൊടുമുടി കയറാന്‍ ഒരുപാട് ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. പെമ്പ പറയുന്നു. ഒരു ചെറിയ പിഴവ് മതി വലി ഒരു അപകടത്തിലേക്ക് നിങ്ങളെ നയിക്കാന്‍. 'ഞാന്‍ മാനസികമായും ശാരീരികമായും ശക്തനാകാന്‍ ഒരുപാട് ഒരുക്കങ്ങല്‍ നടത്തി. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു.' പെമ്പ പറയുന്നു.

ഇത്രയും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടും തന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താത്തതിനെ കുറിച്ച് പെമ്പ ഇങ്ങനെ പറയുന്നു. 'എനിക്കറിയില്ല എന്തുകൊണ്ടാണ് ഞാന്‍ പിന്മാറാത്തതെന്ന്. അപകടം നിറഞ്ഞ പണിയാണ് ചെയ്യുന്നതെന്ന് നന്നായി അറിയാം. എന്തായാലും ഇതില്‍ നിന്ന് പിന്മാറാന്‍ മനസ്സ് അനുവദിക്കുന്നില്ല.' അപകടം കഴിഞ്ഞ് അടുത്ത സീസണില്‍ തന്നെ പെമ്പ കൊടുമുടി വീണ്ടും കയറാന്‍ തുടങ്ങി. പര്‍വ്വതങ്ങള്‍ എന്നും പെമ്പയുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. തനിക്ക് സ്‌കൂളിലേക്ക് പോകാന്‍ 300 മീറ്റര്‍ കയറേണ്ടി വന്നിരുന്നു. 20 വര്‍ഷമായി പര്‍വ്വതങ്ങളുടെ ഇടയില്‍ പെമ്പ ജീവിക്കുന്നു. ഓരോ സമയവും പര്‍വ്വതങ്ങള്‍ തനിക്ക് പുതിയ പാഠങ്ങളാണ് നല്‍കുന്നതെന്ന് പെമ്പ പറയുന്നു. 'ഇന്നത്തെ അവസ്ഥയെ കുറിച്ച് പറയുമ്പോള്‍ കൊടുമുടി കയറുന്നത് വാണിജ്യ വത്കരിക്കുകയാണ്. എന്റെ നാട്ടുകാര്‍ക്ക് ഇത് വളരെ ഗുണകരമാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങളുടെ സുരക്ഷയാണ് ഏറ്റവും വലുത്. ഇത് ചെയ്യുന്നതിന് മുമ്പ് മുന്നൊരുക്കം വളരെ അത്യാവശ്യമാണ്. ഒരു പരിശീലനവും ഇല്ലാത്തവര്‍ ഇതിലേക്ക് വരുന്നത് വളരെ അപകടമാണ്.'

2009 ല്‍ യു.ഐ.എ.ജി. എം പെമ്പയെ അന്താരാഷ്ട്ര മൗണ്ടണ്‍ ഗൈഡായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇപ്പോള്‍ ഹിമാലയത്തില്‍ ആരോഗ്യകരമായ ഒരു പര്‍വ്വതാരോഹണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് പെമ്പ. മറ്റ് പര്‍വ്വതാരാഹകരോട് പെമ്പക്ക് പറയാനുള്ളത് ഇതാണ്. 'നല്ല മുന്നൊരുക്കവും പരിശാലനവും പിന്നെ മനസ്സും ശരീരവും നിങ്ങളുടെ കൂടെ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ് പര്‍വ്വതാരോഹണം.