നോട്ട് പിന്‍വലിക്കലിന് പിന്നിലെ പ്രേരക ശക്തി ആര് ? 

0

2014 ജനുവരിയില്‍ അന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയിരുന്ന നരേന്ദ്ര മോഡിയോടു മഹാരാഷ്ട്രയിലെ "അര്‍ത്ഥക്രാന്തി സൻസ്ഥാൻ " എന്ന സംഘടനയുടെ വക്താവായ അനില്‍ ബോക്കില്‍ ഒരു കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരുന്ന മോഡിജി അദ്ദേഹത്തിന് 9 മിനിറ്റ് സമയം അനുവദിച്ചു. കേവലം 9 മിനിറ്റ് നീണ്ടു നില്‍ക്കേണ്ട ആ കൂടിക്കാഴ്ച അവസാനിച്ചത്‌ 2 മണിക്കൂറുകള്‍ക്കു ശേഷം !

അന്ന് അനില്‍ ബോക്കില്‍ മുന്നോട്ടു വച്ച ആശയം ഇന്ന് "അര്‍ത്ഥക്രാന്തി ഉപക്ഷേപം" എന്ന് അറിയപ്പെടുന്നു.

അര്‍ത്ഥക്രാന്തി ഉപക്ഷേപം:

എന്താണ് അര്‍ത്ഥക്രാന്തി ഉപക്ഷേപം? ആരാണ് ഈ ആശയം മുന്നോട്ട് വച്ചത് ?

അര്‍ത്ഥക്രാന്തി ഉപക്ഷേപം എന്ന ആശയം മുന്നോട്ട് വച്ചത് മഹാരാഷ്ട്രയിലെ പുനെ ആസ്ഥാനമായുള്ള അര്‍ത്ഥക്രാന്തി സൻസ്ഥാൻ എന്ന സാമൂഹിക സംഘടനയാണ്. ഈ സംഘടന രൂപീകരിച്ചത് ശ്രീ അനില്‍ ബോക്കിലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ചാർട്ടേഡ് അക്കൗണ്ടന്റുമാരും എഞ്ചിനീയര്‍മാരും ചേര്‍ന്നാണ്.

അര്‍ത്ഥക്രാന്തി ഉപക്ഷേപം നടപ്പില്‍ വരുത്തുകയാണെങ്കില്‍ കള്ളപ്പണം ഉണ്ടാകുന്നതു തടയുന്നത് കൂടാതെ, വിലക്കയറ്റം, പണപ്പെരുപ്പം, അഴിമതി, സാമ്പത്തിക കമ്മി, തൊഴില്‍ ഇല്ലായ്മ, പണത്തിനു വേണ്ടി ഉള്ള തട്ടിക്കൊണ്ടു പോക്ക്, മറ്റു കുറ്റകൃത്യങ്ങള്‍, ഭീകരവാദം, എന്നിവയ്ക്ക് ശാശ്വതമായ പരിഹാരം ഗാരൻറ്റീ ചെയ്യുന്നു. കൂടാതെ വ്യാവസായിക വളര്‍ച്ച, മികച്ച ഭരണ നേട്ടങ്ങള്‍ എന്നിവയും ഉറപ്പു നൽകുന്നു.

എന്താണ് ഈ ഉപക്ഷേപം മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ എന്ന് നോക്കാം.

താഴെ പറയുന്ന അഞ്ചു നിര്‍ദേശങ്ങള്‍ ഒരേ സമയം നടപ്പില്‍ ആക്കേണ്ടി വരും:

1) ആദായ നികുതി ഉൾപ്പെടെ എല്ലാ 56 നികുതികളും റദ്ദു ചെയ്യുക, ഇറക്കുമതി തീരുവ ഒഴികെ.

2) ഉയര്‍ന്ന ഡിനോമിനേശനുകളായ 1000, 500, 100 രൂപാ എന്നീ നോട്ടുകള്‍ റദ്ദ് ചെയ്യുകയും, അവ തിരികെ റിസേര്‍വ് ബാങ്കില്‍ എത്തിച്ചു നശിപ്പിച്ചു കളയുകയും ചെയ്യുക.

3) എല്ലാ ഉയര്‍ന്ന മൂല്യം ഉള്ള സാമ്പത്തിക ഇടപാടുകളും ചെക്ക്‌, ഡിഡി, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍, ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ മുഖേന ബാങ്കുകള്‍ വഴി ആക്കുക.

4) കറന്‍സി നോട്ടുകള്‍ വഴി ഉള്ള ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുകയും ഇങ്ങനെ ചെയ്യുന്ന ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുതാതിരിക്കുകയും ചെയ്യുക.

5) സര്‍ക്കാരിലേക്ക് അടക്കാനുള്ള തുകകള്‍ എകീകൃത നികുതി സംവിധാനം ഏര്‍പ്പെടുത്തി അത് വഴി സമാഹരിക്കണം. ബാങ്കിംഗ് transaction tax (BTT) 2 ശതമാനത്തിനും ദശാംശം 7 (0.7%) ശതമാനത്തിനും ഇടയില്‍ ആയിരിക്കുകയും വേണം. മേല്‍പ്പറഞ്ഞ BTT പരിധി ക്രെഡിറ്റ്‌ ആകുന്ന തുകക്ക് മാത്രം ആയിരിക്കണം.

പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

1) ഇന്നത്തെ നിലയില്‍ ഒരു ദിവസം ബാങ്കുകള്‍ വഴി ഉള്ള പണമിടപാടുകള്‍ ഏതാണ്ട് 2.7 ലക്ഷം കോടി രൂപയാണ്. ഒരു വര്ഷം ഏകദേശം 800 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ ബാങ്കുകള്‍ വഴി മാത്രം നടക്കുന്നു.

2) രാജ്യത്തു നടക്കുന്ന പണമിടപാടുകളില്‍ വെറും 20 ശതമാനം മാത്രം ആണ് ബാങ്കുകള്‍ വഴി നടക്കുന്നത്. ബാക്കി 80 ശതമാനവും കറന്‍സി നോട്ടുകള്‍ വഴി വ്യക്തികള്‍ തമ്മില്‍. ഈ ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനോ പണത്തിന്റെ സ്രോതസ്സ് കണ്ടു പിടിക്കാനോ നിലവില്‍ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ല.

3) ഏകദേശം 78% ഇന്ത്യന്‍ കുടുംബങ്ങള്‍ ഒരു ദിവസം ചിലവാക്കുന്നത് 50 രൂപയില്‍ താഴെ ആയിരിക്കെ, അവര്‍ക്ക് എന്തിനാണ് 1000 രൂപാ നോട്ടുകള്‍ ?

ഇനി, ആദായ നികുതി ഉള്‍പ്പെടെ എല്ലാ 56 നികുതികളും നിർത്തലാക്കിയാല്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാം :

1) മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പണം വീട്ടിലേക്കു കൊണ്ട് പോകാന്‍ സാധിക്കുന്നു. അവരുടെ purchasing power കൂടുന്നു.

2) എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും, പെട്രോള്‍, ഡീസല്‍, മറ്റു കാന്‍സ്യുമര്‍ ഐറ്റംസ് എന്നിവയുടെ വില 35% മുതല്‍ 52% വരെ കുറയും.

3) നികുതി വെട്ടിപ്പിന്റെ ചോദ്യം തന്നെ ഉദിക്കാത്തതിനാല്‍ കള്ളപ്പണം ഉണ്ടാകുന്നില്ല.

4) ബിസിനസ്‌ സെക്ടര്‍ വളരും, അത് വഴി കൂടുതല്‍ തൊഴില്‍ ശാലകളും തൊഴില്‍ അവസരങ്ങളും.

1000, 500, 100 രൂപാ നോട്ടുകള്‍ പിന്‍വലിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാം :

1) കറന്‍സി നോട്ടുകള്‍ വഴി ഉള്ള കൈക്കൂലി 100 ശതമാനം നിലയ്ക്കും.

2) നിലവില്‍ കള്ളപ്പണം കൈവശം വെച്ചിട്ടുള്ളവര്‍ അത് നിയമപരമായി നികുതിയോ പിഴയോ സര്‍ക്കാരിലേക്ക് അടച്ച് വെളുപ്പിക്കുകയോ അല്ലാത്ത പക്ഷം ആയിരക്കണക്കിന് കോടി രൂപയുടെ 1000, 500, 100 രൂപാ നോട്ടുകള്‍ ചാക്കുകെട്ടുകളില്‍ ഇരുന്നു പേപ്പര്‍ വില പോലും ഇല്ലാതെ ദ്രവിച്ചു നശിക്കും.

3) കണക്കില്ലാത്ത കള്ളപ്പണം കാരണം മാനം മുട്ടെ ഉയര്‍ന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഭൂമി, വീടുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ ; ഇത് കാരണം കഷ്ടപ്പെട്ട് നികുതി അടച്ച് പണം ഉണ്ടാക്കുന്നവന് പണത്തിനു മൂല്യം ഇല്ലാത്ത അവസ്ഥ, ഈ പ്രതിഭാസം ഉടനടി നിലയ്ക്കും.

4) പണത്തിനു വേണ്ടി വ്യക്തികളെ തട്ടിക്കൊണ്ടു പോകല്‍, വാടകക്കൊല, മറ്റു കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ നിലയ്ക്കും.

5) തീവ്രവാദം വളര്‍ത്താന്‍ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ വരും.

6) പ്രമാണത്തില്‍ വില കുറച്ചു കാണിച്ച് റിയല്‍ എസ്റ്റേറ്റ്‌ തട്ടിപ്പ് നടത്തുന്ന പ്രവണത നിലയ്ക്കും.

7) കള്ളനോട്ട് നിര്‍മ്മാണവും വിതരണവും നിലയ്ക്കും. കാരണം ചെറിയ നോട്ടുകള്‍ നിര്‍മിക്കാന്‍ ചെലവ് കൂടുതല്‍ ആയതു കൊണ്ട്.

2% മുതല്‍ 0.7% ബാങ്കിംഗ് transaction tax (BTT ) അഥവാ ബാങ്ക് ഇടപാട് നികുതി ഏര്‍പ്പെടുത്തിയാല്‍ എന്ത് സംഭവിക്കും എന്ന് നോക്കാം :

1) ഇന്നത്തെ നിലക്ക് BTT ഏര്‍പ്പെടുത്തിയാല്‍ സര്‍ക്കാരിനു 800 കോടി x 2% = 16 ലക്ഷം കോടി വരുമാനം ലഭിക്കും. നിലവിലെ നികുതി വരുമാനം 14 ലക്ഷം കോടി മാത്രം.

2) നിലവില്‍ ഉള്ള നികുതി വകുപ്പുകളുടെ ആവശ്യം തുടർന്ന് ഇല്ലാതെ വരും. എല്ലാ നികുതി വരുമാനവും യഥാക്രമം ജില്ലാ/ സംസ്ഥാന / കേന്ദ്ര സര്‍ക്കാര്‍ അക്കൗണ്ടുകളിലേക്ക് സ്വമേധയാ ട്രാന്‍സ്ഫര്‍ ആകും.

3) BTT വളരെ ചെറിയ ശതമാനം ആയതു കൊണ്ട് പൊതുജനം നേരിട്ടും അല്ലാതെയും ഉള്ള മറ്റു 56 ഇനം നികുതികളെക്കാളും ഇഷ്ടപ്പെടുക പുതിയ നികുതി വ്യവസ്ഥ ആയിരിക്കും.

4) രാജ്യത്തിൻറെ മൊത്തം പണമിടപാടിന്റെ 50% (അതായത് ഏകദേശം 2000 - 2500 ലക്ഷം കോടി രൂപ) BTTക്ക് വിധേയം ആകുന്നതോടുകൂടി സര്‍ക്കാര്‍ BTT ശതമാനം 1% മുതല്‍ 0.7% വരെ ആക്കി കുറക്കണം. ഇത് തന്നെ രാജ്യത്തെ ബാങ്കിംഗ് സംവിധാനം വന്‍ തോതില്‍ വളരുന്നതിന് കാരണം ആകും.

5) നികുതി വെട്ടിപ്പ് നിലയ്ക്കും എന്നത് മാത്രം അല്ല, സര്‍ക്കാരിനു വന്‍തോതില്‍ വരുമാനം ലഭിക്കുകയും, വികസന പദ്ധതികള്‍ക്കായി വന്‍ തുകകള്‍ ചിലവഴിക്കാന്‍ സാധിക്കുകയും ചെയ്യും. ഇത് വഴി അനവധി പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

6) ഭാവിയില്‍ അഥവാ എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ക്കായി അധിക വരുമാനം വേണ്ടി വന്നാല്‍ BTT ശതമാനം നിസ്സാരമായി (0.2 ശതമാനമോ മറ്റോ) കൂട്ടിയാല്‍ തന്നെ 4 ലക്ഷം കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.

അര്‍ത്ഥക്രാന്തിയുടെ നിർദ്ദേശങ്ങൾ ഉടനടി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ :

1) എല്ലാ വിധ സാധന സാമഗ്രികളുടെയും വില കുറയും.

2) മാസശമ്പളം വാങ്ങുന്നവരുടെ കയ്യില്‍ കൂടുതല്‍ ധന ലഭ്യത.

3) എല്ലാ ജനവിഭാഗങ്ങളുടെയും purchasing പവര്‍ കൂടുന്നു.

4) എല്ലാ വസ്തുക്കളുടെയും ഉപയോഗം കൂടുന്നത് കൊണ്ട് കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കൂടുതല്‍ ഫാക്ടറികള്‍, അതിലൂടെ കൂടുതല്‍ യുവജനങ്ങള്‍ക്ക്‌ തൊഴില്‍.

5) അധിക വരുമാനം ലഭിക്കുന്ന സര്‍ക്കാരിനു കൂടുതല്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികള്‍, മികച്ച അന്താരാഷ്ട്ര നിലവാരമുള്ള യാത്രാ സൌകര്യങ്ങള്‍, സാമൂഹികസുരക്ഷിതത്വ പദ്ധതികൾ, പോലീസ് സേന എന്നിവ നടപ്പിൽ വരുത്തുവാൻ സാധിക്കുന്നു.

6 ) എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ബാങ്ക് ലോണുകള്‍ ലഭ്യമാക്കുവാൻ സാധിക്കുന്നു.

7) ഞെരുക്കത്തിന്റെയും ക്ഷാമത്തിന്റെയും ഇന്നത്തെ അവസ്ഥയിൽനിന്നും നിന്നും തികഞ്ഞ ലഭ്യതയിലേക്ക് സമൂഹം മാറും.

8) അഴിമതി മുക്തമായ രാഷ്ട്രീയ സംവിധാനം.

9) റിയല്‍ എസ്റ്റേറ്റ്‌ വസ്തുക്കളുടെ വില കുറയും.

10 ) ഗവേഷണങ്ങള്‍ നടത്താന്‍ കൂടുതല്‍ പണം.

11) കുറ്റവാളികളും കുറ്റകൃത്യങ്ങളും കുറഞ്ഞ കൂടുതല്‍ മെച്ചപ്പെട്ട സമൂഹം.

പ്രിയ സഹോദരങ്ങളേ

മേൽപ്പറഞ്ഞ സൌഭാഗ്യങ്ങൾ നമുക്കേവർക്കും അനുഭവിക്കണ്ടേ? അർത്ഥക്രാന്തി പദ്ധതിയുടെ നന്മ ലഭിക്കാത്ത ഒരു വിഭാഗവും നമ്മുടെ ഇടയിൽ ഇല്ല. ഇത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണെന്ന് മനസ്സിലാക്കുകയും അതിനുവേണ്ടി നാം ഓരോരുത്തരും യത്നിച്ച് നേടിയെടുക്കുകയും വേണമെന്ന് മനസ്സിലാക്കണം. ഈ ആശയത്തിന്റെ പ്രചാരണത്തിന് നാമെല്ലാം അണിചേരണം. നമ്മൾ ഇതിനു വേണ്ടി പൊരുതുകയും രാഷ്ട്രീയ സമ്മർദം ചിലത്തുകയും ചെയ്‌താൽ മാത്രമേ നമുക്കിത് നേടുവാൻ കഴിയൂ.

ഈ ആശയത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ www.arthakranti.org സന്ദർശിക്കുക.