ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളും മാതാപിതാക്കളും സി.ഡി.സി.യില്‍ ഒത്തുകൂടി

ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളും മാതാപിതാക്കളും സി.ഡി.സി.യില്‍ ഒത്തുകൂടി

Thursday March 30, 2017,

1 min Read

ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ഒത്തുകൂടി. മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് നൂറോളജി വിഭാഗവും ചൈല്‍ഡ് ഡെവലെപ്‌മെന്റ് സെന്ററും ഐ.എ.പി. പീഡിയാട്രിക് നൂറോളജി കേരള ചാപ്റ്റര്‍, ഐ.എ.പി. തിരുവനന്തപുരം ബ്രാഞ്ച് എന്നിവയുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

image


ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, അവരെ മുഖ്യധാരയില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന മാര്‍ച്ച് 21ന് ലോക ഡൗണ്‍ സിന്‍ഡ്രോം ദിനമായി ആചരിക്കുന്നത്.

സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ ക്രോമസോമിനെപ്പറ്റി പഠിക്കുന്ന സി.ഡി.സി.യിലുള്ള ജനിറ്റിക് മെറ്റബോളിക് യൂണിറ്റ് വിപുലീകരിച്ച് മോളിക്കുലാര്‍ രീതിയിലാക്കുമെന്ന് ഡോ. ബാബു ജോര്‍ജ് പറഞ്ഞു. പീഡിയാട്രിക് നൂറോളജി വിഭാഗം മേധാവി ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, ഐ.എ.പി. കേരള പ്രസിഡന്റ് ഡോ. റിയാസ്, തിരുവനന്തപുരം പ്രസിഡന്റ് ഡോ. ക്രിസ്റ്റിന്‍ ഇന്ദുമതി, എസ്.എ.ടി. ആശുപത്രി ശിശുരോഗ വിഭാഗം മേധാവി ഡോ. എ. സന്തോഷ് കുമാര്‍, ഡോ. ജിസി ഷിബു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ശിശുരോഗ വിദഗ്ധര്‍ക്കായി തുടര്‍ വിദ്യാഭ്യാസ പരിപാടി, കുട്ടികളുടെ മാനസികോല്ലാസത്തിനായി വിവിധ വിനോദ പരിപാടികള്‍, രക്ഷകര്‍ത്താക്കള്‍ക്കായി അവബോധ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു.

ബുദ്ധി വൈകല്യം പ്രകടമാകുന്ന സാധാരണ അസുഖമാണ് ഡൗണ്‍ സിന്‍ഡ്രോം. ജനിതക വൈകല്യങ്ങള്‍ കൊണ്ടുണ്ടാകുന്ന ഒരവസ്ഥയാണിത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഇത് കണ്ടുപിടിക്കാവുന്നതാണ്. ഈ അസുഖത്തിന്റെ ചികിത്സാ മാനദണ്ഡങ്ങളേയും തുടര്‍ ചികിത്സയേയും പറ്റി എസ്.എ.ടി. ആശുപത്രിയിലെ അഡീ. പ്രൊഫസര്‍ ഡോ. ശങ്കര്‍ വി.എച്ച്. ശിശുരോഗ വിദഗ്ധര്‍ക്ക് ക്ലാസെടുത്തു. തുടര്‍ന്ന് സെറിബ്രെല്‍ പാള്‍സിയെക്കുറിച്ച് ചര്‍ച്ചാ ക്ലാസും നടത്തി. പീഡിയാട്രിക് നൂറോളജി വിഭാഗം മേധാവി ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, ഡോ. ജോര്‍ജ് സഖറിയ, ഡോ. പ്രവീണ്‍ ജോസ് എന്നിവര്‍ ചര്‍ച്ചാ ക്ലാസ് നയിച്ചു.